Deshabhimani

"ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായെങ്കിൽ..' നടുക്കം മാറാതെ നാട്

വെബ് ഡെസ്ക്

Published on Dec 13, 2024, 09:18 AM | 0 min read

പാലക്കാട് > കല്ലടിക്കോട് നാല് കുട്ടികളുടെ മരണത്തിനടയാക്കിയ വാഹനാപകടത്തിന്റെ ഞെട്ടലിൽ നിന്ന് വിമുക്തമാകെ ദൃക്സാക്ഷികളും നാട്ടുകാരും. മരിച്ച കുട്ടികളുടെ കുടുംബങ്ങളോട് പറയാൻ ആശ്വാസവാക്കുകൾ പോലുമില്ലാതെ നാടൊന്നാകെ ഉള്ളുലഞ്ഞ് നിൽക്കുകയാണ്. തങ്ങളുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഒന്നിച്ച് നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാകാതെ കുടുംബാം​ഗങ്ങൾക്കൊപ്പം പൊട്ടിക്കരയുകയാണ് നാട്ടുകാരും. രാവിലെ കുട്ടികളുടെ വീട്ടിലും ഇപ്പോൾ പൊതു ദർശനം നടക്കുന്ന കരിമ്പനയ്ക്കൽ ഹാളിലും ജനക്കൂട്ടം തടിച്ചു കൂടിയിട്ടുണ്ട്. കരൾ പിളക്കുന്ന കാഴ്ചയാണ് ഇവിടെനിന്നെല്ലാം കാണാനാകുന്നത്.  

ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായിരുന്നെങ്കിൽ എന്നോർത്ത് വിതുമ്പുകയാണ് രക്ഷാ പ്രവർത്തനം നടത്തിയ നാട്ടുകാരിലൊരാളായ രഞ്ജിത്ത്. രണ്ടുപേരെ ലോറിയുടെ അടിയിൽനിന്ന് പൊക്കിയെടുത്തു, അതിലൊരാൾ സംസാരിക്കുന്നുണ്ടായിരുന്നു. ഒന്നുമില്ല മോളേ പേടിക്കണ്ടാ എന്നാശ്വസിപ്പിച്ചാണ് ആംബുലൻസിൽ കയറ്റിയത്. പക്ഷേ അവളുടെയും ജീവൻ രക്ഷപ്പെട്ടില്ല. സഞ്ജിത്തിന്‌ വാക്കുകൾ മുഴുവനാക്കാനാകുന്നില്ല.

ഒരാൾ ലോറിയുടെ ടയറിനടിയിൽ പെട്ടിട്ടുണ്ടായിരുന്നു. പുറത്തെടുക്കാൻ ഏറെ പരിശ്രമിച്ചു. കൈകൊണ്ടെല്ലാം കുഴിച്ച്‌ മണ്ണുമാറ്റാൻ ശ്രമിച്ചു. ചാലിനുള്ളിൽ ഇറങ്ങിനിന്നാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. പലയിടത്തും മുറിഞ്ഞ്‌ നീറുന്നു. കടയിൽ ഇരിക്കുമ്പോൾ വലിയ ശബ്ദംകേട്ടാണ് ഓടിയെത്തിയത്. ലോറി മറിഞ്ഞതാണെന്നേ ആദ്യം മനസ്സിലായുള്ളൂ. അതിനടിയിൽ കുഞ്ഞുങ്ങളുണ്ടാകുമെന്ന് കരുതിയില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ സഞ്ജിത് പറയുന്നു.

കഴിഞ്ഞവർഷം ഇതുപോലൊരു ലോറി ഇവിടെ മറിഞ്ഞിരുന്നു. അത്‌ സ്‌കൂൾ വിടുന്നതിന്‌ തൊട്ടുമുമ്പായിരുന്നു. എന്നാലിപ്പോൾ ദുരന്തത്തിന്‌ സാക്ഷിയാകേണ്ടിയും വന്നു. എത്ര ശ്രമിച്ചിട്ടും ഒരു കുഞ്ഞുപോലും രക്ഷപ്പെടാതിരുന്നത്‌ വലിയ നോവായി.  കാഞ്ഞിക്കുളം സ്വദേശിയായ സഞ്ജിത് പനയംപാടത്ത് ഫാബ്രിക്കേഷൻ കട നടത്തുകയാണ്. ശബ്ദംകേട്ടാണ്‌ അപകടമെന്ന്‌ മനസ്സിലായത്‌. ഉടൻ അടുത്തേക്കെത്തുകയായിരുന്നുവെന്ന്‌ സഞ്ജിത്‌ പറഞ്ഞു.

സ്‌കൂൾ വിട്ടുവന്ന പേരക്കുട്ടിയെയുംകൂട്ടി അപകടം നടന്ന റോഡരികിലൂടെ മിനുറ്റുകൾക്കു മുമ്പാണ്‌ കടന്നു പോയ സമീപവാസിയായ ജമീലയ്‌ക്ക്‌ ഞെട്ടലിൽ മുക്തയാകാനായിട്ടില്ല. ശബ്ദംകേട്ടാണ്‌ ഓടിയെത്തിയത്‌. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എത്തിയപ്പോൾ കണ്ടത് കുട്ടികളെ പുറത്തെടുക്കുന്നതാണ്. നാലുപേർ ലോറിക്കടിയിൽ കുടുങ്ങിയതായി അപ്പോൾ മനസിലായിരുന്നില്ല.  അപകടത്തിൽനിന്നും രക്ഷപ്പെട്ട കുട്ടിയെ സമീപത്തെ വീട്ടിലിരുത്തി. കുട്ടി ആകെ വെപ്രാളത്തിലായിരുന്നു. റോഡരികിലൂടെ സൂക്ഷിച്ചാണ്‌ നടന്നു പോവുക. അമിത വേഗത്തിലാണ്‌ വണ്ടികൾ പോവുന്നത്‌. കുട്ടികളെ എന്തു ധൈര്യത്തിൽ ഈ റോഡിലൂടെ അയയ്ക്കുമെന്നും ജമീല ചോദിക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home