11 December Wednesday

കുരുക്കിൽ പെടില്ല; സർക്കാർ രക്ഷകർക്കൊപ്പം: പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


സ്വന്തം ലേഖിക
തുടർനടപടികളിലെ കുരുക്കുകൾ ഭയന്നാണ്‌ പലരും അപകടത്തിൽപ്പെടുന്നവരെ സഹായിക്കാൻ തയ്യാറാകാത്തതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനി അത്തരം കുരുക്കുകൾ നേരിടേണ്ടി വരില്ല. രക്ഷാപ്രവർത്തകർക്കൊപ്പമാണ്‌ സർക്കാർ. പൊലീസിലടക്കമുള്ളവരുടെ പെരുമാറ്റത്തിൽ സർക്കാർ സമീപനം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ ആംബുലൻസ് ശൃംഖല ‘കനിവ്- 108’ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അപകടത്തിൽപ്പെടുന്നവരെ സമയനഷ്ടമില്ലാതെ ആശുപത്രിയിൽ എത്തിക്കാനുള്ള സൗജന്യ ആംബുലൻസ് ശൃംഖലയ്‌ക്കൊപ്പം, അടിയന്തര ചികിത്സ ഫലവത്തായി നൽകാൻ സർക്കാർ ആരോഗ്യസ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യചികിത്സ ലഭ്യമാക്കുന്ന ‘ഗോൾഡൻ അവർ ട്രീറ്റ്‌മെന്റ് പാക്കേജ്’ അടക്കം സമഗ്ര ട്രോമകെയർ സംവിധാനമാണ്‌ നടപ്പാക്കുന്നത്‌.

അപകടം കുറയ്ക്കാനും അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ ഉറപ്പുവരുത്താനുമുള്ള ബോധവൽക്കരണവും നടത്തുന്നു.സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ അപകടം നടക്കുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ ജിഐഎസ് മാപ്പിങ് വഴി കണ്ടെത്തിയ 315 കേന്ദ്രത്തിലാണ്‌ ആംബുലൻസ്‌ ലഭ്യമാക്കുന്നത്‌.

അത്യാധുനിക ഉപകരണ സംവിധാനങ്ങളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ സേവനവും ആംബുലൻസിൽ ലഭ്യമാകും. ആദ്യഘട്ടമായി 101 ആംബുലൻസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒക്‌ടോബർമുതൽ പദ്ധതി പൂർണസജ്ജമാകും.ടോൾ ഫ്രീ നമ്പരായ ‘108’ വഴിയോ മൊബൈൽ ആപ്ലിക്കേഷൻവഴിയോ ആംബുലൻസ്‌ സേവനം ആവശ്യപ്പെടാം.

24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സജ്ജമാണ്. പ്രത്യേക പരിശീലനം ലഭിച്ച 70 എമർജൻസി റെസ്‌പോൺസ് ഓഫീസർമാരും അവിടെയുണ്ടാകും. സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം പറയാൻ സൗജന്യ ടോൾഫ്രീ നമ്പ‌രും തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top