21 February Friday

കാരായി രാജനും ചന്ദ്രശേഖരനുമെതിരെ മനുഷ്യാവകാശ ലംഘനം; ഇനിയും നീതി നിഷേധിക്കരുത്: സാംസ്‌കാരിക പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

തിരുവനന്തപുരം >  തലശ്ശേരിയിലെ രണ്ട് പൊതുപ്രവര്‍ത്തകര്‍ ഏഴര വര്‍ഷത്തിലധികമായി ഒരു കേസില്‍പ്പെട്ട് നാടുകടത്തിയ നിലയിൽ ജീവിക്കേണ്ടിവരുന്നത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണെന്ന്‌ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ. കാരായി രാജനും ചന്ദ്രശേഖരനും ഇനിയും നീതി നിഷേധിക്കരുതെന്നും സാംസ്‌കാരിക പ്രവർത്തകർ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

 കേസിലെ യഥാര്‍ത്ഥ പ്രതികള്‍, മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയില്‍ കുറ്റം സമ്മതിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് സംബന്ധിച്ച് സി ബി ഐ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പുനരന്വേഷണം പോലും നടത്താതെ, സ്വന്തം നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയില്‍ തളച്ചിട്ടിരിക്കയാണ്. ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. യഥാര്‍ത്ഥ പ്രതികളാരെന്നറിഞ്ഞിട്ടും രണ്ടു മനുഷ്യരോട് കാട്ടുന്ന അനീതി പൗരസമൂഹത്തിനുതന്നെ അപമാനകരമാണ്.

സ്വന്തം കുടുംബത്തില്‍ പോകാന്‍ അനുവാദമില്ലാതെ, മക്കളുടെ വിവാഹത്തില്‍ ഒരു അതിഥിയെപ്പോലെ പങ്കെടുക്കേണ്ടിവരുന്ന ദുരവസ്ഥ അത്യന്തം വിഷമകരമാണ്.  നാടുകടത്തപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും എങ്ങനെ ജീവിക്കുന്നു, അവരെ ആര് സംരക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത ഉത്തരവാദപ്പെട്ടവര്‍ക്ക് ഉണ്ട്.

തെറ്റായി പ്രതിചേര്‍ക്കപ്പെട്ട സംഭവങ്ങള്‍ ഇതിനുമുമ്പും രാജ്യത്തുണ്ടായിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തൊഴിയൂരില്‍ നടന്ന കൊലപാതക കേസില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷമാണ് ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടത്. ആ കേസിന്റെ പുനരന്വേഷണത്തിലാണ് നിരപരാധികള്‍ക്ക് നീതി ലഭിച്ചത്. തലശ്ശേരിയിലെ ഫസല്‍ കേസിലും തുടരേണ്ടത് ഈ നിയമവ്യവസ്ഥ തന്നെയായിരിക്കണമെന്നതില്‍ തര്‍ക്കമില്ല. നമ്മുടെ പൗരബോധത്തിനും ജനാധിപത്യ സങ്കല്‍പത്തിനുമെല്ലാമപ്പുറമുളള നടപടിക്രമങ്ങള്‍ അടിച്ചേല്‍പ്പിച്ചത് കൊണ്ടാണ് ഈ രണ്ടു വ്യക്തികള്‍ക്കും നീതി നിഷേധിക്കപ്പെടുന്നത്.

 നാളെ ഇതേ അവസ്ഥ ആര്‍ക്കും വരാം, ആരെയും പ്രതിയാക്കി ഇതുപോലെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യാം. ഇതിനെ ചോദ്യം ചെയ്യേണ്ടത് നാട്ടില്‍ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുടെ മുഴുവന്‍ കടമയായി കരുതുന്നു. ഇത് പൗരാവകാശത്തിന്റെയും നീതി നിഷേധത്തിന്റെയും പ്രശ്‌നം കൂടിയാണ്. 

കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേര്‍ക്കപ്പെട്ട കേസില്‍ അവര്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആരംഭഘട്ടത്തില്‍ തന്നെ എഴുതിക്കൊടുത്തിട്ടുണ്ട്. കേസില്‍ സത്യസന്ധവും നീതിപൂര്‍വ്വവുമായ പുനരന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ സജീവസാന്നിദ്ധ്യവുമായ പൊതുപ്രവര്‍ത്തകരെ ഏഴരവര്‍ഷത്തോളമായി നാട്ടില്‍ നിന്നും പറിച്ചെറിഞ്ഞതില്‍ യാതൊരു യുക്തിയും ഈ ആധുനിക സമൂഹത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തില്‍ നീതിപീഠം ഇടപെടണം. യുക്തമായ നടപടി ഉറപ്പ് വരുത്തണം. ഇനിയും മനുഷ്യാവകാശലംഘനം ഉണ്ടാവരുതെന്നും നീതി പ്രകാശിപ്പിക്കപ്പെടണമെന്നും സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡോ. കെ എന്‍ പണിക്കര്‍, വൈശാഖന്‍, ഷാജി എന്‍ കരുണ്‍, കമല്‍, കെ ഇ എന്‍, അശോകന്‍ ചരുവില്‍, ടി ഡി രാമകൃഷ്ണന്‍, ഖദീജ മുംതാസ്, കെ പി മോഹനന്‍, വി കെ ജോസഫ്, മ്യൂസ് മേരി, ഇ പി രാജഗോപാലന്‍, എം എം നാരായണന്‍, ഡോ. പി കെ പോക്കര്‍, കരിവെള്ളൂര്‍ മുരളി, ജി പി രാമചന്ദ്രന്‍, മുരളി നാഗപ്പുഴ, എം കെ മനോഹരന്‍, ജിനേഷ് കുമാര്‍ എരമം, വിനോദ് വൈശാഖി എന്നിവരാണ്‌ സംയുക്ത പ്രസ്‌താവനയിലൂടെ നീതി നിഷേധത്തിനെതിരെ പ്രതികരിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top