31 March Tuesday

ഗർഭിണിയുണ്ടെന്ന്‌ പറഞ്ഞിട്ടും ഡ്രൈവർ കേട്ടില്ല; അപകടകാരണം വെളിപ്പെടുത്തി യാത്രക്കാരി

സ്വന്തം ലേഖകൻUpdated: Monday Feb 24, 2020

കോഴിക്കോട് > ബസ്സിൽ ഗർഭിണിയുണ്ടെന്നും വേഗം കുറയ്‌ക്കണമെന്ന്‌ പറഞ്ഞിട്ടും ഡ്രൈവർ കേട്ട ഭാവം നടിച്ചില്ലെന്ന്‌ മൈസൂരുവിൽ അപകടത്തിൽപ്പെട്ട കല്ലട ബസ്സിലെ യാത്രക്കാരി. കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ബസ്സിൽ യാത്രചെയ്ത മലയാളിയായ അമൃത മേനോനാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ അപകടത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തിയത്‌. കഴിഞ്ഞ 21നാണ്‌ ബംഗളൂരു–- പെരിന്തൽമണ്ണ റൂട്ടിൽ മൈസൂരുവിനടുത്ത്‌ ഹുസ്‌നൂരിൽ ബസ്‌ മറിഞ്ഞത്‌. 

‘‘രാത്രി ഒമ്പതരയ്ക്കാണ്‌ ബംഗളൂരുവിൽനിന്ന്‌ ബസ്സെടുത്തത്‌. അമിതവേഗത്തിലാണ്‌ ഡ്രൈവർ വാഹനം ഓടിച്ചത്‌. ബസ്സിൽ ഗർഭിണിയുണ്ടെന്നും വേഗം കുറയ്‌ക്കണമെന്ന്‌ പറഞ്ഞിട്ടും ഡ്രൈവർ അനുസരിച്ചില്ല. നിങ്ങൾ അതേക്കുറിച്ച്‌ ആലോചിക്കേണ്ടെന്നും ഞങ്ങൾ സ്ഥിരം പോകുന്ന റൂട്ടാണെന്നുമായിരുന്നു ഡ്രൈവറുടെ ധാർഷ്ട്യത്തോടെയുള്ള മറുപടി. കാറിനെ രക്ഷിക്കാൻ  ബസ്‌‌ വെട്ടിച്ചപ്പോഴാണ്‌ അപകടത്തിൽപ്പെട്ടതെന്ന വിശദീകരണവും കളവാണ്‌. രണ്ട്‌ റോഡായി പിരിയുന്ന സ്ഥലത്ത്‌ ഡ്രൈവർ ഇടതുവശത്തെ റോഡിലേക്ക്‌ തിരിച്ചു. തുടർന്ന്‌ വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബസ്‌ തലകുത്തി മറിയുകയായിരുന്നു. എനിക്ക്‌ തലയിടിച്ച്‌ രക്തം കട്ടപിടിച്ചിട്ടുണ്ട്‌.’’ അവർ പറഞ്ഞു. ഇതേ റൂട്ടിലുള്ള മറ്റൊരു ബസ്സിനെ വെട്ടിക്കാൻ പലതവണ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്ന്‌ എളുപ്പവഴിയിലൂടെ കയറാൻ ശ്രമിച്ചതാണ്‌ അപകടമുണ്ടാവാൻ കാരണമെന്ന്‌ മറ്റേ ബസ്സിലെ  യാത്രക്കാർ പറഞ്ഞതും അമൃത ഓർക്കുന്നു.   

അപകടത്തിൽ മഹാരാഷ്‌ട്ര സ്വദേശിനി ഷെറിൻ (20) മരിക്കുകയും 20 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മുമ്പും കല്ലട ബസ്സിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാതിയുയർന്നിരുന്നു.


പ്രധാന വാർത്തകൾ
 Top