26 September Saturday
തകർന്ന റോഡ്, പാലം നിർമാണം പുരോഗമിക്കുന്നു

ഒഴുക്കിലുടഞ്ഞ നിലമ്പൂർ നിവരുന്നു ; പ്രളയദുരിത ബാധിതർക്ക്‌ സർക്കാർ നൽകിയത്‌ 85 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020

മുത്തപ്പൻ മലയിടിഞ്ഞ് മണ്ണും മരവും പാറക്കൂട്ടവും വന്നടിഞ്ഞ കവളപ്പാറ തോട്ടിലെ മണ്ണ്‌ നീക്കിയപ്പോൾ


എടക്കര
ഉരുൾപൊട്ടലിൽ ‘മാഞ്ഞുപോയ’ കവളപ്പാറയടക്കം കഴിഞ്ഞ പ്രളയത്തിൽ വലിയ നാശമുണ്ടായ നിലമ്പൂരിനെ സംസ്ഥാന സർക്കാർ പൂർണമായും കൈപിടിച്ചുയർത്തുന്നു‌. ദുരന്തബാധിതർക്കെത്തിച്ചത്‌ 85 കോടിയോളം രൂപ‌.  അതിവേഗത്തിലായിരുന്നു സർക്കാർ ഇടപെടൽ.

നിലമ്പൂർ താലൂക്കിൽ പ്രളയക്കെടുതിയിൽ 65 പേരാണ്‌ മരിച്ചത്‌‌. ഇതിലധികവും‌ കവളപ്പാറയിൽ– -59 പേർ. ഇവർക്കടക്കം മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം വീതം 2.60 കോടി‌ നൽകി‌. വീടുകളിൽ വെള്ളംകയറി നാശമുണ്ടായവർക്ക്‌ 39 കോടി വിതരണംചെയ്തു. ഭൂമിയും വീടും ഇല്ലാതായവർക്ക്‌ 37.44 കോടി. 68 ക്യാമ്പുകളിലെ 5760 പേർക്ക് 10,000 രൂപ വീതം 5.76 കോടിയും നൽകി.  

പേരിലെ വ്യത്യാസം, ബാങ്ക് അക്കൗണ്ട്‌ അവ്യക്തത, ആളുകൾ മരിച്ച  കുടുംബങ്ങളിലെ അവകാശത്തർക്കം എന്നിവ കാരണം ചുരുക്കം ചിലർക്ക് സഹായം ലഭിക്കാൻ കാലതാമസമുണ്ടായി. പ്രളയത്തിൽ തകർന്ന റോഡ്, പാലം എന്നിവക്കും തുക അനുവദിച്ചു. നിർമാണം പുരോഗമിക്കയാണ്‌. ക്യാമ്പുകൾക്കും സഹായമെത്തിച്ചു. പോത്തുകല്ലിലെ ക്യാമ്പിനുമാത്രം  പത്ത് ലക്ഷത്തോളം രൂപയാണ്  ചെലവഴിച്ചത്.

സഹായം ഇങ്ങനെ
വീട് 75 ശതമാനത്തിലധികം തകർന്നവർ (456 പേർ): പൂർണമായി നഷ്‌ടപ്പെട്ടതായി കണക്കാക്കി  നാല് ലക്ഷം വീതം. ആകെ 18.24 കോടി.

ജിയോളജി സംഘം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ ഭൂമി നഷ്ടപ്പെട്ടവർ (322 കുടുംബങ്ങൾ):- ആറ് ലക്ഷം വീതം 19.20 കോടി.  
വീടിന് 60 ശതമാനംമുതൽ 74 ശതമാനംവരെ നാശം:- രണ്ടര ലക്ഷം വീതം 148 പേർക്ക് 3.70 കോടി.

30 ശതമാനംമുതൽ 59 ശതമാനംവരെ നാശം:- ഒന്നര ലക്ഷം വീതം 530 പേർക്ക് 7.95 കോടി. 16 ശതമാനംമുതൽ 29 ശതമാനംവരെ നാശം:- 60,000 വീതം 3360 പേർക്ക് 20.16 കോടി. 15 ശതമാനം നാശം:- 2270 പേർക്ക് 10,000 വീതം 2. 27 കോടി.

വീട്ടിൽ വെള്ളംകയറി  ഉപകരണങ്ങൾ നഷ്ടപ്പെട്ടവർ: 4935 പേർക്ക് 10,000 വീതം 4.93 കോടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top