17 January Sunday

നഷ്ടം പഴങ്കഥ; കാണൂ, സംസ്ഥാന പൊതുമേഖല

സന്തോഷ്‌ ബാബുUpdated: Sunday Nov 29, 2020

കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ് കമ്പനി (കെൽ)


കൊച്ചി
യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിന്റെ കഥമാത്രം നിരത്തിയിരുന്ന ജില്ലയിലെ സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ ഇപ്പോൾ ലാഭത്തിന്റെ കണക്കുകൾ പറഞ്ഞുതുടങ്ങി. കഴിഞ്ഞ നാല് വ​ർഷത്തെ ഇച്ഛാശക്തിയോടെയുള്ള സർക്കാർ ഇടപെടലാണ് പൊതുമേഖലയ്ക്ക് രക്ഷയാകുന്നത്.

വികസനകുതിപ്പിൽ ട്രാക്കോ കേബിൾ
കിതച്ചു കിതച്ച് ഇഴഞ്ഞ് നീങ്ങിയിരുന്ന ട്രാക്കോ കേബിൾ എൽഡിഎഫ് സർക്കാരിനുകീഴിൽ പുതുജീവൻ വീണ്ടെടുത്ത് ലാഭത്തിന്റെ ട്രാക്കിലായി. വിവിധ സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റി ബോർഡുകൾക്കും സ്വകാര്യ വ്യവസായസ്ഥാപനങ്ങൾക്കും വേണ്ടി എസിഎസ്ആർ കണ്ടക്ടർ, വെതർ പ്രൂഫ്- സർവീസ് വയറുകൾ, കൺട്രോൾ കേബിൾ (ഭൂ​ഗർഭ കേബിളുകൾ) എന്നിവ നിർമിക്കുന്ന ട്രാക്കോ യൂണിറ്റാണ് കൊച്ചി ഇരുമ്പനത്തുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷം 156 കോടിയായിരുന്നു കമ്പനിയുടെ മൊത്തം വിറ്റുവരവ്. ഈ സാമ്പത്തികവർഷം 250 കോടിയുടെ വിറ്റുവരവ് നേടുമെന്ന ആത്മവിശ്വാസത്തിലാണ് തൊഴിലാളികളും മാനേജ്മെന്റും. അതിന് അടിവരയിട്ടുകൊണ്ട് ഇരുമ്പനം യൂണിറ്റ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ 43 ലക്ഷത്തിന്റെ പ്രവർത്തന ലാഭം നേടുകയും ചെയ്തു.

ചരിത്രനേട്ടത്തിൽ കെൽ
ജില്ലയിലെ മാമലയിൽ സുപ്രധാന യൂണിറ്റുള്ള കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ് കമ്പനി (കെൽ) ഈ സാമ്പത്തികവർഷം പകുതിയായപ്പോൾത്തന്നെ 70 ലക്ഷത്തിന്റെ ലാഭം കൈവരിച്ചു.  ഇലക്ട്രിക് ട്രാൻസ്ഫോർമറുകൾ നിർമിക്കുന്ന മാമല യൂണിറ്റ് മാത്രം 77 കോടിയുടെ വിറ്റുവരവ് നേടി. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിൽനിന്ന് 111 കോടിയുടെ ഓർഡർ നേടി യഥാസമയം പൂർത്തിയാക്കി. 2018–-19 സാമ്പത്തിക വർഷത്തിൽ കെൽ സർവകാല റെക്കോഡോടെ 201 കോടിയുടെ വിറ്റുവരവ് നേടിയിരുന്നു.  അന്ന് മാമല യൂണിറ്റ് നേടിയത് 137 കോടിയുടെ വിൽപ്പനയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 125 ശതമാനമായിരുന്നു വിറ്റുവരവിലെ വർധന. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തകർച്ചയുടെ വക്കിലായിരുന്നു കെൽ. എൽഡിഎഫ് സർക്കാർ നടത്തിയ 18 കോടിയുടെ വികസന പ്രവർത്തനമാണ് മാമല യൂണിറ്റിന് കുതിപ്പേകിയത്. വ്യാവസായികാടിസ്ഥാനത്തിൽ പവർ ട്രാൻസ്‌ഫോർമറുകളുടെ ഉൽപ്പാദനം നടത്തുന്ന പദ്ധതി പൂർത്തിയാക്കി പരീക്ഷാണാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. 

വിജയപാതയിൽ ടെൽക്
യുഡിഎഫ് ഭരണകാലത്ത് 48 കോടിയുടെ കടബാധ്യതയിൽ മുങ്ങിനിൽക്കുകയായിരുന്ന അങ്കമാലിയിലെ ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന് (ടെൽക്) ഇപ്പോൾ  പറയാനുള്ളത് ലാഭത്തിന്റെ കഥയാണ്‌. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി ലാഭം കൈവരിക്കുന്നതിന്റെ അനുഭവ കഥ.    അരനൂറ്റാണ്ട് പഴക്കമുള്ള യന്ത്രങ്ങളും മറ്റ് ഉൽപ്പാദന സംവിധാനങ്ങളും മാറ്റി അത്യാധുനിക പ്ലാന്റ്‌ സജ്ജീകരിക്കുന്നതിനടക്കം സംസ്ഥാന സർക്കാർ നൽകിയ ധനസഹായവും കെഎസ്ഇബിയുടെ 40 ശതമാനം ഓർഡർ നൽകാനുള്ള തീരുമാനമടക്കം നൽകിയ പ്രോത്സാഹനവുമാണ് ടെൽകിനെ വിജയപാതയിലെത്തിച്ചത്. നാലുവർഷംകൊണ്ട് 24.02 കോടിയാണ് ലാഭമുണ്ടാക്കിയത്.  14.79 കോടി കടത്തിൽനിന്ന് 2016 –-17 സാമ്പത്തിക വർഷത്തിൽ 1.06 കോടി ലാഭത്തിലേക്ക് ചുവടുവച്ചു. തുടർന്നുള്ള രണ്ട് വർഷം 6.57 കോടിയും 7.99 കോടിയും ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 11 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിറ്റുവരവും നേടി. 203.9 കോടി. ലാഭം 8.4 കോടിയായി ഉയർന്നു. ട്രാൻസ്ഫോർമർ കോയിലുകളുടെ പ്രവർത്തനമികവിനായി സ്ഥാപിച്ച വേപ്പർ ഫേസ് ഡ്രൈയിങ് (വിപിഡി) സാങ്കേതിക വിദ്യയുടെ കരുത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള കുതിപ്പിലാണിപ്പോൾ ടെൽക്. സംസ്ഥാന സർക്കാർ 10 കോടിയാണ് ഇതിനായി ബജറ്റിൽ അനുവദിച്ചത്.

അഭിമാനസ്തംഭമായി ടിസിസി
പൊതുമേഖലയിൽ രാസവ്യവസായത്തിന്റെ അഭിമാനസ്തംഭമായി നിൽക്കുന്ന സംസ്ഥാന സ്ഥാപനമാണ് കൊച്ചി ഉദ്യോ​ഗമണ്ഡലിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടിസിസി). നാലുവർഷംമുമ്പ്  25 കോടി  നഷ്ടത്തിലായിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ വന്നതോടെ ടിസിസി 123 കോടി ലാഭം നേടി. ഇക്കാലംകൊണ്ട് 922 കോടി വിറ്റുവരവുള്ള സ്ഥാപനമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top