26 February Wednesday

കളിയിക്കാവിളയിലെ എഎസ്‌ഐയുടെ കൊലപാതകം: എറണാകുളത്ത് നിന്ന് തോക്ക് കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കൊച്ചി > കളിയിക്കാവിളയില്‍ എഎസ്‌ഐ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന തോക്ക് കണ്ടെടുത്തു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. സൈന്യം ഉപയോഗിക്കുന്ന തോക്കാണിത്. പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

കളിയിക്കാവിള ചെക്പോസ്റ്റില്‍ തമിഴ്നാട് എഎസ്‌ഐ വില്‍സനെ വെടിവച്ചുകൊന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളുടെ അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം കൂടി പരിഗണിച്ചാണ് നടപടി. ശുപാര്‍ശ പരിഗണിച്ച് അടുത്ത ദിവസംതന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും.
 
കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം നടത്തിയതിന്റെ രേഖകളും കണ്ടെത്തിയിതായി പൊലീസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും അല്‍ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അടക്കമുള്ളവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസിന്റെ വാദം.
 
ഐഎസില്‍ ചേര്‍ന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീന്‍ ഖ്വാജയുമായി ചേര്‍ന്ന് അല്‍ ഉമ്മയുടെ പ്രവര്‍ത്തനം ഏറ്റെടുത്തെന്ന് പ്രാഥമികവിവര റിപ്പോര്‍ട്ടിലുണ്ട്. കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും മുഹമ്മദ് ഷെമീമിനെയും ബുധനാഴ്ച തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.


പ്രധാന വാർത്തകൾ
 Top