21 September Monday

കരിപ്പൂർ വിമാനാപകടം : ദുരന്തകാരണം കാലാവസ്ഥതന്നെ; റൺവേയിൽ പ്രകാശവര വേണമെന്ന്‌ പൈലറ്റുമാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


സ്വന്തം ലേഖകൻ
കരിപ്പൂർ വിമാനദുരന്തത്തിന്‌ വഴിവച്ചത്‌ പ്രതികൂല കാലാവസ്ഥതന്നെയെന്ന്‌ ഡയറക്ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനത്താവളത്തിലെ രണ്ട് ഇൻസ്ട്രുമെന്റൽ ലാന്‍ഡിങ് സിസ്റ്റം പരാജയമായതും അപകടത്തിന്‌ കാരണമായെന്നാണ്‌ വിലയിരുത്തൽ. ബ്ലാക്ക് ബോക്സിന്റെ പരിശോധനക്കുശേഷമേ ഇക്കാര്യം വ്യക്തമാകൂ. വൈമാനികന് എന്തെങ്കിലും വീഴ്ചസംഭവിച്ചോയെന്നും പരിശോധിക്കുന്നു. മഴയും മഞ്ഞുമുള്ളപ്പോൾ റൺവേക്ക് ചുറ്റും ഉയർന്ന നിമ്ന മേഘങ്ങൾ കാഴ്ച കുറച്ചെന്നും  കണ്ടെത്തി. ഡാറ്റാവോയ്സ് റെക്കോർഡുകൾ പരിശോധിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. 

ഡിജിസിഎ നിർദേശപ്രകാരം അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന്റെ എൻജിൻ പുറത്തെടുത്ത്‌ പരിശോധിക്കും. ഇതിനായി  മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള 20ഓളം എൻജിനിയർമാർ കരിപ്പൂരിലെത്തി. അപകടസമയത്ത് എൻജിൻ  തകരാറിലായിരുന്നോ എന്നറിയാനാണ്‌‌. വിമാനം പൊളിച്ച് നീക്കാനുള്ള പ്രാരംഭ നടപടി എയർ ഇന്ത്യ തുടങ്ങി. ബാറ്ററികൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഞായറാഴ്ച നീക്കി. എയർ ഇന്ത്യ എൻജിനിയറിങ്‌ സെക്യൂരിറ്റി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് വിമാനം പൊളിക്കുന്നത്‌. ആയിരം കോടിയോളം രൂപയാണ് തകർന്ന വിമാനത്തിന്റെ വില. വിമാനം ഉയർത്തിയെടുക്കുകയെന്നതും ശ്രമകരമാകും.

റൺവേയിൽ പ്രകാശവര വേണമെന്ന്‌ പൈലറ്റുമാർ
പ്രതികൂല കാലാവസ്ഥയിൽ അപകടമില്ലാതെ  വിമാനം ഇറക്കാൻ റൺവേയുടെ നടുവിലൂടെ പ്രകാശ വര (റൺവേ സെൻട്രൽ ലൈൻ ലൈറ്റ്നിങ് സിസ്റ്റം) സംവിധാനമൊരുക്കണമെന്ന പൈലറ്റുമാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം.  158 പേരുടെ ജീവൻ കവർന്ന മംഗളൂരു വിമാനദുരന്തത്തിനുശേഷം നടന്ന എല്ലാ റൺവേ സുരക്ഷാ വിലയിരുത്തൽ യോഗത്തിലും പൈലറ്റുമാർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇത് നടപ്പാക്കാൻ എയർപോർട്ട് അതോറിറ്റി  തയ്യാറായിട്ടില്ല. നടപ്പാക്കാൻ വ്യോമയാന മന്ത്രാലയവും ഇടപെട്ടിട്ടില്ല. കരിപ്പൂർ വിമാനാപകടത്തെ തുടർന്ന്‌ ഈ ആവശ്യം വീണ്ടും  ശക്തമാകുകയാണ്‌. പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.

എന്നാൽ, അപകടസാധ്യത ഏറെയുള്ള മംഗളൂരുവിലും കോഴിക്കോടും ഇനിയും ഈ സംവിധാനമില്ല. അപകടം നടന്ന മംഗളൂരുവിലും കരിപ്പൂരും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പൈലറ്റിന്  റൺവേ കൃത്യമായി കാണുന്നതിൽ പരിമിതിയുണ്ടായി. മംഗളൂരുവിൽ അപകടദിവസം രാവിലെ കടുത്ത മൂടൽമഞ്ഞായിരുന്നു.  കരിപ്പൂരിൽ മഴയും. ഇത്തരം സാഹചര്യങ്ങളിൽ റൺവേ സെൻട്രൽ ലൈൻ ലൈറ്റ്നിങ് സിസ്റ്റം പൈലറ്റുമാരെ കൃത്യമായ ലാൻഡിങ്ങിന് സഹായിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top