03 March Wednesday

മനുഷ്യതുല്യതയുടെ വിളംബരമായി പന്തിഭോജനം

എം ഒ വര്‍ഗീസ്Updated: Saturday Aug 27, 2016


കാസര്‍കോട് > ജാതിക്കോയ്മക്ക് കനത്ത പ്രഹരമേല്‍പിച്ച പന്തിഭോജനത്തിന്റെ ആവേശം തുടിക്കുന്ന ഗ്രാമമാണ് കാസര്‍കോട് ജില്ലയിലെ കൊടക്കാട്. ജന്മിത്തവും ഉച്ചനീചത്വവും കൊടികുത്തിവാണ 1930കളിലാണ് ചരിത്രപ്രസിദ്ധമായ കൊടക്കാട് കര്‍ഷകസമ്മേളനവും അതിന്റെ ഭാഗമായ പന്തിഭോജനവും.
താഴ്ന്ന ജാതിക്കാരെ മനുഷ്യരായി കാണാന്‍പോലും തയ്യാറാകാത്തവര്‍ നാട് ഭരിച്ച കാലം. കീഴ്ജാതിക്കാര്‍ക്കൊപ്പം നടക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ആലോചിക്കാന്‍പോലും പറ്റാതിരുന്ന കാലത്താണ് സാമൂഹ്യമാറ്റത്തിന് കരുത്തുപകര്‍ന്ന പന്തിഭോജനത്തിന് കര്‍ഷകസംഘം തീരുമാനിച്ചത്. ഇത് സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ വിവരണാതീതം.

ഉത്സവഛായയിലാണ് കൊടക്കാട് പന്തിഭോജനത്തിന് വേദിയൊരുങ്ങിയത്. കര്‍ഷകസംഘം വിവിധ യൂണിറ്റുകളില്‍നിന്ന് ശേഖരിച്ച പച്ചക്കറികളും അരിയുമെല്ലാം ഘോഷയാത്രയായാണ് സമരപ്പന്തലിലെത്തിച്ചത്. സമ്മേളനത്തിനെന്നപോലെ വലിയ പന്തല്‍കെട്ടിയാണ് ഭക്ഷണശാലയൊരുക്കിയത്. പെട്രോമാക്സ് വെളിച്ചത്തില്‍ വിവിധ ജാതിയില്‍പെട്ട സ്ത്രീ– പുരുഷന്മാര്‍ ചേര്‍ന്ന് ഭക്ഷണം തയ്യാറാക്കി. മണക്കാട് സ്വദേശി തെക്കുമ്പാടന്‍ കണാരന്റെ നേതൃത്വത്തിലായിരുന്നു പാചകം. മിശ്രഭോജനം ജാതീയതയുടെയും കീഴ്വഴക്കങ്ങളുടെയും മതില്‍കെട്ടുകള്‍ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞാണ് പന്തിഭോജനം സംഘടിപ്പിച്ചത്. പങ്കെടുത്ത മേല്‍ജാതിയില്‍പെട്ട പലര്‍ക്കും പിന്നീട് കടുത്ത പീഡനത്തിനിരയാകേണ്ടിവന്നു. കര്‍ഷകസംഘത്തില്‍ സജീവമായ എന്‍ എസ് നമ്പൂതിരിയെയും ഭാര്യ പരമേശ്വരി അന്തര്‍ജനത്തെയും പന്തിഭോജനത്തില്‍ പങ്കെടുത്തതിന് ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി.

പന്തിഭോജനം ജന്മിത്തത്തിനെതിരായ പോരാട്ടംകൂടിയായിരുന്നു. ജന്മി നല്‍കിയ അടിമക്കഞ്ഞിക്കെതിരെ ശക്തമായ ചെറുത്തുനില്‍പ് സംഘടിപ്പിച്ച ഗ്രാമംകൂടിയാണ് കൊടക്കാട്. ഇവിടുത്തെ പ്രധാന ജന്മി നീലമന നമ്പൂതിരി എല്ലാവര്‍ക്കും ഉച്ചഭക്ഷണം കൊടുക്കുമായിരുന്നു. ഭക്ഷണം കഴിക്കുന്നവര്‍ ജന്മിയോട് കൂറും അനുസരണയുമുള്ളവരായിരിക്കണം. ഇതിനെതിരെ പ്രതികരിക്കാന്‍ കര്‍ഷകസംഘം തീരുമാനിച്ചു. ജന്മിയുടെ ചോറ് തിന്ന് അടിമയാകാനില്ലെന്ന് കര്‍ഷകസംഘം പ്രവര്‍ത്തകന്‍ കോയ്യന്‍ കുമാരന്‍ പരസ്യമായി പ്രഖ്യാപിച്ചു. ജന്മി പൊലീസിനെ വിട്ട് കുമാരനെ അറസ്റ്റുചെയ്ത് ഭീകരമായി മര്‍ദിച്ചു. ചോറ് തീറ്റിക്കാനായിരുന്നു മര്‍ദനം. 'കൊന്ന് കുഴിച്ചുമൂടിയാലും ഈ പട്ടിയുടെ ചോറ് ഞാന്‍ തിന്നില്ലെന്ന്' പ്രഖ്യാപിച്ചാണ് കുമാരന്‍ മര്‍ദനം നേരിട്ടത്.

പന്തിഭോജനവും ജന്മിമാരുടെ ക്രൂരതയ്ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും കര്‍ഷകസംഘം പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. 1939 ജനുവരി 14, 15 തിയതികളിലായിരുന്നു കൊടക്കാട് കര്‍ഷകസമ്മേളനം. വിപ്ളവ കവി ടി എസ് തിരുമുമ്പ് പ്രസിഡന്റും പി സി കുഞ്ഞികൃഷ്ണന്‍ അടിയോടി സെക്രട്ടറിയുമായ സംഘാടകസമിതിയാണ് നേതൃത്വം നല്‍കിയത്. കൊടക്കാട് ഉള്‍പ്പെടെ കേരളത്തില്‍ പല സ്ഥലത്തും കര്‍ഷകസംഘം സംഘടിപ്പിച്ച മിശ്രഭോജനമാണ് ജാതിവ്യത്യാസം ഇല്ലാതാക്കാനുള്ള പോരാട്ടത്തിന് കരുത്തേകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top