16 September Monday

ആസിയാന്‍ കരാറിന്റെ ബാക്കിപത്രം : തുണി മില്ലുകൾക്കും പൂട്ടുവീണു

എസ‌് സിരോഷUpdated: Thursday Jun 13, 2019




ആസിയന്‍ കരാറിന്റെ പ്രഹരത്തിൽ പിടിച്ചുനിൽക്കാനാവാതെ കുഴങ്ങുകയാണ‌് സംസ്ഥാനത്തെ തുണി വ്യവസായ മേഖല. കുറഞ്ഞ വിലയ‌്ക്ക‌് വിദേശത്തുനിന്ന‌് നൂൽ ഇറക്കുമതി ചെയ്യുന്നതാണ‌് പ്രധാന പ്രതിസന്ധി. ഉൽപ്പാദനച്ചെലവും കയറ്റിറക്ക‌് കൂലിവർധനയും അശാസ്ത്രീയമായ ജിഎസ‌്ടി നയവും പ്രതിസന്ധി ഇരട്ടിപ്പിച്ചു.
കഞ്ചിക്കോട‌് വ്യവസായ മേഖലയിലെ രണ്ട‌് പ്രധാന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറച്ചും ആനുകൂല്യങ്ങളിൽ കുറവു വരുത്തിയും പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണ‌് ഇവ.

നേരത്തേ സംസ്ഥാനത്ത‌് 35 സ്വകാര്യ മില്ലുകൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലെണ്ണം മാത്രം. മൂന്നെണ്ണം പാലക്കാട‌് ജില്ലയിലാണ‌്. കഞ്ചിക്കോട‌് പാറ്റ‌്സ‌്പിൻ കമ്പനി തുടങ്ങുമ്പോൾ ലക്ഷ്യം വിദേശ വിപണിയായിരുന്നു. തുടക്കത്തില്‍ നൂറു ശതമാനം ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്തിരുന്നു. എന്നാലിന്ന‌് 15 ശതമാനം മാത്രമാണ‌് കയറ്റുമതി.

പഞ്ഞിയുടെ വില  കിലോയ്‌ക്ക‌് 15 രൂപ കൂടി. എന്നാല്‍ അതില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന നൂലിന് നാലു രൂപ മാത്രമാണ‌് കിട്ടുന്നത‌്. കഴിഞ്ഞ യുപിഎ സർക്കാരിന്റെ  കാലത്താണ് ആസിയാൻ കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരം നൂല‌്, വസ‌്ത്രം എന്നിവയുൾപ്പെടെ 48 സാധനങ്ങളാണ‌് തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്നത‌്. വൻതോതിലുള്ള ഇറക്കുമതി വ്യവസായത്തെ പ്രതിസന്ധിയിലായി.

രാജ്യത്തെ വൻകിട മില്ലുടമകളടക്കം ബംഗ്ലാദേശിൽനിന്നും വിയറ്റ‌്നാമില്‍നിന്നും തുണി ഉൽപ്പാദിപ്പിച്ച‌്  കുറഞ്ഞ നികുതിയിൽ ഇറക്കുമതി ചെയ്യുന്ന സ്ഥിതിയാണ്.
ചൈനയിൽ നിന്ന‌് കളിപ്പാട്ടങ്ങളുമായി വരുന്ന വലിയ കപ്പലുകൾ മടങ്ങുമ്പോൾ രാജ്യത്ത്നിന്ന‌് പരുത്തി വൻതോതിൽ കൊണ്ടുപോകുന്നുമുണ്ട‌്. പരുത്തി ഇറക്കുമതിക്ക് വൻ തുകയുമാവും. യന്ത്രസാമ​ഗ്രികളുടെയും  കടത്തുകൂലിയുടെയും മറ്റും വര്‍ധനയും ഉല്‍പ്പാദന  ചെലവ്  വന്‍തോതില്‍ കൂട്ടി.


പ്രധാന വാർത്തകൾ
 Top