29 September Friday

ഓർമയുടെ റൺവേയിൽ നടുക്കം മാറാതെ... കരിപ്പൂർ വിമാന ദുരന്തത്തിന്‌ 2 വർഷം

ബഷീർ അമ്പാട്ട്‌Updated: Saturday Aug 6, 2022

കരിപ്പൂർ > രണ്ടുവർഷംമുമ്പത്തെ വെള്ളിയാഴ്‌ചയിലെ സന്ധ്യ. കോരിച്ചൊരിയുന്ന മഴ. കരിപ്പൂരിന്റെ ആകാശത്ത്‌ മേഘം ഇരുട്ടുമൂടിയിരുന്നു. പെട്ടെന്നാണ് ഘോരശബ്‌ദത്തോടെ വിമാനം റൺവേയും കടന്ന് താഴേക്ക് പതിക്കുന്നത്. പത്തൊമ്പത്‌ യാത്രക്കാരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാനദുരന്തത്തിന് ഞായറാഴ്ച രണ്ടുവർഷം പൂർത്തിയാകും.

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ 2020 ആഗസ്‌ത് ഏഴിനാണ് എയർഇന്ത്യ എക്സ്‌പ്രസിന്റെ ദുബായ് വിമാനം അപകടത്തിൽപ്പെട്ടത്‌.  ഓപറേഷൻ ഏരിയക്ക് പുറത്ത്‌ ഇടിച്ചുനിന്ന വിമാനം നെടുകെ പിളർന്നു. 184 യാത്രക്കാരാണുണ്ടായിരുന്നത്. 169 പേർക്ക്‌ പരിക്കേറ്റു. 

നഷ്‌ട‌പരിഹാരം *കിട്ടാനുള്ളത്‌ ഒരാൾക്ക്‌

എയർ ഇന്ത്യക്ക്‌ ഇൻഷൂറൻസ്‌ തുകയായി  640 കോടി ലഭിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുകോടിമുതൽ ആറുകോടിവരെ എയർഇന്ത്യ നൽകി. പരിക്കേറ്റവർക്ക് 12 ലക്ഷംമുതൽ ഏഴുകോടിവരെ വിതരണംചെയ്തു. താനൂർ സ്വദേശിയായ  യാത്രക്കാരനുമാത്രമാണ്‌ നഷ്ടപരിഹാരം കിട്ടാനുള്ളത്. രേഖകൾ സമർപ്പിച്ചതിലെ സാങ്കേതിക തകരാറാണ് കാരണമെന്നും തുക ഉടൻ കൊടുക്കുമെന്നും എയർഇന്ത്യ അധികൃതർ പറഞ്ഞു.

കാരണം അവ്യക്തം

വിമാനം ഇറക്കിയത്‌ റൺവേയുടെ ഏതാണ്ട് മധ്യഭാഗത്താണ്–-ടച്ച്‌ലൈനിൽനിന്നും 1000 മീറ്റർ കടന്ന്‌. പിന്നീട്  റൺവേയിൽനിന്ന്‌ തെന്നിനീങ്ങുകയായിരുന്നു. വൈമാനികന് അശ്രദ്ധ പറ്റിയെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. അപകടത്തിന് കാരണം ടേബിൾ ടോപ്പ്‌ ഭൂപ്രകൃതിയല്ലെന്നും കണ്ടെത്തി. ബ്ലാക്ക് ബോക്സും കോക്പിറ്റ് റെക്കോഡറുമടക്കം പരിശോധിച്ചെങ്കിലും യഥാർഥ കാരണം അവ്യക്തമാണ്‌.

രക്ഷകർക്ക്‌ ആദരം; *ആശുപത്രിക്ക്‌ കെട്ടിടം

കോവിഡ് മഹാമാരിയുടെ വിലക്കുണ്ടായിട്ടും രക്ഷകരായി നാട്ടുകാർ കുതിച്ചെത്തി. പുറത്തുള്ളവർക്ക് പ്രവേശനമില്ലാത്ത വിമാനത്താവള വളപ്പിനുള്ളിലെത്തി അവർ രക്ഷാദൗത്യമേറ്റെടുത്തു. ആംബുലൻസിനെ കാത്തുനിൽക്കാതെ സ്വന്തം വാഹനത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിയിലേക്ക് കുതിച്ചു. ത്യാഗപൂർവം പ്രവർത്തിച്ച സംസ്ഥാന പൊലീസും അഗ്നിരക്ഷാസേനയും രാജ്യത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി. ഈ രക്ഷകരെ ചേർത്തുപിടിക്കുകയാണ്‌ അന്നത്തെ യാത്രക്കാർ. വിമാനത്താവളത്തിനുസമീപം‌ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‌ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കിയാണ്‌ അവർ രക്ഷകരെ ആദരിക്കുക. മലബാർ ഡെവലപ്മെന്റ്‌ ഫോറം കരിപ്പൂർ വിമാനപകട ചാരിറ്റി ഫൗണ്ടേഷനാണ്‌ കെട്ടിടം നിർമിക്കുക. ഇതിന്റെ ധാരണാപത്രം ഞായർ രാവിലെ 10ന്‌  മന്ത്രി വി അബ്ദുറഹ്മാൻ ഡിഎംഒ ആർ രേണുകയ്‌ക്ക്‌ കൈമാറും.

വേണം, വിപുല സൗകര്യം

വിമാനത്താവളം കൂടുതൽ സുരക്ഷിതമായി പ്രവർത്തിക്കാൻ റൺവേയുടെ നീളം13,000 അടിയായി വർധിപ്പിക്കണം. നിലവിൽ കുറഞ്ഞ സ്ഥലത്താണ് സുരക്ഷാ ക്രമീകരണം മുഴുവനായി ഒരുക്കുന്നത്. 9600 അടിയാണ് കരിപ്പൂരിലെ  റൺവേയുടെ നീളം. ഇതിൽ 600 അടി കുറച്ച് 9000 അടിയാണ് ഉപയോഗിക്കുന്നത്. വിമാനത്താവള വികസനത്തിന്‌ സ്ഥലം ഏറ്റെടുത്തുനൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. വ്യോമയാന മന്ത്രാലയവും എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയും വേണ്ടത്ര താൽപ്പര്യംകാണിക്കാത്തതാണ്‌ വികസനത്തിന്‌ തടസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top