18 September Wednesday

ഇങ്ങനെയാണ്‌ കവളപ്പാറ അതിജീവിച്ചത്‌ ; പുനരധിവാസം സര്‍ക്കാര്‍ ചിറകില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


എടക്കര
കവളപ്പാറ ഉരുള്‍പൊട്ടലിന് അഞ്ചാണ്ട് പിന്നിടുമ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ചിറകേറി നടത്തിയ അതിജീവന കഥയാണ് ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് പറയാനുള്ളത്. മലവെള്ളത്തില്‍ സര്‍വവും ഒലിച്ചുപോയെങ്കിലും ഇവര്‍ക്ക് സുരക്ഷിതമായ വാസസ്ഥലമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാർ മുന്നില്‍നിന്നു. 33 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി 12 ലക്ഷം രൂപവീതമാണ് അനുവദിച്ചത്. ഇതിൽ 10 ലക്ഷം പ്രളയ പുനരധിവാസത്തിന്റെ ഭാഗമായും രണ്ട് ലക്ഷം ആദിവാസി പുനരധിവാസ വികസന മിഷൻ ഫണ്ടിൽനിന്നുമാണ്‌ നല്‍കിയത്‌. ഭൂമി വാങ്ങാന്‍ ആറ് ലക്ഷവും വീടുവയ്ക്കാന്‍ ആറുലക്ഷവും വിനിയോ​ഗിച്ചു. പുനരധിവാസ പ്രദേശത്ത് വൈദ്യുതിയും കുടിവെള്ളവുമെത്തിക്കാന്‍ മിഷൻ ഫണ്ടിൽനിന്ന് തുക അനുവദിക്കുകയും ചെയ്‌തു.

ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും പൂർണമായും നഷ്ടപ്പെട്ട 11ഉം ദുരന്തമേഖലയിലെ തുരുത്തിൽ വീടുണ്ടായിരുന്ന ആറും മലയിടിച്ചിൽ ഭീഷണി നേരിടുന്ന 16ഉം കുടുംബത്തെയാണ് പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചത്. ​ഗുണഭോക്താക്കള്‍ നേരിട്ട് പോത്തുകല്ല് മൾട്ടി പർപ്പസ് കോ -ഓപറേറ്റീവ് സൊസൈറ്റിക്കാണ് വീട് നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. പോത്തുകല്ല് പഞ്ചായത്തിലെ ഉപ്പട ടൗണിനോട് ചേർന്ന ഉപ്പട ഗ്രാമം റോഡില്‍ 3.57 ഏക്കറില്‍ 30 വീടുകള്‍ പൂര്‍ത്തിയായി. എന്നാല്‍, കോൺഗ്രസ് നേതാവ് പ്രസിഡന്റായ സൊസൈറ്റി മൂന്ന് വീടുകളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ​ഗുണഭോക്താക്കള്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top