22 September Tuesday

'പിഴ' രക്ഷകനായി; അവസാന നിമിഷം യാത്ര മുടങ്ങി അഫ്സലും നൗഫലും

അനസ് യാസിന്‍Updated: Saturday Aug 8, 2020

അഫ്‌സല്‍, നൗഫല്‍

മനാമ> കരിപ്പൂര്‍ വിമാന അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കണ്ണൂര്‍ സ്വദേശി അഫ്സലും മലപ്പുറം സ്വദേശി നൗഫലും. വെള്ളിയാഴ്ച വൈകീട്ട് കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഇരുവരുടെയും പേരുണ്ട്.

ബോര്‍ഡിംഗ് പാസ് ലഭിച്ചതിനാലാണ് ഇവരുടെ പേര് പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, പിഴയുടെ പേരില്‍ അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു.
മട്ടന്നൂര്‍ പെരിയത്തില്‍ സ്വദേശിയായ അഫ്സല്‍ അബുദബി മിന ഈത്തപ്പഴ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്നു. ജൂണ്‍ 10ന് വിസ കാലാവധി കഴിഞ്ഞു. ജൂലായ് 10 വരെയായിരുന്നു രാജ്യത്ത് നില്‍ക്കാന്‍ അനുമതി.

 വിമാന ടിക്കറ്റ് ലഭ്യമാകാത്തതിനാല്‍ ആഗ്സത് ഏഴുവരെ തങ്ങി. വിമാന താവളത്തില്‍ ബോര്‍ഡിംഗ് പാസ് എടുത്ത ശേഷം എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികമായി താമസിച്ചതിന് 1,000 ദിര്‍ഹം (20,000 രൂപ) പിഴ അടക്കണം. കൈയിലുള്ള 500 ദിര്‍ഹം കൊടുത്തു. ബാക്കി സുഹൃത്ത് എത്തിച്ചു നല്‍കിയപ്പോഴേക്കും വിമാനം അഫ്സലില്ലാതെ പറന്നിരുന്നു.

അജ്മാനില്‍ താമസിക്കുന്ന തിരുനാവായ സ്വദേശി വെട്ടന്‍ നൗഫല്‍ ഷാര്‍ജ സ്‌കൂളിലെ ഓഫീസ് ബോയ് ആയിരുന്നു. കോവിഡ് കാരണം സ്‌കൂള്‍ അടച്ചതിനാല പണിയില്ലാതായി. അവസാനമാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ദുബായ് വിമാന താവളത്തില്‍ കോവിഡ് പരിശോധനയും കഴിഞ്ഞ് ബോര്‍ഡിംഗ് പാസുമായി എമിഗ്രേഷനില്‍ എത്തിയപ്പോള്‍ 1000 ദിര്‍ഹം പിഴയുണ്ടെന്ന് അറിയിപ്പ് വന്നു. തുടര്‍ന്ന് സ്‌കൂള്‍ പിആര്‍ഒയെ വിളിച്ചു.

 അവര്‍ പിന്നീട് അടക്കാമെന്നും തിരിച്ചുവരാനുമായിരുന്നു മറുപടി. തുടര്‍ന്ന് നിരാശനായി മുറിയില്‍ എത്തിയപ്പോഴായിരുന്നു വിമാന അപകട വാര്‍ത്ത അറിയുന്നത്. നൗഫലിന് വീണ്ടും ജോലി നല്‍കാമെന്ന് പഴയ സ്‌പോണ്‍സര്‍ അറിയിച്ചിട്ടുണ്ട്.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top