17 June Monday

യൂത്ത് കോണ്‍. പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ; കർണാടക പൊലീസിന്റെ സഹായം തേടി

സ്വന്തം ലേഖകർUpdated: Tuesday Feb 19, 2019

കാഞ്ഞങ്ങാട‌്,  തിരുവനന്തപുരം > കല്യോട്ട‌് രണ്ട‌് യൂത്ത‌്കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട  സംഭവത്തിൽ രണ്ട‌് പേരെ  പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുകയാണ‌്. കൊലയാളികളെകുറിച്ച‌് ഇവരിൽനിന്ന‌് വിവരങ്ങൾ  ശേഖരിക്കാനാണ‌്  ശ്രമം.  കൊല നടന്ന സ്ഥലത്ത‌് നിന്ന‌് കസ‌്റ്റഡിയിലെടുത്ത രണ്ട‌് ബൈക്ക‌് സംബന്ധിച്ച‌ും അന്വേഷണം നടത്തുന്നു. കൊലപാതകത്തിന‌് ഉപയോഗിച്ചുവെന്ന‌് കരുതുന്ന വടിവാളിന്റെ പിടി സംഭവസ്ഥലത്തുനിന്ന‌് കണ്ടത്തി. കൊലയാളി സംഘത്തിൽ മൂന്ന‌് പേരുള്ളതായാണ‌് നിഗമനമെന്ന്‌ കാസർകോട‌് ജില്ലാ പൊലീസ‌്മേധാവി ഡോ. എ ശ്രീനിവാസ‌് പറഞ്ഞു.

ജീപ്പിലെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ‌് സംശയിക്കുന്നത‌്.  ഞായറാഴ‌്ച  രാത്രി എട്ടോടെയാണ‌്  പെരിയ കല്യോട്ട‌്, യൂത്തുകോൺഗ്രസ‌് പ്രവർത്തകരായ കൃപേഷ‌് (21), ശരത‌് ലാൽ  എന്ന ജോഷി (25) എന്നിവർ കൊല്ലപ്പെട്ടത‌്. ശരത‌് ലാലിന്റെ കഴുത്തിലും ഇരുകാലിലുമായി അഞ്ചിലേറെ വെട്ടുകളുണ്ട‌്. കൃപേഷിന്റെ തലക്ക‌് ആഴത്തിലുള്ള  വെട്ടുണ്ട‌്.

സംസ്ഥാന അതിർത്തിപ്രദേശമായതിനാൽ പ്രതികളെ പിടികൂടാൻ കർണാടക പൊലീസിന്റെ സഹായംതേടിയിട്ടുണ്ടെന്ന‌് പൊലീസ‌് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ‌് കുമാർ തിരുവവനന്തപുരത്ത‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അന്വേഷണത്തിനായി പ്രത്യേക സംഘവും രൂപീകരിച്ചു.  ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം പ്രദീപ് കുമാറാണ‌് അന്വേഷകസംഘം തലവൻ. ഡിവൈഎസ‌്പിമാരായ ജെയ്‌സൺ കെ എബ്രഹാം, കെ ഹരീഷ് ചന്ദ്ര നായിക്,  ടി പി രഞ‌്ജിത‌്, സിഐമാരായ എം എ മാത്യു, പി കെ വിശ്വംഭരൻ, റഹീം എന്നിവരാണ‌് സംഘാംഗങ്ങൾ.

കല്യോട്ടെ സിപിഐ എം പ്രവർത്തകൻ പീതാംബരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ശരത‌് ലാലും, കൃപേഷും. ബേക്കൽ  പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ശരത്‌ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമാണ്. കേസിൽ റിമാൻഡിലായിരുന്ന ശരത്‌ലാലിന‌് ഫെബ്രുവരി ഏഴിനാണ‌് കോടതി ജാമ്യം അനുവദിച്ചത‌്. കൃപേഷിനെ അറസ്റ്റുചെയ്‌തിരുന്നില്ല. ജനുവരി ആറിന‌് കല്യോട്ടുണ്ടായ മറ്റൊരു അക്രമസംഭവത്തിൽ ശരത്‌ലാൽ ഒന്നാം പ്രതിയും കൃപേഷ് രണ്ടാംപ്രതിയുമായിരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ പോസ‌്റ്റ‌്മോർട്ടം ചെയ‌്‌‌ത ഇരുവരുടെയും മൃതദേഹങ്ങൾ  വിലാപയാത്രയായി കൊണ്ടുവന്ന‌് തിങ്കളാഴ‌്ച സന്ധ്യയോടെ കല്യോട്ട‌് സംസ‌്കരിച്ചു‌. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല, കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, യൂത്ത‌്കോൺഗ്രസ‌് സംസ്ഥാന പ്രസിഡന്റ‌് ഡീൻ കുര്യാക്കോസ‌്, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ‌്  തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അന്ത്യാഞ‌്ജലി അർപ്പിച്ചു.


പ്രധാന വാർത്തകൾ
 Top