22 October Tuesday

കൈയോടെ ‘കനിവെ’ത്തും; ഉദ്ഘാടനം ചൊവ്വാഴ്‌ച

സ്വന്തം ലേഖകൻUpdated: Monday Sep 16, 2019

തിരുവനന്തപുരം >  റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിന്‌ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കുന്ന സമഗ്ര ട്രോമകെയർ പദ്ധതിയിലെ സൗജന്യ ആംബുലൻസ്‌ ശൃംഖല ‘കനിവ്‌ 108’ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ചൊവ്വാഴ്‌ച നടക്കും.

 വൈകിട്ട് മൂന്നിന് സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, എ കെ ശശീന്ദ്രൻ, ജി സുധാകരൻ എന്നിവർ പങ്കെടുക്കും. സംസ്ഥാനത്ത്‌ പ്രതിവർഷം ഏകദേശം നാൽപ്പതിനായിരത്തോളം റോഡപകടങ്ങൾ ഉണ്ടാകുന്നതായാണ്‌ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ശരാശരി നാലായിരത്തോളം വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നു.

 ദേശീയ സംസ്ഥാന ഹൈവേകളെക്കാളും ഉൾനാടൻ റോഡുകളിൽ അപകടങ്ങൾ വർധിക്കുന്നു. റോഡപകടങ്ങളിൽപ്പെടുന്ന ഏതൊരു വ്യക്തിക്കും ആദ്യമണിക്കൂറുകളിൽ അടിയന്തരചികിത്സ ലഭ്യമാക്കാനായാൽ 70 ശതമാനത്തോളം റോഡപകട മരണനിരക്ക് കുറയ്ക്കാൻ കഴിയും എന്നുള്ളതാണ് ശാസ്ത്രീയ വിശകലനം.

 ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ സമഗ്ര ട്രോമകെയർ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നതെന്ന്‌ മന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപകടത്തിൽപ്പെട്ട ഏതൊരു വ്യക്തിയേയും അടിയന്തരമായി അപകടസ്ഥലത്തുനിന്നും ചികിത്സാകേന്ദ്രത്തിലേക്ക്‌ എത്തിക്കുന്നതിനാണ്‌ സൗജന്യ ആംബുലൻസ്‌ ശൃംഖല സജ്ജീകരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top