15 October Tuesday

മെഡിക്കൽ സീറ്റ‌ിൽ 10 ശതമാനം പാവപ്പെട്ടവർക്ക‌്; തീരുമാനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019


തിരുവനന്തപുരം
സർക്കാർ മെഡിക്കൽ കോളേജുകളിലെ 10 ശതമാനം സീറ്റ‌് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് സംവരണം ചെയ്യും. സംസ്ഥാന സർക്കാർ തീരുമാനം തിങ്കളാഴ‌്ച. എംസിഐ മാർഗനിർദേശപ്രകാരമായിരിക്കും 10 ശതമാനം സംവരണം.സാമ്പത്തികസംവരണം ഏർപ്പെടുത്തിയാൽ സർക്കാർ കോളേജുകളിൽ 25 ശതമാനംവരെ സീറ്റ‌് വർധിപ്പിച്ച‌് നൽകാമെന്ന‌് എംസിഐ നിർദേശമുണ്ട‌്. ഇത‌് ഓരോ കോളേജുകളിലെയും സൗകര്യങ്ങളെ അടിസ്ഥാനമാക്കി ഏതെല്ലാം കോളേജുകളിൽ സാമ്പത്തികസംവരണം ഏർപ്പെടുത്താനാകുമെന്ന‌് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ‌് സർക്കാരിനെ അറിയിക്കും. സാമ്പത്തികസംവരണം  ഉത്തരവിറങ്ങിയശേഷം പ്രവേശന കമീഷണർ കീം പ്രോസ‌്പെക്ടസിൽ ആവശ്യമായ ഭേദഗതി വരുത്തി പ്രവേശന വിജ്ഞാപനം ഇറക്കും.  25 ശതമാനം സീറ്റ് വർധിപ്പിച്ചാൽ കൂടുതൽ വിദ്യാർഥികൾക്ക് എംബിബിഎസ‌് പഠനം സാധ്യമാകും.

സംസ്ഥാനത്ത‌്  ഇത്തവണ 550 എംബിബിഎസ‌് സീറ്റുകൾ വർധിച്ചിട്ടുണ്ട‌്. കഴിഞ്ഞവർഷം അനുമതി ലഭ്യമാകാതിരുന്ന  തൊടുപുഴ അൽ അസ‌്ഹർ,  പത്തനംതിട്ട മൗണ്ട‌് സിയോൺ, ഒറ്റപ്പാലം പി കെ ദാസ‌് മെഡിക്കൽ എന്നീ സ്വാശ്രയ  കോളേജുകൾക്കുകൂടി എംസിഐ അനുമതി ലഭ്യമായ സാഹചര്യത്തിലാണിത‌്.  ഇവയിൽ അൽഅസഹ‌ർ, മൗണ്ട‌് സിയോൺ എന്നിവയിൽ 150 സീറ്റ‌്‌ വീതവും പി കെ ദാസ‌ിൽ 100 സീറ്റുമാണുള്ളത‌്. വയനാട‌് ഡിഎം കോളേജിന‌് 150 സീറ്റിന‌് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതോടെ ഈ വർഷം പ്രവേശനത്തിന‌് അനുമതിയുള്ള 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ആകെ സീറ്റുകളുടെ എണ്ണം 2150 ആയി.

കഴിഞ്ഞ വർഷം 15 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 1600 സീറ്റുകളിലേക്കായിരുന്നു പ്രവേശനം. സർക്കാർ ഏറ്റെടുത്ത പരിയാരം ഉൾപ്പെടെ 10 സർക്കാർ മെഡിക്കൽ കോളേജുകളിൽ 1400 സീറ്റുകളുംചേർത്ത‌്  ആകെ 3550 സീറ്റുകളുമുണ്ട‌്. പരിയാരം മെഡിക്കൽ സീറ്റുകൾ പൂർണമായും സർക്കാർ സീറ്റുകളായി. ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന‌് പ്രവേശന അനുമതി നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ‌്  സർക്കാർ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top