Deshabhimani

കലവൂരിലെ കൊലപാതകം: പിടിയിലായ ദമ്പതികളെ ഇന്നെത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 08:19 AM | 0 min read

ആലപ്പുഴ > കലവൂർ കോർത്തുശേരിയിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പിടിയിലായ ദമ്പതികളെ ഇന്ന് കർണാടകയിൽ നിന്നും കേരളത്തിലെത്തിക്കും. കാട്ടൂർ പള്ളിപ്പറമ്പിൽ സ്വദേശി മാത്യൂസ്‌(നിധിൻ–-33), ഉടുപ്പി സ്വദേശി ശർമിള(30) എന്നിവരെയാണ്‌ കർണാടകയിലെ മണിപ്പാലിൽനിന്ന്‌ മണ്ണഞ്ചേരി പൊലീസ്‌ പിടികൂടിയത്‌.

ഉഡുപ്പിയിൽനിന്ന്​ എട്ടുകിലോമീറ്റർ അകലെ മണിപ്പാലിലെ ശർമിളയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ ഇവർ പിടിയിലായത്‌. ​പ്രതികളുമായി അന്വേഷകസംഘം റോഡുമാർഗം കേരളത്തിലേക്ക്​ തിരിച്ചു​. വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കും. പിന്നീട്‌ കസ്‌റ്റഡിയിൽ വാങ്ങി ഉഡുപ്പിയിലടക്കം എത്തിച്ച്‌ തെളിവെടുക്കും. സുഭദ്രയിൽ നിന്ന്‌ കവർന്നശേഷം ഉഡുപ്പിയിലും ആലപ്പുഴയിലുമടക്കം പണയംവച്ച സ്വർണാഭരണങ്ങളടക്കം പൊലീസ്‌ കണ്ടെടുക്കും.

കൊച്ചി കടവന്ത്രയിൽനിന്ന് ആഗസ്‌ത്‌ നാലിന് കാണാതായ സുഭദ്ര‌(73)യുടെ മൃതദേഹം ചൊവ്വാഴ്ചയാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23–--ാം വാർഡിൽ പഴമ്പാശ്ശേരി വീടിന്‌ പിൻവശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി രണ്ടുദിവസത്തിനകം പ്രതിളെന്നു സംശയിക്കുന്ന ദമ്പതികൾ പിടിയിലായി. പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു പ്രതികൾക്കായി പൊലീസിന്റെ തെരച്ചിൽ. ഉഡുപ്പിയിലെത്തിയ പൊലീസ്‌ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇതിനിടെ ഇവരുടെ ഫോൺ സ്വിച്ച്‌ ഓഫായി. തുടർന്ന്‌ ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പിടിയിലായത്‌.

കാണാതാകുന്ന സമയത്ത്‌ സുഭദ്ര ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലെയും സ്വകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തി പണം അക്കൗണ്ടിലേക്ക്​ എത്തിയതിന്റെ വിവരങ്ങൾ നേരത്തെ പൊലീസിന്‌ ലഭിച്ചിരുന്നു. സിസിടിവി പരിശോധനയിലും ഇരുവരുടെയും ദൃശ്യങ്ങളും ലഭിച്ചു. ഉഡുപ്പിയിൽ രണ്ട്​ സ്വർണവളകൾ പണയപ്പെടുത്തി കിട്ടിയതുക ഗൂഗിൾപേവഴി മാത്യൂസിന്റെ അക്കൗണ്ടിലെത്തിയിരുന്നു. ഇതിന്റെ  വിശദാംശങ്ങൾ തേടി സിസിടിവി പരിശോധിച്ചപ്പോഴാണ്​ ഇരുവരും ഉഡുപ്പിയിലെത്തി​യെന്ന്​ ഉറപ്പിച്ചത്​.

സുഭദ്രയുടേത്​ അതിക്രൂരകൊലപാതകമാണെന്നാണ്​ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്​. നേരത്തെ കടവന്ത്ര സ്‌റ്റേഷനിൽ വയോധികയെ കാണാനില്ലെന്ന പരാതിയിലായിരുന്നു കേസ്​. കൊലപാതകം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേസ്‌ മണ്ണഞ്ചേരി പൊലീസിന്‌ കൈമാറിയിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പുതിയകേസെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home