07 December Wednesday

കേരളം 25 വർഷംകൊണ്ട് ഇടത്തരം വരുമാനമുള്ള സംസ്ഥാനമാകും: 
മന്ത്രി ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കൂത്താട്ടുകുളം
നവകേരള സൃഷ്ടിയിലൂടെ 25 വർഷംകൊണ്ട് ജനങ്ങൾക്ക്‌ ഇടത്തരം വരുമാനമുള്ള സംസ്ഥാനമായി കേരളം മാറുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൂത്താട്ടുകുളത്ത്‌ കർഷകസംഘം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബാലഗോപാൽ. രാജ്യത്തിനാകെ മാതൃകയായ ഭരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. എന്നാൽ, സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നു. കേന്ദ്രത്തിൽനിന്ന്‌ അർഹമായ വിഹിതം നൽകുന്നില്ല.

നിയമസഭ അംഗീകരിച്ച ബിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകുന്നില്ല. ഇതിനെയെല്ലാം ചെറുത്താണ്‌ എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്കായി പ്രവർത്തിക്കുന്നത്‌. കേന്ദ്രസർക്കാർ നടപ്പാക്കുന്ന കർഷകദ്രോഹനയങ്ങളെ ചെറുത്ത്‌ കാർഷികമേഖലയെ സംരക്ഷിക്കണം. കേന്ദ്രസർക്കാരിന്റെ പുതുക്കിയ കാർഷികനിയമം കാർഷികമേഖലയിലേക്ക്‌ കോർപറേറ്റുകൾ കടന്നുവരുന്നതിന്റെ ഭാഗമാണ്‌. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം കർഷകരാണ്‌. എന്നാൽ, ആകെ വരുമാനത്തിന്റെ 15 ശതമാനംമാത്രമേ അവർക്ക്‌ ലഭിക്കുന്നുള്ളൂ. ഏറ്റവും അധികം വരുമാനം ലഭിക്കുന്ന മേഖലയാണെന്ന്‌ മനസ്സിലാക്കിയാണ്‌ കോർപറേറ്റുകൾ കൈകടത്തുന്നത്‌.

പല മേഖലകളെയും സ്വകാര്യവൽക്കരിക്കുകയാണ്‌. പ്രതിരോധമേഖലയെ തകർക്കുന്നു. പട്ടാളത്തിൽ കരാർവൽക്കരണം നടപ്പാക്കുന്നു. ഇന്ത്യൻ സാമ്പത്തികമേഖലയാകെ തകർന്നതിന്റെ സൂചനയാണിത്‌.  ഇന്ത്യൻ ഭരണഘടനയെപ്പോലും തകർക്കാൻ നീക്കം നടക്കുന്നു. ഫെഡറൽ സംവിധാനങ്ങളെയാകെ കേന്ദ്രസർക്കാർ തകിടംമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ വി ഏലിയാസ്‌ അധ്യക്ഷനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top