07 July Tuesday

വിവാദച്ചുഴിയിൽ താഴില്ല ; ചരിത്രനടപടികളുമായി സർക്കാർ മുന്നോട്ട്‌

കെ ശ്രീകണ‌്ഠൻUpdated: Saturday Nov 2, 2019


തിരുവനന്തപുരം>സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്തിയും സർവീസ്‌രംഗത്തെ  കാര്യക്ഷമതയ്‌ക്ക്‌ മുതൽക്കൂട്ടാകുന്ന കെഎഎസ്‌ വിജ്ഞാപനം പുറത്തിറക്കിയും ശമ്പളപരിഷ്‌കരണ കമീഷനെ നിയോഗിച്ചുമാണ്‌ കേരളപ്പിറവിദിനം കടന്നുപോയത്‌. വിവാദച്ചുഴിയിൽപ്പെടുത്തി സംസ്ഥാനത്തെ കലുഷിതമാക്കാനുള്ള കുത്സിതനീക്കങ്ങൾക്ക്‌ ഈ ചുവടുവയ്‌പ്‌ തന്നെയാണ്‌ സർക്കാരിന്റെ മറുപടി.

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസും(കെഎഎസ്‌) സംവരണമില്ലാത്ത സമുദായങ്ങളിലെ പിന്നോക്കക്കാർക്ക്‌ നിശ്ചിതശതമാനം സംവരണവും എൽഡിഎഫ്‌ പ്രകടനപത്രികയിലെ ഇനങ്ങളായിരുന്നു. അധികാരമേറ്റ വേളയിൽത്തന്നെ  തുടക്കമിട്ടെങ്കിലും  ഒന്നൊന്നായി കുരുക്കുകൾ വീഴാൻ തുടങ്ങി.

കേരള ബാങ്ക്‌, കിഫ്‌ബി, ട്രാൻസ്‌ഗ്രിഡ്‌ തുടങ്ങിയ പദ്ധതികൾക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ്‌ ഉൾപ്പെടെയുള്ളവരും യുഡിഎഫ്‌ അനുകൂല സർവീസ്‌ സംഘടനകളും കെഎഎസിനെതിരെ നിലയുറപ്പിച്ചു. സംവരണത്തിന്റെ പേരിൽ നിയമക്കുരുക്കിൽപ്പെടുത്താനും ശ്രമം നടന്നു. നൂലാമാലകൾ അഴിച്ചെടുത്താണ്‌ ആദ്യവിജ്ഞാപനം പിഎസ്‌സി വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യവും വഴിയൊരുക്കി.

സംസ്ഥാന സർവീസ്‌ രംഗത്തും ഭരണനിർവഹണത്തിലും കാതലായ മാറ്റത്തിന്‌ കളമൊരുക്കുന്നതാണ്‌ കെഎഎസ്‌. പൊതുജനങ്ങൾക്ക്‌ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും കഴിയും. മാനദണ്ഡങ്ങൾപ്രകാരമുള്ള സംവരണം ഉറപ്പാക്കാനും വ്യവസ്ഥയുണ്ട്‌. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ പത്തുശതമാനം സംവരണം ഉൾപ്പെടുത്തിയുള്ള ആദ്യ റാങ്ക്‌ പട്ടിക  തിരുവിതാംകൂർ ദേവസ്വം ബോർഡാണ്‌ പ്രസിദ്ധീകരിച്ചത്‌. സംവരണമില്ലാത്ത സമുദായങ്ങളിലെ പാവപ്പെട്ടവർക്ക്‌ വലിയ ആശ്വാസം പകരുന്നതാണ്‌ തീരുമാനം.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ മുൻതൂക്കം നൽകണമെന്നത്‌ സിപിഐ എമ്മിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്‌. സംവരണ സംരക്ഷണ ബിൽ 1995ൽ നിയമസഭ പരിഗണിച്ചപ്പോൾ ഈ ആവശ്യമടങ്ങിയ ഭേദഗതി സിപിഐ എം അന്ന്‌ അവതരിപ്പിച്ചതാണ്‌. യുഡിഎഫ്‌ സർക്കാർ തള്ളിയ നിർദേശമാണ്‌ പരിമിതമായ തോതിലെങ്കിലും യാഥാർഥ്യമാകുന്നത്‌.

ശമ്പളപരിഷ്‌കരണ കമീഷനെ നിയമിക്കാൻ ജീവനക്കാരും അധ്യാപകരും സമരപരമ്പരകൾതന്നെ നടത്തിയതാണ്‌ മുൻകാല അനുഭവം. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന 2001ൽ 28 ദിവസം നീണ്ട പണിമുടക്കുവരെ നടത്തി. അഞ്ച്‌ വർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം യുഡിഎഫ്‌ ഒരിക്കലും നടപ്പാക്കിയിട്ടുമില്ല. എന്നാൽ, 11–-ാം ശമ്പള കമീഷനെ നിയമിക്കാനാവശ്യപ്പെട്ട്‌ ജീവനക്കാർക്ക്‌ ഒരു പ്രകടനംപോലും നടത്തേണ്ടിവന്നില്ല. പത്താം ശമ്പള കമീഷന്റെ കാലാവധി കഴിഞ്ഞ ജൂൺ 30ന്‌ ആണ്‌ അവസാനിച്ചത്‌. നാല്‌ മാസത്തിനുള്ളിൽ കമീഷനെ പ്രഖ്യാപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top