തിരുവനന്തപുരം > ഗവേഷണരംഗത്തെ കേരളീയരായ പ്രഗൽഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2021ലെ കൈരളി റിസർച്ച് പുരസ്‌കാരങ്ങൾ ജൂൺ 8 വ്യാഴാഴ്ച വിതരണം ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പുരസ്‌കാരങ്ങൾ സമ്മാനിക്കും.
കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, പ്രമുഖ ശാസ്ത്രജ്ഞരുടെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, പോസ്റ്റ് ഡോക്‌ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കൈരളി ഗവേഷക പുരസ്ക്കാരം, റിസർച്ച് ഫാക്കൽറ്റിക്ക് നൽകുന്ന കൈരളി ഗവേഷണ പുരസ്ക്കാരം എന്നീ അവാർഡുകളാണ് വിതരണം ചെയ്യുന്നത്.
സംസ്ഥാന ഉന്നതവിഭ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ഉന്നതവൈജ്ഞാനിക രംഗത്തെ പ്രഗത്ഭർക്ക് ഒരു സംസ്ഥാനം ഇത്രയും പ്രാധാന്യമുള്ള അവാർഡുകൾ ഏർപ്പെടുത്തുന്നത് ഇതാദ്യമായാണ്.
പുരസ്‌ക്കാര ജേതാക്കൾ
1. കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് (വിവിധ ശാസ്ത്രശാഖകൾ, സാമൂഹ്യശാസ്ത്രശാഖകൾ, ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞർക്കുള്ള പുരസ്‌കാരം)
പ്രൊഫ. സലിം യൂസഫ് - (പ്രൊഫസർ ഓഫ് മെഡിസിൻസ്, മാക് മാസ്റ്റർ യൂണിവേഴ്‌സിറ്റി, കാനഡ, സയൻസ്).
അവാർഡ്- 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും
2. കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് (വിവിധ ശാസ്ത്രശാഖകൾ, സാമൂഹ്യശാസ്ത്രശാഖകൾ, ആർട്‌സ് ആൻറ് ഹ്യുമാനിറ്റീസ്, ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളത്തിലെ സ്ഥാപനങ്ങളിലുള്ള പ്രമുഖ ശാസ്ത്രജ്ഞർക്കുള്ള പുരസ്‌കാരം)
1. ഡോ. എം ലീലാവതി
(ആർട്‌സ് ആൻറ് ഹ്യുമാനിറ്റീസ്)
2. ഡോ. എ അജയ്ഘോഷ്
(സയൻസ്)
3. പ്രൊഫ. എം എ ഉമ്മൻ
(സോഷ്യൽ സയൻസ്)
രണ്ടര ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
3. കൈരളി ഗവേഷക പുരസ്ക്കാരം (ഇൻറർ ഡിസിപ്ലിനറി മേഖലകളിൽ പോസ്റ്റ് ഡോക്‌ടറൽ ഗവേഷണത്തിനുള്ള പുരസ്‌കാരം)
1. ഡോ. സിജിലാ റോസിലി സി വി
(കെമിക്കൽ സയൻസ്, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല)
2. ഡോ. മയൂരി പി വി
(ബയോളജിക്കൽ സയൻസ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി)
3. ഡോ. സ്വപ്ന എം എസ്
(ഫിസിക്കൽ സയൻസ്, കേരള സർവ്വകലാശാല)
4. ഡോ. മഞ്ജു കെ
(ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്, കാലിക്കറ്റ് സർവ്വകലാശാല)
അവാർഡ്- ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും. കൂടാതെ രണ്ട് വർഷത്തേയ്ക്ക് റിസർച്ച് ഗ്രാൻറായി 4 ലക്ഷം രൂപയും ട്രാവൽ ഗ്രാൻറായി 75,000/- രൂപയും.
4. കൈരളി ഗവേഷണ പുരസ്ക്കാരം (ഗവേഷകരായ അധ്യാപകർക്കുള്ള പുരസ്കാരം)
1. ഡോ. റീനാമോൾ ജി (കെമിക്കൽ സയൻസ്, മാർത്തോമ കോളേജ്, തിരുവല്ല)
2. ഡോ. രാധാകൃഷ്ണൻ ഇ കെ (ബയോളജിക്കൽ സയൻസ്, മഹാത്മഗാന്ധി സർവ്വകലാശാല)
3. ഡോ. അലക്സ് പി ജെയിംസ് (ഫിസിക്കൽ സയൻസ്, കേരള യൂണിവേഴ്സിറ്റി ഡിജിറ്റൽ സയൻസ്)
4. ഡോ. അൻവർ സാദത്ത് (സോഷ്യൽ സയൻസ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള)
5. ഡോ. ഷംഷാദ് ഹുസൈൻ കെ റ്റി (ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്, ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല)
അവാർഡ്- ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും. കൂടാതെ 2 വർഷത്തേയ്ക്ക് 24 ലക്ഷം രൂപവരെ റിസർച്ച് ഗ്രാന്റ്
ഡോ. പി ബലറാം, ഡോ. പ്രഭാത് പട്നായിക്, ഡോ. ഇ ഡി ജെമ്മീസ്, പ്രൊഫ. സച്ചിദാനന്ദൻ എന്നിവരായിരുന്നു അവാർഡ് സെലക്ഷൻ കമ്മറ്റി അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..