19 October Saturday

കരുണയും കാരുണ്യവുമുണ്ട്, 5 ലക്ഷം ചികിത്സാസഹായവും; ഇതാ മുനയൊടിക്കുന്ന കണക്കുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

പാലാ > കാരുണ്യ പദ്ധതി വിപുലീകരിച്ച് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാസഹായം ഉറപ്പുവരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടി പാലായിലും തെരഞ്ഞെടുപ്പ് ചര്‍ച്ച. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയെന്ന യുഡിഎഫ് പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. ഏപ്രില്‍ ഒന്നിന് പദ്ധതി നിലവില്‍ വന്ന ശേഷം പാലാമണ്ഡലത്തില്‍ മാത്രം 1780 രോഗികള്‍ക്കായി 1.3 കോടി രൂപ  കൈമാറി. ജില്ലയിലാകെ 22,912 പേര്‍ക്ക് ആനുകൂല്യം ലഭിച്ചു. വിതരണം ചെയ്തത് 15.7 കോടി രൂപ. 2,38,370 പേര്‍ ഇതുവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. പുതിയ രജിസ്‌ട്രേഷനുള്ള നടപടികളും താമസിയാതെ തുടങ്ങും.  

കാരുണ്യ ബെനവലന്റ് ഫണ്ട്(കെബിഎഫ്) കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി(കാസ്പ്) യായി വിപുലീകരിക്കുമ്പോള്‍ നിലവിലുള്ള  ഗുണഭോക്താവിന് ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. കെബിഎഫ് പ്രകാരം ചികിത്സാനുകൂല്യങ്ങള്‍ 2020 മാര്‍ച്ച് 31 വരെ നിലനിര്‍ത്തിയിട്ടുമുണ്ട്. 

നിലവിലെ ചികിത്സാപദ്ധതികളായ ചിസ്( 30,000 രൂപ), ചിസ് പ്ലസ്(70,000 രൂപ), കാരുണ്യ ബെനവലന്റ് ഫണ്ട് എന്നിവ സംയോജിപ്പിക്കുന്നതാണ് കാസ്പ്. കുടുംബാംഗങ്ങള്‍ക്ക്  വര്‍ഷംതോറും മെഡിക്കല്‍ കോളേജ്,   ജനറല്‍ ആശുപത്രികള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് അഞ്ചുലക്ഷം രൂപ വരെ  സൗജന്യ ചികിത്സ. പുതിയ കാര്‍ഡ് ഇല്ലാത്തവര്‍ പഴയ ആരോഗ്യഇന്‍ഷുറന്‍സ് കാര്‍ഡുമായി ചെന്നാലും ചികിത്സ നിഷേധിക്കില്ല.  കിടത്തി ചികിത്സയുടെ ഭാഗമല്ലെങ്കില്‍പ്പോലും ടെസ്റ്റുകള്‍ക്കും ഡയാലിസിസിനുമുള്ള ചെലവും തുടര്‍ന്നും ലഭ്യമാക്കിയിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന 365 ചികിത്സാ പാക്കേജുകള്‍ക്കു പകരം 1900 പാക്കേജുകള്‍ ഉള്‍പ്പെടുത്തിയതും എല്ലാവര്‍ഷവും സഹായം കിട്ടുന്നതും പുതിയ പദ്ധതി  ആകര്‍ഷമാക്കുന്നു. കെബിഎഫില്‍ പരമാവധി മൂന്നു ലക്ഷം രൂപ സഹായത്തിന് ഒറ്റത്തവണ മാത്രമായിരുന്നു അര്‍ഹത.  കാസ്പില്‍ എല്ലാ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.


പ്രധാന വാർത്തകൾ
 Top