24 March Friday
കേരളത്തിന്‌ 19,662 കോടി 
യുപിക്ക്‌ 2.44 ലക്ഷം കോടി

കേരളം പുറത്ത് ; സംസ്ഥാനങ്ങൾക്ക്‌ 
അർഹമായ 
വിഹിതം 
നൽകുന്നില്ല

ദിനേശ്‌ വർമUpdated: Wednesday Feb 1, 2023


തിരുവനന്തപുരം
പ്രതീക്ഷകളെ അസ്ഥാനത്താക്കി കേരളത്തിന്‌ കേന്ദ്ര ബജറ്റിൽ അവഗണന.  തെരഞ്ഞെടുപ്പ്‌ ബജറ്റായതിനാൽ കേരളത്തിന്‌ ഏതെങ്കിലും വിധത്തിലുള്ള സഹായമുണ്ടാകുമെന്നായിരുന്നു  കക്ഷി രാഷ്‌ട്രീയ ഭേദമന്യേ പ്രതീക്ഷ. കടമെടുപ്പ്‌ പരിധി ഉയർത്തൽ, വിഹിതം വർധിപ്പിക്കൽ, സിൽവർ ലൈൻ, എയിംസ്‌, ശബരി പാത, വിവിധ റെയിൽ ടെർമിനലുകളുടെ വികസനം, കോച്ച്‌ ഫാക്ടറി, പുതിയ പാതകൾ, പുതിയ ട്രെയിനുകൾ തുടങ്ങി കേരളം ആവശ്യപ്പെട്ട ഒന്നിനോടും കേന്ദ്രബജറ്റിൽ അനുകൂലമായ പ്രതികരണമുണ്ടായില്ല. 

ആദികേശവനടക്കമുള്ള സാമ്പത്തിക വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌ അർഹമായ പരിഗണന സംസ്ഥാനത്തിന്‌ ലഭിച്ചിട്ടില്ലെന്നു തന്നെയാണ്‌. ധനകാര്യ കമീഷൻ നടത്തിയ വിഭജനത്തിലടക്കം നീതിപൂർവമായ ഇടപെടലില്ലെന്നാണ്‌ കാലങ്ങളായുള്ള അനുഭവം. കേരളത്തിന്റെ പുരോഗമന രാഷ്‌ട്രീയ–-സാമൂഹ്യ പശ്ചാത്തലത്തിൽ നേടിയ വികസനം കണക്കിലെടുക്കാതെയുള്ള വിഭജനം വൻ നഷ്ടമാണുണ്ടാക്കുന്നത്‌. വികസിത സമൂഹത്തേയും അല്ലാത്തവയേയും ഒരേ മാനദണ്ഡം വച്ച്‌ അളന്ന്‌ വിഹിതം നിശ്ചയിക്കുന്നതിലുള്ള അപാകത മൂലമാണിത്‌. കടക്കെണിയെ കുറിച്ച്‌ വിളിച്ച്‌ കൂകുന്നതും യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലല്ല. കേന്ദ്രം എടുത്ത കടത്തേക്കാൾ താഴ്‌ന്ന നിലയിൽ തന്നെയാണ്‌ സംസ്ഥാനങ്ങളുടെ സ്ഥിതിയെന്ന കണക്കുകൾ വന്നു കഴിഞ്ഞു.

സിൽവർ ലൈനിനോടുള്ള രാഷ്‌ട്രീയ എതിർപ്പാണെങ്കിൽ പകരം സംവിധാനം ഉണ്ടാക്കാൻ റെയിൽവേക്ക്‌ ഉത്തരവാദിത്വമുണ്ട്‌. കേരളം പകുതി ചെലവ്‌ വഹിച്ചോളാം എന്ന്‌ പറഞ്ഞിട്ടും ശബരിപാതയോട്‌ കാണിക്കുന്ന അനാസ്ഥ ചെറുതല്ല. പ്രഖ്യാപിച്ച ട്രെയിനുകളും യാഥാർഥ്യമാക്കിയിട്ടില്ല. തത്വത്തിൽ അനുമതി നൽകിയ പദ്ധതിയാണ്‌ എയിംസ്‌. അനുമതി പ്രതീക്ഷിച്ച്‌ കേരള സർക്കാർ എല്ലാ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു.

മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ഏറ്റവും രൂക്ഷമായ കാലയളവാണിത്‌. ഇത്‌ പരിഹരിക്കാനാവശ്യമായ പ്രത്യേക ധനസഹായം കേരളം എത്രയോ നേരത്തെ ആവശ്യപ്പെട്ടതാണ്‌. ഏറ്റവും മികച്ച രീതിയിൽ കേരളം പ്രയോജനപ്പെടുത്തുന്ന തൊഴിലുറപ്പ്‌, ആരോഗ്യം എന്നീമേഖലകളിൽ തുക വെട്ടിക്കുറച്ചതും ദോഷകരമാകും.

കേരളത്തിന്‌ 19,662 കോടി 
യുപിക്ക്‌ 2.44 ലക്ഷം കോടി
കേന്ദ്ര നികുതി വിഹിതമായി 2023–-24 വർഷത്തിൽ കേരളത്തിന്‌ ലഭിക്കുക 19,662.88 കോടി രൂപ. പതിനഞ്ചാം ധനകമീഷൻ ശുപാർശപ്രകാരം കേന്ദ്രം സമാഹരിക്കുന്ന ആകെ നികുതിയുടെ 1.925 ശതമാനം മാത്രമാണ്‌ കേരളത്തിന്‌ ലഭിക്കുന്നത്‌. പത്താം ധനകമീഷന്റെ കാലത്ത്‌ 3.875 ശതമാനം ലഭിച്ചു. സംസ്ഥാനങ്ങളുടെ ആകെ കേന്ദ്രവിഹിതം 42 ശതമാനമായിരുന്നത്‌ 41 ശതമാനമായും 15–-ാം ധനകമീഷൻ വെട്ടിക്കുറച്ചു. കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ ഛത്തീസ്‌ഗഢിന്‌ ആകെ കേന്ദ്രനികുതിയുടെ 3.407 ശതമാനം  നല്കും.

കേരളത്തിന്‌ ലഭിക്കുന്നതിന്റെ ഏതാണ്ട്‌ ഇരട്ടി. കേരളത്തേക്കാൾ ജനസംഖ്യയിൽ പിന്നിലായ അസമിന്‌ 3.128 ശതമാനം ലഭിക്കും. ജനസംഖ്യയിൽ കേരളത്തിനൊപ്പം വരുന്ന ജാർഖണ്ഡിന്‌ 3.307 ശതമാനവും ജനസംഖ്യയിൽ അൽപ്പം മുന്നിലുള്ള ഒഡിഷയ്‌ക്ക്‌ 4.528 ശതമാനവുമാണ്‌ വിഹിതം. ഏറ്റവും കൂടുതൽ വിഹിതം ഉത്തർപ്രദേശിനാണ്‌–- 17.939 ശതമാനം( 2.44 ലക്ഷം കോടി രൂപ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top