Deshabhimani

ചിരിയിലും മരണത്തിലും ഒന്നിച്ചവർക്ക് വിട

വെബ് ഡെസ്ക്

Published on Dec 13, 2024, 11:27 AM | 0 min read

പാലക്കാട് > 'ഈ മാസം 21ന് സ്‌കൂളിലെ പുതിയ ഓഡിറ്റോറിയം ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഒപ്പനയിൽ മണവാട്ടിയാകേണ്ട കുട്ടിയായിരുന്നു ആയിഷ. അതിനുള്ള പരിശീലനത്തിലായിരുന്നു. ക്രിസ്‌മസ് പരീക്ഷയായതിനാൽ ഇന്നലെ ഒപ്പന പരിശീലനം ഉണ്ടായിരുന്നില്ല'– കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസിന്റെ ചുമതലയുള്ള അധ്യാപിക നിത്യ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അപകടത്തിൽ മരിച്ച നാല് കുട്ടികളെയും കുറിച്ച് പറയുന്നത്.

മരിച്ച ആയിഷ, നിത, റിത, ഇർഫാന തസ്നി എന്നിവരുൾപ്പെടെ അഞ്ചു പേർ ഒരുമിച്ചായിരുന്നു സ്കൂളിലേക്കുള്ള വരവും പോക്കും. ഇവരോടൊപ്പമുണ്ടായിരുന്ന അജ്നയാണ് അപകടത്തിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ചെറുപ്പം മുതലേ ​ഒരേ ക്ലാസിലായിരുന്നു ഇവർ പഠിച്ചിരുന്നത്. നാലുകുട്ടികളുടെയും വീടുകളും തൊട്ടടുത്തുതന്നെയാണ്. ക്രിസ്‌മസ് പരീക്ഷയ്‌ക്കുമുമ്പ് ക്ലാസുകൾ പുനർനിർണയിച്ചപ്പോൾ ഒരാൾ മാത്രം നറ്റൊരു ഡിവിഷനിലായി. എങ്കിലും ക്ലാസ് കഴിഞ്ഞാൽ വീണ്ടും അവരൊന്നിച്ചാകുമായിരുന്നു. അത് മരണം വരെ അങ്ങനെ തന്നെയായി.

ഇംഗ്ലീഷ് പരീക്ഷകഴിഞ്ഞ് വ്യാഴം പകൽ 3.30നാണ്‌ നാലുപേരും സൊറപറഞ്ഞും ചിരിച്ചും സ്കൂളിൽനിന്ന് ഇറങ്ങിയത്. സമീപത്തെ കടയിൽനിന്ന്‌ മിഠായിയും വാങ്ങിക്കഴിച്ചു. ചോദ്യക്കടലാസും ഉത്തരങ്ങളും ഒത്തുനോക്കി സ്കൂളിൽനിന്ന് ഇറങ്ങി റോഡിന്റെ അരികിലൂടെയാണ്‌ തുപ്പനാട് ചെറുള്ളിയിലുള്ള ഇവരുടെ വീട്ടിലേക്ക് നടന്നത്. മരിച്ച ഇർഫാനയെ പല്ലുവേദനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ സ്‌കൂളിലെത്തിയ അമ്മ ഇവർക്ക് തൊട്ടു മുൻപിൽ ഉണ്ടായിരുന്നു. വളരെപെട്ടെന്ന്‌ ലോറി അടുത്തേക്ക് വരുന്നതു കുട്ടികൾ കണ്ടെങ്കിലും ഇവർക്ക് രക്ഷപ്പെടാനായില്ല. എല്ലത്തിലും ഒന്നിച്ചായിരുന്ന അഞ്ചുപേരിൽ നാല് പേരും മരണത്തിലും ഒന്നിക്കുമ്പോൾ അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപെട്ട അജ്ന ഇപ്പോഴും നടുക്കത്തിലാണ്.

തുപ്പനാട് ജുമാ മസ്ജിദിൽ ഒരൊറ്റ ഖബറിൽ നാല് അടിഖബറുകളായാണ് നാലു കൂട്ടുകാരികൾക്കും അന്ത്യ വിശ്രമത്തിന് ഇടം ഒരുക്കിയത്. ഇനി അവിടം ഈ കുഞ്ഞുകൂട്ടിന്റെ ഓർമയായി മാറും. പറഞ്ഞു തീരാത്ത കഥകളും പൂർത്തിയാകാത്ത സ്വപ്നങ്ങളുമായി അവരവിടെ ഉറങ്ങും.   



deshabhimani section

Related News

0 comments
Sort by

Home