12 November Tuesday

മാർക്ക്‌ ദാനം എന്ന്‌ ചെന്നിത്തല വിളിക്കുന്നത്‌ മോഡറേഷനെ; പ്രതിപക്ഷനേതാവ്‌ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

കാസർക്കോട്‌ >  എംജി സർവകലാശാല അദാലത്തിൽ ഇടപെട്ടിട്ടില്ലെന്നും മാർക്ക്‌ ദാനം എന്ന്‌ ചെന്നിത്തല വിളിക്കുന്നത്‌ മോഡറേഷനെയാണെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു. കാസർക്കോട്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡറേഷൻ വേണ്ടെങ്കിൽ അത്‌ തുറന്ന്‌ പറയുകയാണ്‌ വേണ്ടതെന്നും മന്ത്രി പറഞ്ഞു.

 ബോർഡ്‌ ഓഫ്‌ സ്റ്റഡീസിന്റെയും അക്കാദമിക്‌ കൗൺസിലിന്റെയും പാസ്‌ ബോർഡിന്റെയും അധികാരം സിൻഡിക്കറ്റിന്റെ അധ്യക്ഷനായ വൈസ്‌ ചാൻസലർക്കാണ്‌. അദ്ദേഹത്തിന്‌ തീരുമാനങ്ങളെടുക്കാം.  അദാലത്തിന്റെ ഉദ്‌ഘാടന ചടങ്ങിലാണ്‌ പ്രൈവറ്റ്‌ സെക്രട്ടറി പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 2012ല്‍ യുഡിഎഫ് ഭരിച്ചിരുന്ന സമയത്ത് കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ബി ടെക്ക് പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികളെ ജയിപ്പിക്കുന്നതിനു വേണ്ടി ഇരുപത് മാര്‍ക്കു വരെ മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. യുഡിഎഫ് സിന്‍ഡിക്കേറ്റായിരുന്നു അന്നുണ്ടായിരുന്നത്‌. എല്ലാ സര്‍വകലാശാലകളും ഇത്തരത്തില്‍ മോഡറേഷന്‍ നല്‍കാറുണ്ട്. സമാനമായ സംഭവമാണ് എം ജി സര്‍വകലാശാലയിലും നടന്നത്.

 കാലിക്കറ്റ്‌ സർവകലാശാലയിൽ 20 മാർക്കാണ്‌ നൽകാൻ തീരുമാനിച്ചത്‌. എംജി സർവകലാശാല 5 മാർക്കാണ്‌ നൽകാൻ തീരുമാനിച്ചത്‌. പരീക്ഷ പലകാരണങ്ങളാൽ എഴുതാൻ പറ്റാതിരുന്നവർ, സിലബസുകൾ മാറിയ സാഹചര്യങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഒരുവിഷയത്തിൽ അഞ്ച്‌ മാർക്ക്‌ വരെ കൊടുത്താൽ പാസാക്കാൻ കഴിയുന്ന കുട്ടികളെ പാസാക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌ അങ്ങനെ ചെയ്‌തത്‌. ഇത്‌ ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല. കാലങ്ങളായി മോഡറേഷൻ നൽകിവരുന്നതാണ്‌.

ബന്ധുനിയമനം എന്ന്‌ പറഞ്ഞ്‌ ആദ്യം തന്നെ വേട്ടയാടി. കുരുക്ക്‌ മുറുകുന്നുവെന്ന്‌ പ്രചരിപ്പിച്ചു. എന്നിട്ട്‌ ആർക്കാണ്‌ കുരുക്ക്‌ മുറുകിയതെന്ന്‌ അദ്ദേഹം ചോദിച്ചു. മലയാളം സർവകലാശാലക്ക്‌ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ വിവാദമുണ്ടാക്കി. എന്നാൽ സുപ്രീംകോടതി ഭൂമി ഏറ്റെടുക്കാൻ പറഞ്ഞു.

ഒരു കുട്ടിക്ക്‌ മാത്രമല്ല, 150ലധികം കുട്ടികൾക്ക്‌ മോഡറേഷൻ നൽകിയിട്ടുണ്ട്‌. ഒരുകുട്ടിക്ക്‌ വേണ്ടി ചെയ്‌തുവെന്നത്‌ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയും സ്റ്റാഫും സർവകലാശാലകളുടെ സമീപത്ത്‌ കൂടെ നടക്കരുതെന്നാണോ പ്രതിപക്ഷ നേതാവ്‌ പറയുന്നതെന്നും കെ ടി ജലീൽ ചോദിച്ചു. 

 നമ്മുടെ സർവകലാശാലകളിൽ നല്ലരീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവുകയാണ്‌. മുമ്പ്‌ സർവകലാശാലകൾ അവരുടെ ഡിഗ്രി,പിജി സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിച്ചിരുന്നില്ല. അതിനൊക്കെ മാറ്റമുണ്ടായി. എല്ലാ സർവകലാശാലകളിലും ഡിഗ്രി,പിജി ക്ലാസുകൾ ഒരേ സമയം ആരംഭിക്കാൻ കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്‌കാരങ്ങളില്‍ വേവലാതി പിടിച്ചവരാണ് സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനുമെതിരായി അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top