22 October Tuesday

നഗരം അടുത്തു, ഗ്രാമം അകലെത്തന്നെ ; കേരളം ഏറെ മാറി

കെ ഗിരീഷ‌്Updated: Friday Jul 19, 2019



തൃശൂർ
പൊതു ഇടങ്ങളിൽ കേരളത്തിൽ ട്രാൻസ‌് സമൂഹത്തിന‌് മാന്യമായ ഇടം കിട്ടാ ൻ തുടങ്ങിയെന്ന‌് പ്രമുഖ ട്രാൻസ‌് ജെൻഡർ ആക‌്ടിവിസ‌്റ്റ‌് കൽക്കി സുബ്രഹ്മണ്യം. ലളിതകലാ അക്കാദമിയിൽ ‘ലയം’ ചിത്ര–-ശിൽപ്പ രചനാക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു  ചിത്രകാരികൂടിയായ കൽക്കി.

കേരളം ഏറെ മാറി. സമീപനത്തിൽ വലിയ മാറ്റം വന്നു. സർക്കാരും നല്ല പരിഗണന നൽകാൻ തുടങ്ങി. പത്തുവർഷം മുമ്പ‌് ഫാറൂഖ‌് കോളേജിലും കലിക്കറ്റ‌് സർവകലാശാലയിലും ക്ലാസെടുക്കാൻ വന്നപ്പോൾ അനുഭവിച്ച തുറിച്ചുനോട്ടം ഇന്നനുഭവപ്പെടുന്നില്ല. എന്നാൽ ഈ മാറ്റം നഗരങ്ങളിൽ മാത്രമാണ‌്.  ഗ്രാമങ്ങളിൽ   അവഗണനയും അവഹേളനവും തുടരുകയാണ‌്. തമിഴ‌്നാട‌് വളരെ മുമ്പേ ഗുണകരമായ നിലപാടെടുത്തു. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ എൽജിബിടി സമൂഹത്തിന്റെ ജീവിതം ദയനീയമാണെന്നും അവർ പറഞ്ഞു.

വീടുകൾക്കകത്തു നിന്നും അനുഭവിക്കുന്ന പീഡനമാണ‌് വീടുവിടാൻ പ്രേരിപ്പിക്കുന്നത‌്. ഇവരിൽ ആത്മഹത്യാ നിരക്ക‌് 40 ശതമാനം കൂടുതലാണ‌്. കുട്ടികളെ പീഡിപ്പിക്കുന്ന മാതാപിതാക്കൾക്കെതിരെ കേസെടുക്കാൻ നിയമം വേണം.

എന്ത‌് മനുഷ്യാവകാശമാണ‌് ഇന്ത്യയിൽ  ട്രാൻസ‌്ജെൻഡർ വിഭാഗത്തിനുള്ളതെന്ന‌് കൽക്കി ചോദിച്ചു.  പാർലമെന്റ‌് പാസാക്കിയ ട്രാൻസ‌് ബിൽ എവിടെ ? അതിനകത്ത‌് എന്താണുള്ളതെന്ന‌് ഈ മേഖലയിലുള്ളവർക്കു പോലും അറിയില്ല. ലിംഗമാറ്റ ശസ‌്ത്രക്രിയക്ക‌് വലിയ ചെലവാണ‌്. കേരളവും ബിഹാറും സർക്കാർ തലത്തിൽ സഹായിക്കാനുള്ള നടപടിയെടുത്തിട്ടുണ്ട‌്. തമിഴ‌്നാട്ടിൽ സൗജന്യമായി ഈ ശസ‌്ത്രക്രിയ ചെയ്യുന്നുണ്ട‌്. 

ലളിതകലാ അക്കാദമി മാത്രമാണ‌്  ട്രാൻസ‌്ജെൻഡർ കലാകാരികളെ പരിഗണിച്ചത‌്. കലാകാരന്മാരുമായി ഒത്തുചേരാൻ അവസരം നൽകുന്ന ലയം ക്യാമ്പ‌് മികച്ചതാണെന്നും കൽക്കി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top