10 August Monday

നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കും കണ്ണൂരിന്റെ നേട്ടങ്ങള്‍: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

മട്ടന്നൂർ > ഏത് വികസന പദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിമാനത്താവള പരിസരത്ത് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 10 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. നാലാമതൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിലുണ്ടോ എന്ന് നേരത്തേ സംശയം പ്രകടിപ്പിച്ചവരുടെ കണ്ണു തുറപ്പിക്കുന്നതാണ് ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൈവരിച്ച നേട്ടങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ഡിസംബര്‍ 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടുവന്നിട്ടുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. 20 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാനുള്ള ഏപ്രണ്‍ സൗകര്യം ഇപ്പോള്‍ കണ്ണൂരിലുണ്ട്. 40 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ പാകത്തില്‍ ഏപ്രണിന്റെ വിസ്തൃതി വര്‍ധിപ്പിക്കലാണ് ലക്ഷ്യം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top