25 February Thursday
പ്രിൻസിപ്പൽമാരുമായി വീഡിയോ കോണ്‍ഫറന്‍സ്

അനിവാര്യ പാഠഭാഗങ്ങൾക്ക്‌ പ്രാധാന്യം നൽകണം: മന്ത്രി കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021



തിരുവനന്തപുരം   
വിദ്യാർഥികൾക്ക് അനിവാര്യമായി നൽകേണ്ട തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനകം പൂർത്തിയാക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. അധ്യാപകരുടെ പ്രാഥമിക ബാധ്യത വിദ്യാർഥികളോടാണ്. ബുദ്ധിമുട്ടുകളോ, തടസ്സങ്ങളോ ഉന്നയിക്കാതെ സ്വമേധയാ അധ്യാപകർ കൂടുതൽ സമയം ക്ലാസുകൾ കൈകാര്യംചെയ്ത് കോവിഡ്‌ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ മുന്നോട്ടുവരുന്നത് പൊതുസമൂഹം കാണുന്നുണ്ട്. എങ്കിലും, വിരുദ്ധ നിലപാടുകൾ ചുരുക്കം ചിലരുടെ ഭാഗത്തുനിന്ന്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ അംഗീകരിക്കാനാവില്ലെന്നും സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരുമായുള്ള വീഡിയോ കോൺഫറൻസിൽ  മന്ത്രി പറഞ്ഞു. 

കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും തടസ്സം കൂടാതെ വിതരണംചെയ്ത സർക്കാരാണിത്‌. കോളേജിന്റെ പ്രവർത്തനസമയം 9.30 – 4.30 ആയിരുന്നപ്പോൾ ഏഴ്‌ മണിക്കൂർ വീതം അഞ്ച്‌ പ്രവൃത്തിദിവസമായിരുന്നു (ആകെ 35 മണിക്കൂർ). ഇപ്പോൾ ആറ്‌ പ്രവൃത്തിദിനമാകുമ്പോൾ ആറ്‌ മണിക്കൂർ വീതം 36 മണിക്കൂറെ ആകുന്നുള്ളൂ. ഏഴാം യുജിസി ശമ്പളപരിഷ്കരണം സംബന്ധിച്ച്‌ അന്തിമ ഉത്തരവ് ഉടൻ ഇറങ്ങും. എയ്ഡഡ് കോളേജുകളിൽ 721 അധ്യാപക തസ്തിക സൃഷ്ടിച്ചതും 197 പുതിയ കോഴ്സ്‌ ആരംഭിച്ചതും ശബളബില്ലുകൾ നേരിട്ട് ട്രഷറിയിൽ സമർപ്പിക്കാൻ  അനുവാദം നൽകിയതും ഈ സർക്കാരാണ്‌. സമാശ്വാസ പദ്ധതി നടപ്പാക്കിയതും റൂസ പദ്ധതിയിൽ 277.96 കോടി രൂപ കോളേജുകളുടെ വികസനത്തിന് അനുവദിച്ചതും ഈ മേഖലയുടെ പുരോഗതിക്ക് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.

ആദ്യദിനം 90 ശതമാനത്തിലധികം അധ്യാപകരും വിദ്യാർഥികളും കോളേജിലെത്തിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു. സർക്കാർ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാരുടെ വീഡിയോ കോൺഫറൻസിൽ 411 പേരും സ്വാശ്രയ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗത്തിൽ 508പേരും പങ്കെടുത്തു.

ഹോസ്റ്റലിൽ കൂടുതൽപേരെ താമസിപ്പിക്കാനാകാത്ത സാഹചര്യം, ഗസ്റ്റ് അധ്യാപക നിയമനം എന്നിവ പ്രിൻസിപ്പൽമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസും മറ്റ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top