25 May Monday

രോഗികളെ കടത്തിവിടാൻ കർശന നിബന്ധനകൾ;ഉത്തരവ് വൈകിപ്പിച്ച് കർണാടക

അനീഷ് ബാലൻUpdated: Tuesday Apr 7, 2020


മംഗളൂരു> കേരളത്തിൽ നിന്നുള്ള രോഗികൾക്ക് കർണാടക അതിർത്തി കടക്കണമെങ്കിൽ കർശന നിബന്ധനകൾ. സുപ്രീം കോടതി നിർദ്ദേശ പ്രകാരം അതിർത്തിയായ തലപ്പാടി വഴി കേരളത്തിൽ നിന്നുള്ള ആംബുലൻസ് കടത്തി വിടാനുള്ള ഉത്തരവിറക്കുന്നത് ചൊവ്വാഴ്ച്ച രാത്രി വരെ ദക്ഷിണ കന്നട ഭരണകൂടം വൈകിച്ചു. രാത്രിയിറക്കിയ ഉത്തരവിലാണ് കർശന നിബന്ധനകൾ പാലിക്കുന്നവരെ മാത്രമെ കടത്തി വിടു എന്ന് തീരുമാനിച്ചത്.

അത്യാസന്ന നിലയിലുള്ള രോഗികൾ, റോഡ് അപകടങ്ങളിൽ പെട്ട രോഗികൾ എന്നിവരെ മാത്രമെ മംഗളൂരു ആശുപത്രിയിലേക്ക് കടത്തി വിടു. ഇത്തരം രോഗികൾ സർക്കാർ ആംബുലൻസിൽ മാത്രമെ വരാൻ പാടുള്ളു . ഈ രോഗികളെ കേരളത്തിൽ നിന്നുള്ള സർക്കാർ ഡോക്ടർ പരിശോധിച്ച് കൊവിഡ് ബാധയില്ലെന്ന് ഉറപ്പ് വരുത്തുകയും , പ്രസ്തുത രോഗത്തിന് അതാത് ദേശത്ത് ചികിത്സ ലഭ്യമാകാത്തത് കാരണമാണ് മംഗളൂരുവിലേക്ക് വരുന്നതെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുകയും വേണം.

രോഗിയുടെ കൂടെ ഒരു സഹായി, ഒരു പാരമെഡിക്കൽ സ്റ്റാഫ് , ആംബുലൻസ് ഡ്രൈവർ എന്നിങ്ങനെ മൂന്ന് പേരെ മാത്രമെ കടത്തി വിടു. അതിർത്തി കടക്കും മുമ്പ് ആംബുലൻസ് തികച്ചും അണു വിമുക്തമാക്കണം. അതിർത്തിയിലുള്ള കർണാടക മെഡിക്കൽ ടീം ഈ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടൊയെന്ന് പരിശോധിച്ചതിന് ശേഷമെ കടത്തി വിടു. ഈ നിബന്ധനകളുടെ ലിസ്റ്റ് കാസർക്കോട് കളക്ടർക്ക് കൈമാറിയുട്ടുണ്ടെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. രാത്രി വൈകി ഉത്തരവിറക്കിയത് കാരണം ചൊവ്വാഴ്ച്ചയും തലപ്പാടിയിൽ കേരളത്തിൽ നിന്നുള്ള ആംബുലൻസ് തടഞ്ഞു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top