27 May Monday

കമ്പകക്കാനം കൂട്ടക്കൊല: പ്രധാനപ്രതികള്‍ പൊലീസ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

തൊടുപുഴയില്‍ കൊല്ലപ്പെട്ട കൃഷ്ണനും കുടുംബവും

തൊടുപുഴ > കമ്പകക്കാനം കൂട്ടക്കൊലപാതക കേസിലെ പ്രധാനപ്രതികളായ രണ്ടു പേര്‍ പൊലീസ് പിടിയില്‍. കൂട്ടക്കൊലയില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേരാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ അടിമാലി സ്വദേശികളാണ് പിടിയിലായത്.  പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങൾ തിങ്കളാഴ്ച വെളിപ്പെടുത്തുമെന്ന് പൊലീസ് സൂപ്രണ്ട് കെ ബി വേണുഗോപാൽ പറഞ്ഞു. പഴുതുകൾ അടച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കേസിലെ പ്രതികളെ നാലു ദിവസത്തിനകം പിടികൂടിയത്.

വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണൻ(52), ഭാര്യ സുശീല(50), മക്കളായ ആർഷ(21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. അയൽ വീട്ടിൽനിന്ന് പാൽ വാങ്ങാൻ തിങ്കളാഴ്ച മുതൽ ആരും എത്താത്തതും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീട് അടഞ്ഞു കിടന്നാതയുള്ള മൊഴിയും ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചു.

കൃഷ്ണന്റെ മന്ത്രവാദ ക്രിയകളിൽ സഹായിയായിരുന്ന നെടുങ്കണ്ടം സ്വദേശിയെ കസ്റ്റഡിലിലെടുത്തതോടെ നിർണായക സൂചനകൾ ലഭിച്ചു. നെടുങ്കണ്ടം പുഷ്പക്കണ്ടത്തെ ഇയാളുടെ വീട്ടിൽ കൃഷ്ണൻ പലതവണ എത്തിയതും നിധിയുടെ പേരിൽ ഇരുവും ചേർന്നു നടത്തിയ തട്ടിപ്പുകളും ഇതോടെ വെളിച്ചത്തായി. കൃഷ്ണന്റെ മൊബൈൽ ഫോണിലെ കോൾ പട്ടികയും നിർണായകമായി. സിമ്മുകൾ മാറി മാറി ഉപയോഗിച്ചിരുന്ന കൃഷണനുമായി ഏറ്റവും കുടുതൽ വിളികൾ നടത്തിയിട്ടുള്ളവരുടെ പട്ടിക തയാറാക്കി ചോദ്യം ചെയ്യൽ തുടങ്ങി. തിരുവനന്തപുരം പാങ്ങോടു നിന്ന് റിട്ടയേഡ് പൊലീസ് അസിസ്റ്റന്റ് കമാൻഡന്റ്, മുസ്ലീം ലീഗ് തിരുനന്തപുരം ജില്ലാ കമ്മിറ്റി അംഗം എന്നിവർ അടക്കം മൂന്നു പേർ അതോടെ കസ്റ്റഡിയിലായി.

കൃഷ്ണന്റെ മന്ത്രവാദ ബന്ധങ്ങൾ തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. എന്നാൽ കവർച്ചയ്ക്കിടെ കൊലപാതകം നടക്കാനുള്ള സാധ്യതയും പൊലീസ് തുറന്നിട്ടു. വീട്ടിൽ നിന്ന് 30 പവന്റെ ആഭരണങ്ങൾ കാണാതായെന്ന് സുശീലയുടെ സഹോദരി നൽകിയ മൊഴിയായിരുന്നു ഇതിന്റെ അടിസ്ഥാനം. വീട്ടുകാരുടേതല്ലാത്ത നിരവധി വിരലടയാളങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തിയതും മൂന്ന് ആയുധങ്ങൾ പ്രയോഗിച്ചെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും കൊലയാളികളിലേക്കുള്ള വഴികൾ തുറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള 40 അംഗ അന്വേഷണ സംഘം ഒടുവിൽ പ്രതികളെ വലയിലാക്കുകയായിരുന്നു. കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ ഞായറാഴ്ച ഇടുക്കിയിലെത്തി പ്രതികളുടെ അറസ്റ്റ‌് സംബന്ധിച്ച കാര്യങ്ങൾക്ക് അന്തിമരൂപം നൽകി. നെടുങ്കണ്ടും സ്വദേശിയെ ഞാഴറാഴ്ച പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

 

പ്രധാന വാർത്തകൾ
 Top