22 September Sunday

കാശ്മീർ ജനതയെ ജീവിക്കാൻ അനുവദിക്കണം: പുരോഗമന കലാസാഹിത്യസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

തിരുവനന്തപുരം > കാശ്‌മീരിൽ എല്ലാ ജനാധിപത്യ മൂല്യങ്ങളേയും നിരാകരിക്കുന്ന  മോഡിസർക്കാരിന്റെ നടപടിയിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.  ഇന്ത്യൻ പൗരന്റെ ജീവിതവും മനുഷ്യാവകാശവും സർഗാത്മകസ്വാതന്ത്ര്യവും സമീപഭാവിയിൽ എന്തായിരിക്കും എന്ന ആശങ്ക നിറഞ്ഞ ചോദ്യം കാശ്മീർ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷകക്ഷികളിലെ മുതിർന്നനേതാക്കൾ കാശ്മീർ സന്ദർശിക്കാൻ നടത്തിയ ശ്രമം വിഫലമായി. പത്രലേഖകരെ പോലും കാണാൻ അനുവദിക്കാതെ ഭരണകൂടം അവരെ തടയുകയാണുണ്ടായത്. തടങ്കലിലാണെന്നു കരുതുന്ന കാശ്മീർ നേതാക്കളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഇടതുപക്ഷ പാർടിനേതാക്കളായ സിതാറാം യെച്ചൂരിയും ഡി രാജയും എയർപോർട്ടിൽ വെച്ച് തടയപ്പെട്ടു. കാശ്മീരിൽ എന്തുസംഭവിക്കുന്നു എന്ന് പുറംലോകം അറിയരുതെന്ന ദുർവാശി സർക്കാരിനുണ്ട് എന്നതു വ്യക്തമാണെന്നും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി പ്രസ്‌താവിച്ചു.

 ചരിത്രത്തേയും വസ്തുതകളേയും നിരാകരിച്ചുകൊണ്ട്‌ ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംസ്ഥാനത്തിനുള്ള പ്രത്യേകാവകാശങ്ങൾ റദ്ദു ചെയ്തത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലംമുതൽ പങ്കിടലിനും കൈമാറ്റത്തിനും വിധേയമായി സ്വാതന്ത്ര്യം സംരക്ഷിക്കാനാവാതെ ജീവിക്കുന്ന ജനതയാണ് കാശ്മീരികൾ. അന്യമതവിദ്വേഷവും യുദ്ധവെറിയും സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഭരണവർഗപാർടികൾ കാശ്മീരിനെ ഉപയോഗിച്ചു വന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ മുഴുവൻ കാശ്മീർ ജനതയേയും ഭീകരർക്ക് വിട്ടുകൊടുക്കുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്. ഒരു ജനതയെ ആയുധംകൊണ്ട് കീഴ്പ്പെടുത്താമെന്നാണോ സർക്കാർ കരുതുന്നതെന്നും പുരോഗമന കലാസാഹിത്യസംഘം ചോദിച്ചു. മുഴുവൻ എഴുത്തുകാരും കലാകാരന്മാരും കാശ്മീർ ജനതക്കു വേണ്ടി സംസാരിക്കാൻ മുന്നോട്ടു വരണമെന്ന് പുരോഗമന കലാസാഹിത്യസംഘം അഭ്യർഥിച്ചു


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top