കാസർകോട്> കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അഞ്ചുലക്ഷം രൂപ തട്ടിയെന്ന് കാണിച്ച് കേരളാകോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എം പി ജോസഫ് കോടതിയിൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എം പി ജോസഫ്, മുൻ മന്ത്രി കെ എം മാണിയുടെ മരുമകൻകൂടിയാണ്. കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സ്വകാര്യഅന്യായം ഫയൽ ചെയ്‌തത്. ഡിസംബർ 19ന് ഹാജരാകാൻ പി കെ ഫൈസലിന് സമൻസയച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 2022 നവംബർ 28ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പി കെ ഫൈസൽ, ജോസഫിൽനിന്ന് 10 ലക്ഷം രൂപ ഒരുമാസത്തെ കാലാവധിയിൽ കടം വാങ്ങിയത്. പലതവണ തിരിച്ചുചോദിച്ചിട്ടും നൽകിയില്ല. ഇതോടെ കെപിസിസി നേതാക്കൾക്ക് പരാതി നൽകി. പരാതിയുയർന്നതോടെ അഞ്ചുലക്ഷം രൂപ തിരിച്ചുകൊടുത്തെങ്കിലും ബാക്കി മുക്കി. കെപിസിസിക്ക് വീണ്ടും പരാതി നൽകിയാലും ഗുണമുണ്ടാകില്ലെന്ന് മനസിലായതോടെയാണ് കാക്കനാട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ച് തോറ്റപ്പോഴും കോൺഗ്രസുകാർക്കെതിരെ സമാന സാമ്പത്തിക അഴിമതി ആരോപണവുമായി ജോസഫ് രംഗത്തുവന്നിരുന്നു. തന്നിൽനിന്ന് പണം വാങ്ങിയതല്ലാതെ, കോൺഗ്രസുകാർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയില്ലെന്നാണ് മുൻ ഐഎഎസ് ഓഫീസർകൂടിയായ ജോസഫ് ആരോപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..