31 March Tuesday

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ പതാക ഉയർന്നു

പ്രത്യേക ലേഖകൻUpdated: Saturday Feb 22, 2020

കർഷകസംഘം സംസ്ഥാന സമ്മേളനനഗറിൽ എസ്‌ സുദേവൻ ദീപശിഖ തെളിക്കുന്നു

കൊല്ലം
കൊല്ലത്തിന്റെ സമരഭൂമിയിൽ ആവേശംനിറച്ച്‌ കേരള കർഷകസംഘം 26–-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. കന്റോൺമെന്റ് മൈതാനിയിലെ ടി പി ബാലകൃഷ്‌ണൻ നായർ നഗറിൽ വെള്ളിയാഴ്‌ച വൈകിട്ട്‌ ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ്‌ പതാക ഉയർത്തിയത്‌.

കയ്യൂർ സമരഭൂമിയിൽനിന്ന്‌ കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി  എച്ച്‌ കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പതാകയും കല്ലറ പാങ്ങോട്‌ വിപ്ലവ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ എസ്‌ കെ ശ്രീജയുടെ നേതൃത്വത്തിൽ കൊടിമരവും പുന്നപ്ര–വയലാറിലെ രക്തസാക്ഷികളുടെ ഭൂമികയിൽനിന്ന്‌  ജി ഹരിശങ്കറുടെ നേതൃത്വത്തിൽ ദീപശിഖയും സമ്മേളന നഗരിയിലേക്ക്‌ എത്തിച്ചു.

ഇവ യഥാക്രമം ബേബിജോൺ, സി ബാൾഡുവിൻ, എസ്‌ സുദേവൻ എന്നിവർ ഏറ്റുവാങ്ങി. പതാക ഉയർത്തൽ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻ നായർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. കെ എൻ ബാലഗോപാൽ സംസാരിച്ചു.  പതാക ജാഥയെ ഏനാത്തും കൊടിമര ജാഥയെ പാരിപ്പള്ളിയിലും ദീപശിഖാ ജാഥയെ ഓച്ചിറയിലും ജില്ലാ നേതാക്കൾ സ്വീകരിച്ചു. സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലെ  എം കെ ഭാസ്‌കരൻ നഗറിൽ ശനിയാഴ്ച രാവിലെ ഒമ്പതിന്‌ പ്രതിനിധികളുടെ രജിസ്‌ട്രേഷൻ തുടങ്ങും. സംസ്ഥാന പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ 9.30ന്‌ പതാക ഉയർത്തും.

സമ്മേളനത്തിൽ 530 പ്രതിനിധികൾ ഉൾപ്പെടെ 625 പേർ പങ്കെടുക്കും. ഓൾ ഇന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള 10ന്‌  പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്‌ണൻ റിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന്‌ ചർച്ച. കിസാൻസഭ ഭാരവാഹികളായ അശോക്‌ ധവ്‌ളയും ഹന്നൻ മുള്ളയും സമ്മേളനത്തിൽ പങ്കെടുക്കും.

  പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ 9.30 മുതൽ തുടരും.  ‘കാർഷിക പ്രതിസന്ധിയും പരിഹാര മാർഗങ്ങളും’ വിഷയത്തിൽ ക്യൂഎസി മൈതാനത്ത്‌ വൈകിട്ട്‌ ആറിന്‌ സെമിനാർ അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ള ഉദ്‌ഘാടനംചെയ്യും. 24ന്‌ പ്രതിനിധി സമ്മേളനം തുടരും.  വൈകിട്ട്‌ നാലിന്‌ ലക്ഷം കർഷകരുടെ റാലി നടക്കും. ടി പി ബാലകൃഷ്‌ണൻനായർ നഗറിൽ  (കന്റോൺമെന്റ്‌ മൈതാനം) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.  സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത്‌ അഗ്രോ ഫെസ്‌റ്റ്‌ –-കാർഷിക പ്രദർശനം നടന്നുവരുന്നു.


പ്രധാന വാർത്തകൾ
 Top