21 May Tuesday

യാത്രക്കാരെ ആക്രമിക്കൽ സ്വകാര്യ ബസ‌് പിടിച്ചെടുത്തു; 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ അറ‌സ‌്റ്റ‌് ചെയ‌്തു. സുരേഷ‌് കല്ലട ട്രാവൽസിലെ ജീവനക്കാരായ തിരുവനന്തപുരം സ്വദേശി ജിതിൻ, ആലത്തൂർ സ്വദേശി ജയേഷ് എന്നിവരെയ‌ാണ‌് മരട‌് പൊലീസ‌് അറസ്‌റ്റ‌് ചെയ‌്തത‌്. സംഘം ചേർന്ന‌് മർദിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ‌് കേസ‌്.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന‌് ഡിജിപി ലോക‌്നാഥ‌് ബഹ‌്റ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ വൈറ്റിലയിലെ ട്രാവൽസിന്റെ ഓഫീസിന‌് മുന്നിലാണ‌് യാത്രക്കാർക്ക‌് മർദനമേറ്റത‌്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂരിലെ അജയഘോഷിന്റെ പരാതിയിലാണ് അറസ്റ്റ്. അജയഘോഷിന്റെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും അക്രമിസംഘം തട്ടിയെടുത്തതായും പരാതിയിലുണ്ട്‌. ശനിയാഴ്ച തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോവുകയായിരുന്ന ബസ് ഹരിപ്പാട് കരുവാറ്റയിൽവച്ച് ബ്രേക്ക് ഡൗൺ ആയി. ബസ‌് മൂന്നരമണിക്കൂറോളം റോഡിൽ നിർത്തിയിട്ടു. പകരം സംവിധാനം ചോദിച്ച യാത്രക്കാരോട‌് ജീവനക്കാർ തട്ടിക്കയറുകയായിരുന്നു. തുടർന്ന് ഹരിപ്പാട് പൊലീസ് ഇടപെട്ടാണ് കൊച്ചിയിൽനിന്ന് പകരം ബസ് എത്തിച്ച്‌ യാത്രക്കാരെ കൊണ്ടുപോയത്.

ഈ വാഹനം ഞായറാഴ്ച പുലർച്ചെ 4.30ന‌് വൈറ്റിലയിൽ കല്ലട ട്രാവൽസിന്റെ ഓഫീസിന‌് മുന്നിലെത്തിയപ്പോഴാണ‌് ഒരുസംഘം ജീവനക്കാർ അജയഘോഷ്, ബത്തേരി സ്വദേശി സച്ചിൻ, പാലക്കാട് സ്വദേശി മുഹുദ് അഷ്ക്കർ എന്നിവരെ ബസിൽക്കയറി മർദിച്ചത്. ഇവർ ഹരിപ്പാട് ഓഫീസിലെ ജീവനക്കാരെ മർദിച്ചു എന്നാരോപിച്ചായിരുന്നു ഇത്‌. മർദിച്ച്‌ ഇവരെ  പുറത്തേക്ക് തള്ളിയിട്ട‌് ബസ് ബംഗളൂരുവിലേക്ക‌് പോയി. യുവാക്കൾ സമീപമുള്ള കടയിൽ അഭയം പ്രാപിച്ചു.

മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ‌് ഫിലിപ്പ‌് ഇവ സമൂഹ മാധ്യമങ്ങളിൽ പോസ‌്റ്റ‌് ചെയ‌്തതോടെയാണ‌് സംഭവം പുറത്തറിയുന്നത‌്. ബസ‌് പൊലീസ‌് പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരനായ ഡ്രൈവറെയും മറ്റൊരു ജീവനക്കാരനായ ഗിരിലാലിനെയും ഉടൻ കസ‌്റ്റഡിയിലെടുക്കും.
സംഭവത്തെക്കുറിച്ച് ഡിജിപി ലോക‌്നാഥ‌് ബഹ‌്റ ട്രാൻസ്പോർട്ട് കമീഷണറുമായി സംസാരിച്ചു. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന് നിർദേശം നൽകി. കമ്പനിയുടെ തിരുവനന്തപുരം മാനേജരെ വിളിച്ചുവരുത്തി ചോദ്യം ചെയ‌്തു. ദൃശ്യങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡിജിപി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. കർശന നടപടി സ്വീകരിക്കുമെന്ന‌് ഡിജിപി വ്യക്തമാക്കി.

ബസ‌് കെ ആർ സുരേഷ‌് കുമാറിന്റെ പേരിൽ ഇരിങ്ങാലക്കുടയിൽ രജിസ‌്റ്റർ ചെയ‌്തതിനാൽ തുടർനടപടികൾക്കായി കേസ‌് അങ്ങോട്ട‌് കൈമാറുമെന്നും   ഡ്രൈവറുടെ ലൈസൻസ‌് റദ്ദാക്കുമെന്നും എറണാകുളം ആർടിഒ ജോജി പി ജോസ‌് പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top