27 January Monday

കണ്ണിപ്പൊയില്‍ ബാബു വധക്കേസ്: പ്രതികളായ ആര്‍എസ്എസ്സുകാരെ കോൺഗ്രസ‌് സര്‍ക്കാര്‍ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

തലശേരി> മാഹി പള്ളൂരിലെ സിപിഐ എം നേതാവ‌് കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയാളികളായ ആർഎസ്എസ്സുകാരെ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ രക്ഷിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത തലശേരിയിലെ ബിജെപി നേതാവിനെയും എഫ്‌ഐആറിൽ ഉൾപ്പെട്ട പള്ളൂരിലെയും പന്തക്കലിലെയും ആർഎസ്എസ്സുകാരെയുമാണ് പുതുച്ചേരി സർക്കാർ കേസിൽനിന്ന് ഒഴിവാക്കിയത‌്. മാഹിയിലെ ആർഎസ്എസ്–--കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വിവാദ നടപടി.

മാഹിയിൽനിന്ന് അടുത്തിടെ സ്ഥലംമാറ്റപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടറെ ഉപയോഗിച്ചാണ് കേസ് അട്ടിമറിച്ചത്. കൊലപാതക ഗൂഢാലോചന അന്വേഷിക്കുന്നതിലും നാരായണസ്വാമി സർക്കാർ വിലക്കേർപ്പെടുത്തി. പുതുച്ചേരി ലെഫ്. ഗവർണർ ഓഫീസിലെ  പ്രമുഖന്റെ ഇടപെടലും ഇതിനുപിന്നിലുണ്ട്. 2018 മെയ് ഒമ്പതിന‌് രാത്രി 9.30ന‌്  വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോഴാണ് കണ്ണിപ്പൊയിൽ ബാബു പള്ളൂർ നടവയൽ റോഡിൽ വെട്ടേറ്റുമരിച്ചത്.


പ്രത്യേക അന്വേഷകസംഘത്തെ പിരിച്ചുവിട്ടു

പുതുച്ചേരി എസ്എസ‌്പി അപൂർവ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് അന്വേഷണ ചുമതല ഏൽപിച്ചത്. പാനൂർ ചെണ്ടയാട് പുതിയവീട്ടിൽ കെ ജെറിൻ സുരേഷ്, ഈസ്റ്റ്പള്ളൂർ പൂശാരി കോവിലിനടുത്ത കുറൂളിത്താഴെ കുനിയിൽ ഹൗസിൽ പി കെ നിജേഷ്, പന്തക്കൽ ശിവഗംഗയിൽ പി കെ ശരത‌് എന്നിവരെ അറസ്റ്റ് ചെയ്യുമ്പോഴേക്കും പ്രത്യേക അന്വേഷകസംഘത്തിനുമേൽ പിടിവീണു. വിവാദ നായകനായ സിഐ ഷൺമുഖമായിരുന്നു പിന്നീട് അന്വേഷിച്ചത്. ഇയാളുടെ  അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബാബുവിന്റെ കുടുംബം വ്യക്തമാക്കിയതാണ്. എന്നിട്ടും ചുമതലയിൽനിന്ന് മാറ്റിയില്ല. കൊലയാളി സംഘത്തിലെ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാനപ്രതി പള്ളൂർ അറവിലകത്ത്പാലത്തിനടുത്ത മൾട്ടിപ്രജിക്ക് മുൻകൂർ ജാമ്യമെടുക്കാൻ സർക്കാർ ഒത്താശ ചെയ്തു. ഐഎൻടിയുസി നേതാവ് മാധവന്റെ മകൻ മഗ്‌നീഷ്, പന്തക്കലിലെ മസ്താൻ രജീഷ്, തലശേരിയിലെ ബിജെപി നേതാവ് എന്നിവരെയാണ് ഒഴിവാക്കുന്നത്.

ഒരുവർഷം കഴിഞ്ഞിട്ടും കുറ്റപത്രമില്ല

കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യമെടുക്കാൻ സഹായംചെയ്തതും പുതുച്ചേരി സർക്കാരാണ്. മുൻ സിഐ സമർപ്പിച്ച ഭാഗിക കുറ്റപത്രം ഗുരുതരപിഴവിനെ തുടർന്ന് കോടതി മടക്കിയിരുന്നു. സ്ഥലംമാറ്റുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ധൃതിപിടിച്ച് സമർപ്പിച്ച കുറ്റപത്രമാണ് മടക്കിയത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഇപ്പോഴും ആഭ്യന്തരവകുപ്പ് താൽപര്യംകാട്ടുന്നില്ല. കണ്ണിപ്പൊയിൽ ബാബു വധത്തിനുശേഷം കേരളത്തിൽ നടന്ന അഭിമന്യുവധം, പെരിയ കൊലപാതകം തുടങ്ങിയ കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് പുതുച്ചേരിയിലെ കോൺഗ്രസ് ഭരണത്തിൽ ആർഎസ്എസ്സുകാർ സംരക്ഷിക്കപ്പെടുന്നത്. ബാബു വധക്കേസിൽ പ്രതികളെ രക്ഷിക്കുന്നതും കുറ്റപത്രം സമർപ്പിക്കാത്തതും ഒരുമാധ്യമത്തിനും വാർത്തയല്ല. കൊല്ലപ്പെട്ടത് സിപിഐ എം നേതാവും പ്രതികൾ ആർഎസ്എസ്സും സംരക്ഷിക്കുന്നത് കോൺഗ്രസുമാകുമ്പോൾ മൗനത്തിൽ അത്ഭുതമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top