തിങ്കളാഴ്‌ച തുടങ്ങും, അടിയുടെ പൂരം; ആവേശമാകാൻ കെസിഎൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 10:50 AM | 0 min read

തിരുവനന്തപുരം > കാത്തിരിപ്പുകൾക്കൊടുവിൽ കേരളത്തിന്റെ സ്വന്തം പ്രീമിയർ ക്രിക്കറ്റ്‌ ലീഗിന്‌ തിങ്കളാഴ്‌ച തുടക്കമാകും. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ ട്വന്റി 20 മത്സരങ്ങൾക്ക്‌ വേദിയാകുന്നതിന്റെ ആവേശത്തിലാണ്‌ തലസ്ഥാനം. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായി നടക്കുന്ന കെസിഎൽ ടിക്കറ്റ്‌ ഇല്ലാതെയാണ്‌ സംഘടിപ്പിക്കുന്നത്‌. തിങ്കൾ പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യ മത്സരം.

രാത്രി 7.45ന്‌ രണ്ടാമത്തെ മത്സരത്തിൽ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും. തുടർന്നുള്ള മത്സരങ്ങൾ പകൽ 2.30, വൈകിട്ട്‌ 6.45 എന്ന സമയക്രമത്തിലാണ്‌ നടക്കുക. 17ന്‌ സെമി ഫൈനലുകളും 18ന്‌ വൈകിട്ട്‌ 6.45ന്‌ ഫൈനലും നടക്കും. സ്‌റ്റാർ സ്‌പോർട്‌സ്‌–-1, ഫാൻകോഡ്‌ എന്നിവയിലൂടെ മത്സരം തത്സമയം കാണാം. ട്രിവാൻഡ്രം റോയൽസ്‌, കൊല്ലം സെയ്‌ലേഴ്സ്‌, ആലപ്പി റിപ്പിൾസ്‌, കൊച്ചി ബ്ലൂ ടൈഗേഴ്സ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസ്‌ എന്നിവയാണ്‌ ടീമുകൾ. ടീമുകൾ തിരുവനന്തപുരത്തെത്തി ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു.

ബേസിൽ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീൻ (ആലപ്പി റിപ്പിൾസ്), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്), റോഹൻ എസ് കുന്നുമ്മേൽ (കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്), വരുൺ നായനാർ (തൃശൂർ ടൈറ്റൻസ്), അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്) എന്നിവരാണ് ക്യാപ്‌റ്റൻമാർ.

ലോഞ്ചിങ്‌ മോഹൻലാൽ നിർവഹിക്കും
 

‌കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിങ്‌ ശനി പകൽ 12ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ നിർവഹിക്കും. കെസിഎൽ ചാമ്പ്യൻമാർക്കുള്ള ട്രോഫി മന്ത്രി വി അബ്ദുറഹിമാൻ പ്രകാശിപ്പിക്കും. ക്രിക്കറ്റ് ലീഗ്‌ ഗാനവും പ്രകാശിപ്പിക്കും. ആറു ടീമുകളുടെയും ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ ഉപഹാരങ്ങൾ നൽകും. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അധ്യക്ഷനാകും.
 



deshabhimani section

Related News

0 comments
Sort by

Home