17 January Sunday

കെഎഎസ്‌ മൂല്യനിർണയം: വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020


തിരുവനന്തപുരം
കെഎഎസ്‌ പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് മാധ്യമത്തിന്റെ കുത്തിത്തിരിപ്പ്‌. ഉദ്യോഗാർഥികളുടെ പരാതിയെന്ന പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ പത്രം വാർത്തയായി പടച്ചുവിട്ടത്‌. ഇതുവരെ പുനഃപരിശോധന പൂർത്തിയായ ഒരു അപേക്ഷയിലും പിഎസ്‌സിക്ക്‌ മാർക്ക് വ്യതിയാനം കണ്ടെത്താൻ സാധിച്ചിട്ടില്ല. അവസാന തീയതിയായ സെപ്‌തംബർ ഒമ്പതിനകം പിഎസ്‌സി ആസ്ഥാന ഓഫീസിൽ ലഭിച്ച അപേക്ഷകൾക്ക് പുനഃപരിശോധനാഫലവും ഉത്തരക്കടലാസ് പകർപ്പും നൽകി. ഇതിനുശേഷം ലഭിച്ച അപേക്ഷകളിൽ നിശ്ചിത തീയതിക്കകം ഫീസ് അടച്ചവകൂടി പരിഗണിക്കാൻ ഉത്തരവായ സാഹചര്യത്തിൽ മറുപടി നൽകാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന്‌ പിഎസ്‌സി അറിയിച്ചു.

പിഎസ്‌സി പരീക്ഷകളുടെ ഉത്തരക്കടലാസ് പകർപ്പ്, പുനഃപരിശോധന എന്നിവയ്ക്ക് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചശേഷമാണ് സാധാരണ അപേക്ഷ സ്വീകരിക്കുന്നത്. കെഎഎസ് രണ്ടാംഘട്ട പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത് എന്നതിനാലാണ്‌ ആദ്യഘട്ടത്തിൽ പുറത്താകുന്ന ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസ് അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ പിഎസ്‌സി അവസരം നൽകിയത്‌. ആഗസ്‌ത് 26ന്‌ ഒന്നാംഘട്ട ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ ഉത്തരക്കടലാസ് പകർപ്പിനും പുനഃപരിശോധനയ്ക്കും അപേക്ഷ സ്വീകരിച്ചു.

അപേക്ഷ സമർപ്പിച്ചവരിൽ പകുതിയോളം റീചെക്കിങ്‌, ഉത്തരകടലാസിനും ഒന്നും രണ്ടും പേപ്പറുകൾക്ക്‌ വെവ്വേറെ പണമടയ്ക്കുകയും പ്രത്യേകം അപേക്ഷ സമർപ്പിക്കുകയും ചെയ്തതിനാൽ ഒരു ഉദ്യോഗാർഥിയുടെതന്നെ രണ്ടുമുതൽ മൂന്നുവരെ അപേക്ഷകൾ പിഎസ്‌സിയിലെത്തി. ഓരോ അപേക്ഷയ്ക്കും പ്രത്യേകം മറുപടി നൽകേണ്ടിവരുകയും ചെയ്തു.

മൂല്യനിർണയത്തിനുശേഷം ഉത്തരകടലാസുകളുടെ എ, ബി പാർട്ടുകൾ പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്‌. അതിനാൽ ബൻഡിൽ നമ്പർ, സ്കാൻ നമ്പർ എന്നിവ പരിശോധിച്ച് രജിസ്റ്റർ നമ്പർ അടിസ്ഥാനമാക്കി ഓരോ ഉദ്യോഗാർഥിയുടെയും ഉത്തരക്കടലാസുകളുടെ എ, ബി പാർട്ടുകൾ ഉറപ്പാക്കി പകർപ്പെടുത്ത്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും പദവിയുമുള്ള സീൽ പതിപ്പിച്ച പകർപ്പാണ് ഉദ്യോഗാർഥികൾക്ക് നൽകുന്നത്. ഈ പ്രക്രിയക്ക്‌ ഏറെ സമയം ആവശ്യമാണെന്നും പിഎസ്‌സി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top