23 April Friday
തപാൽ ബാലറ്റ് 
വിതരണം 26 മുതൽ

വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ 
രാത്രി ഏഴുവരെ ; പ്രവാസികൾക്ക്‌ ഇക്കുറിയും 
തപാൽ വോട്ടില്ല

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയ 298 നക്‌സൽബാധിത ബൂത്തിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തും 433 വൾനറബിൾ ബൂത്തുമുണ്ട്. ഇവിടെ പോളിങ്‌ സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്രസേനയെയാണ് നിയോഗിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിങ്‌ ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ  ബൂത്തിലും വോട്ടർമാരുടെ താപനില പരിശോധിക്കും. താപനില കൂടുതലുള്ളവരെ മാറ്റിനിർത്തി ഒരു മണിക്കൂറിനുശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും കൂടുതലാണെങ്കിൽ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. വോട്ടർമാർ തിരിച്ചറിയുന്നതിനായി മാസ്‌ക് താഴ്‌ത്തിക്കാണിക്കണം. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്നപൗരൻമാർ,  ഭിന്നശേഷിക്കാർ എന്നിവർക്കായി വരി ഉണ്ടാകും.  ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും.

50 ശതമാനം ബൂത്തിലും വെബ്കാസ്റ്റിങ്‌ ഏർപ്പെടുത്തും.  150 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടു. ഇതിൽ 30 കമ്പനി സേന കേരളത്തിലെത്തി. പ്രശ്നബാധിത ബൂത്തിൽ കേന്ദ്രസേനയെ നിയോഗിക്കും. പൊലീസിന്‌ ബൂത്തിനു പുറത്താകും ചുമതല. മറ്റ്‌ ബൂത്തുകളിൽ ഇടകലർന്നായിരിക്കും ഡ്യൂട്ടി.

കാഴ്‌ചപരിമിതർക്കായി ബ്രെയിൽ സ്ലിപ്പ്‌ വിതരണംചെയ്യും. ഫോട്ടോ ഒഴിവാക്കിയ വോട്ടർ സ്ലിപ്പാകും വിതരണം ചെയ്യുക. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യും. അനധികൃത ഹോർഡിങ്, ബോർഡ്‌, പോസ്റ്റർ എന്നിവ നീക്കാൻ പ്രത്യേക സ്‌ക്വാഡിനെ ഏർപ്പെടുത്താൻ കലക്ടർമാർക്ക് നിർദേശം നൽകി.

പ്രവാസികൾക്ക്‌ ഇക്കുറിയും 
തപാൽ വോട്ടില്ല
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക്‌ തപാൽവോട്ട്‌ സൗകര്യം ലഭിക്കില്ലെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറ പറഞ്ഞു. ഇക്കാര്യത്തിൽ പങ്ക്‌ വഹിക്കേണ്ട എല്ലാവരുമായും വിശദമായ ആശയവിനിമയം ഇനിയും നടക്കേണ്ടതുണ്ട്‌–-അദ്ദേഹം പറഞ്ഞു.

അഞ്ച്‌ നിയമസഭയിലേ‌ക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ തപാൽ വോട്ട്‌ സംവിധാനം ഒരുക്കാൻ സാങ്കേതികമായി സജ്ജമാണെന്ന്‌ കമീഷൻ മുമ്പ്‌ പറഞ്ഞിരുന്നു.

തപാൽ ബാലറ്റ് 
വിതരണം 26 മുതൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കൽ പൂർത്തിയായി മൂന്നു ദിവസത്തിനുശേഷം തപാൽ ബാലറ്റ് വിതരണം ആരംഭിക്കും. ബാലറ്റുമായി ഉദ്യോഗസ്ഥർ എത്തുന്ന വിവരം വോട്ടറെയും സ്ഥാനാർഥിയെയും മുൻകൂട്ടി അറിയിക്കും. അവശ്യസേവന വിഭാഗത്തിലെ ആരോഗ്യം, പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, വൈദ്യുതി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, വനം വകുപ്പ്, ട്രഷറി, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസ് എന്നിവയിൽ ജോലിചെയ്യുന്നവർക്കും തപാൽ ബാലറ്റ് ലഭിക്കും.

കലാശക്കൊട്ട് സംബന്ധിച്ച് രാഷ്ട്രീയ പാർടികളുടെ അഭിപ്രായം തേടിയശേഷം തീരുമാനമെടുക്കുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ‌ രാഷ്ട്രീയ പാർടികളോട് ആവശ്യപ്പെടും. പ്രചാരണത്തിന്‌ ജാതി, -മത കാര്യങ്ങൾ ദുരുപയോഗം ചെയ്യരുത്‌. ക്രിമിനൽ കേസുകൾ പത്രിക കൊടുക്കുമ്പോൾ വെളിപ്പെടുത്തണം. പകരം സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ കഴിയാത്തതിന്റെ കാരണവും വിശദീകരിക്കണം. മൂന്നുതവണ ഇത് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കമീഷൻ സുപ്രീംകോടതിയെ അറിയിക്കും.
പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ നയപരമായ കാര്യങ്ങളിൽ സർക്കാരിന് ഉത്തരവിറക്കാൻ കഴിയില്ല. പിഎസ്‌സി ഉദ്യോഗാർഥികളുമായി സർക്കാർ നടത്തുന്ന ചർച്ച പരിശോധിക്കും. ഉത്തരവിറക്കണമെങ്കിൽ സർക്കാർ കമീഷന് വിശദീകരണം നൽകണം.

മുഴുവൻ ഉദ്യോഗസ്ഥർക്കും വാക്സിൻ
നിലവിലെ കണക്കുപ്രകാരം കേരളത്തിൽ 2,67,31,509 വോട്ടർമാരുണ്ട്‌. 1,29,52,025 പുരുഷൻമാരും 1,37,79,263 സ്ത്രീകളും 221 ട്രാൻസ്‌ജെൻഡർ വോട്ടർമാരും. 6,21,401 പേർ 80 വയസ്സ്‌ കഴിഞ്ഞവരാണ്. 90,709 പ്രവാസി വോട്ടർമാരും 1,33,000 ഭിന്നശേഷി വോട്ടർമാരുമുണ്ട്. 52,782 ബാലറ്റ് യൂണിറ്റും 49,475 കൺട്രോൾ യൂണിറ്റും 53,189 വിവിപാറ്റും കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ട്‌.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇത്തവണ കൂടുതൽ പേർ വേണ്ടിവരും. 2,30,000 പേരായിരുന്നു കഴിഞ്ഞതവണ. ഇത്തവണ 3,50,000 പേർ വേണ്ടിവരും. ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിൻ നൽകും. താൽപ്പര്യമില്ലെങ്കിൽ വാക്സിൻ എടുക്കേണ്ടതില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top