27 January Monday
കണ്ണൂർ വിമാനത്താവള വാർഷികം

ഉയർന്നു, മികവിന്റെ പൊൻതിളക്കം

പ്രത്യേക ലേഖകൻUpdated: Tuesday Dec 10, 2019


മട്ടന്നൂർ
കണ്ണൂരിന്റെ ആകാശസ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകിയ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാംവർഷത്തിലേക്ക്‌. തിങ്കളാഴ്‌ച നടന്ന വർണാഭമായ ഒന്നാം വാർഷികാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. 2018 ഡിസംബർ ഒമ്പതിന്‌ വ്യോമയാനഭൂപടത്തിൽ ഇടം നേടിയ വിമാനത്താവളത്തിന്റെ വാർഷികവും ചരിത്രമായി. അനാഥാലയത്തിലെ കുട്ടികൾക്കായി ഒരുക്കിയ സൗജന്യ വിമാനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്താണ് മുഖ്യമന്ത്രി ചടങ്ങുകൾക്ക് തുടക്കമായത്‌.

അന്താരാഷ്ട്ര ടെർമിനലിലെ ആർട്‌ ഗ്യാലറി, രാജ്യാന്തര യാത്രക്കാർക്കുള്ള ലോഞ്ച്, വിനോദ സഞ്ചാര വകുപ്പിന്റെ ഇൻഫർമേഷൻ സെന്റർ, സൗജന്യ വൈ ഫൈ സംവിധാനം എന്നിവയും ഉദ്‌ഘാടനംചെയ്‌തു. വിമാനത്താവളത്തിൽ പ്രദർശനത്തിനായി വ്യോമസേന നൽകിയ മിഗ് 27 പോർവിമാനം മുഖ്യമന്ത്രി അനാഛാദനം ചെയ്തു. വ്യവസായമന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ദക്ഷിണ വ്യോമസേന കമാൻഡന്റ് എയർ മാർഷൽ അമിത് തിവാരി എന്നിവർ സംസാരിച്ചു. കിയാൽ മാനേജിങ് ഡയറക്ടർ വി തുളസിദാസ് സ്വാഗതവും  എയർപോർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ പി ജോസ് നന്ദിയും പറഞ്ഞു.  സിഐഎസ്എഫ് ജവാന്മാർ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ വരവേറ്റത്. ഉദ്ഘാടനദിവസം അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്തവരെ മുഖ്യമന്ത്രി ആദരിച്ചു.


പ്രധാന വാർത്തകൾ
 Top