24 August Saturday

കാരുണ്യ പദ്ധതി : എല്‍ഡിഎഫ് സര്‍ക്കാര്‍ 329 കോടി കൂടുതൽ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019


തിരുവനന്തപുരം
കാരുണ്യ പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനകം മുൻ യുഡിഎഫ് സര്‍ക്കാരിനേക്കാൾ 329.95 കോടി രൂപ അധികം ചെലവഴിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് ചെലവഴിച്ചത‌്  971 കോടി രൂപ. അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷംകൊണ്ട് ചെലവഴിച്ചത് 641.05 കോടി രൂപമാത്രം. പിണറായി സർക്കാര്‍ മൂന്നുവർഷത്തിനുള്ളിൽ 1,03,413 രോഗികൾക്ക‌ാണ്  കാരുണ്യ പദ്ധതിയിലൂടെ ചികിത്സാസഹായം നല്‍കിയത്. കാരുണ്യ ലോട്ടറിയിൽനിന്ന് ലഭിച്ച 1113 കോടി രൂപയാണ‌്.

കാരുണ്യ ചികിത്സാ ബില്ലുകൾ മാറാനായി 1189.2 കോടിയുടെ ഭരണാനുമതി നൽകി. യുഡിഎഫ‌് ഭരണത്തിൽ നാലുവർഷക്കാലത്ത‌് 895.72 കോടി രൂപമാത്രമാണ‌് അനുവദിച്ചത്.

കാരുണ്യ ഇൻഷുറൻസ് പദ്ധതിയായി വിപുലപ്പെടുത്തുമ്പോൾ ആദ്യവർഷംതന്നെ 20 ലക്ഷം പേർക്ക‌് ആനുകൂല്യം ലഭ്യമാകും. കാരുണ്യ ബെനവലന്റ‌് ഫണ്ട‌് പ്രകാരം ഒരു കുടുംബത്തിന‌് പരമാവധി മൂന്നുലക്ഷംവരെയാണ‌് സഹായം ലഭിച്ചിരുന്നത‌്. അതും ഒരിക്കൽമാത്രം. പുതിയ പദ്ധതിയിൽ പ്രതിവർഷം അഞ്ച് ലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കും.

42 ലക്ഷം കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കും
കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ 21 ലക്ഷം കുടുംബങ്ങൾക്ക‌ുമാത്രമാണ‌് ആനുകൂല്യത്തിന് അർഹതയുണ്ടായിരുന്നത‌്. ഇതിനായി കുടുംബത്തിന‌് 661 രൂപ പ്രകാരം 139 കോടി രൂപമാത്രമാണ‌് കേന്ദ്രസർക്കാർ സംസ്ഥാനത്തിനായി നീക്കിവച്ചത‌്. സംസ്ഥാനത്ത‌് ആരോഗ്യ പരിരക്ഷ ലഭിച്ചിരുന്ന 42 ലക്ഷം കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി. അധിക പ്രീമിയം നൽകി ആരോഗ്യ സുരക്ഷാ പദ്ധതിയായി നടപ്പാക്കുന്നു. ഇതിനായി സംസ്ഥാന സർക്കാരിന‌് പ്രതിവർഷം 700 കോടി ചെലവാകും. കാരുണ്യപദ്ധതിക്ക് ശരാശരി 300-–-350 കോടിയാണ‌് പ്രതിവർഷം ചെലവായിരുന്നത‌്. എല്ലാ ലോട്ടറിയിൽനിന്നുമുള്ള പണം അധിക ചെലവ‌് നേരിടാനായി വിനിയോഗിക്കും.

പുതിയ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിൽ ഇതുവരെ 37 ലക്ഷം പേർ അംഗങ്ങളായി. നിലവിലുണ്ടായിരുന്ന വിവിധ ആരോഗ്യ പരിരക്ഷാപദ്ധതികളിൽ അംഗങ്ങളായ 42 ലക്ഷം ആളുകളെ പദ്ധതിയുടെ ഭാഗമാക്കുമെന്ന‌് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

മാർച്ചിൽ രജിസ‌്ട്രേഷൻ ആരംഭിച്ച പദ്ധതിയിൽ വെള്ളിയാഴ്ച വൈകിട്ട‌ുവരെ 31  ലക്ഷം കുടുംബങ്ങളിൽനിന്നാണ‌് 37 ലക്ഷം ആളുകൾ അംഗങ്ങളായത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top