10 August Monday

കവളപ്പാറയ്‌ക്കു സമീപം വീണ്ടും വിള്ളൽ ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


സ്വന്തം ലേഖകൻ
മുത്തപ്പൻമലയുടെ താഴ്‌വാരം ശാന്തമായിത്തുടങ്ങുമ്പോൾ മറുവശത്തെ തുടിമുട്ടി മലയെ ഭയം മൂടുന്നു. കവളപ്പാറയിൽ മുത്തപ്പൻമല ദുരന്തവിതച്ച ദിവസം ഇവിടെ നാലിടത്ത് ചെറുതായി ഉരുൾപൊട്ടി. 200 ഏക്കർ മലയുടെ മുകൾത്തട്ടിൽ നാലിടത്ത് ഭൂമി വിണ്ടുകീറി. മലയുടെ മുകൾത്തട്ടിന്റെ മറുവശത്ത് 500 മീറ്റർ അടുത്താണ്   വിള്ളല്‍ കണ്ടത്‌.

നിലമ്പൂർ ടൗണിൽനിന്ന് 24 കിലോമീറ്റർ വടക്കുമാറിയാണ് പോത്തുകല്ല് പഞ്ചായത്ത് 16ാം വാർഡിലെ ഈ മല. വടക്ക് ചൂരൽ മലയും വയനാട് മേപ്പാടി മലനിരകളും. സമുദ്രനിരപ്പിൽനിന്ന് 1005 അടി ഉയരത്തിൽ.  റോഡിൽനിന്ന് കയറുമ്പോൾ ഉച്ചനേരത്തും ഇരുൾമൂടിയ റബർ തോട്ടം. ഉരുൾ പൊട്ടിയയിടത്ത് മണ്ണിളകി വെള്ളം ഒഴുകിയത് ഇപ്പോഴും കാണാം. മണ്ണടർന്ന മുത്തപ്പൻമലയുടെ ചെരിവിലേക്ക് അടുക്കുംതോറും മണ്ണിലെ നനവ് ഭയം കൂട്ടുകയാണ്‌.

മലയടിവാരത്തെ ഇരുനൂറോളം കുടുംബങ്ങൾ ക്യാമ്പിലായിരുന്നു. 40 കുടുംബങ്ങൾ ഇതുവരെ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. ആദിവാസികളിലെ മുതുവാൻ വിഭാഗവും ഇക്കൂട്ടത്തിലുണ്ട്. 36 മണിക്കൂർ മഴ തുടർന്നാൽ അപകടസാധ്യതയുണ്ടെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ജിയോളജി അധികൃതരുടെ മുന്നറിയിപ്പുണ്ട്. ചെറിയ ഉരുൾപൊട്ടലുകളിൽ വെള്ളവും മർദവും പുറത്തുപോയത് രക്ഷയായെന്ന് നാട്ടുകാർ പറയുന്നു. മുത്തപ്പൻമലയിലേതുപോലെ റബറിന് കുഴിയെടുക്കാൻ മണ്ണുമാന്തിയന്ത്രം മുമ്പ് തുടിമുട്ടിയിലും ഉപയോഗിച്ചിരുന്നുവെന്ന് ക്യാമ്പ് പ്രവർത്തിക്കുന്ന പൂളപ്പാടം സ്കൂൾ അധ്യാപകനും പ്രദേശവാസിയുമായ ടി ശ്രീധരൻ പറഞ്ഞു. ഉരുളും വിള്ളലുകളും ഉള്ളതിനാൽ തുടിമുട്ടി മലയുടെ സുരക്ഷയെക്കുറിച്ച് ശാസ്ത്രീയ പഠനം ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല അരവിന്ദൻ പറഞ്ഞു.

തെരച്ചിൽ തുടരുന്നു
കാണാതായവർക്കായി  തെരച്ചിലാരംഭിച്ച്‌  രണ്ടാഴ്‌ചയാകുന്നു.  ബുധനാഴ്ചത്തെ തെരച്ചിലിൽ  ആരെയും കിട്ടിയില്ല. 59 പേർ കാണാമറയത്തായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 48 പേരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തു.

അഞ്ചുമുതൽ എഴുപത്താറുവയസുള്ളവർവരെ മരണം തട്ടിയെടുത്തവരുടെ പട്ടികയിലുണ്ട്. വെട്ടുകാട്ടിൽ ബിനോജിന്റെ  മകൾ അനഘ, പട്ടേരി വിക്ടറി​ന്റെ മകൾ അലീന എന്നിവരാണ് അഞ്ച് വയസുകാർ. 11 മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.  ആഗസ്‌ത് എട്ടിനാണ് ഭൂദാനം കവളപ്പാറ റോഡിന് തെക്കുഭാഗത്തെ മുത്തപ്പൻ മല ഇടിഞ്ഞിറങ്ങിയത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top