13 November Wednesday

പൊയ്‌വെടികൾ കൊണ്ട്‌ സർക്കാരിനെ തളർത്താനാവില്ല; ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളം: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

അരൂർ >   സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ടും എംജി സർവകലാശാലയുമായി ബന്ധപ്പെട്ടും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്‌ മന്ത്രി കെ ടി ജലീൽ. ചെന്നിത്തലയുടെ ആരോപണങ്ങളിൽ കഴമ്പില്ല. വൈസ്‌ ചാൻസലറോട്‌ ചോദിച്ചാൽ വസ്തുതയറിയാം. തീരിമാനമെടുക്കുന്നത്‌ സിൻഡിക്കേറ്റും വൈസ് ചാൻസലറുമാണെന്നും മന്ത്രി അരൂരിൽ പറഞ്ഞു. സർവകലാശാല ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്‌താൽ പരാതിയുള്ളവർക്ക്‌ കോടതിയിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു.

  മാർക്ക്‌ ദാനം എന്നാണ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌. ഇത്‌ പച്ചക്കള്ളമാണ്‌. യഥാർഥത്തിൽ അർഹതപ്പെട്ട ഒരുകുട്ടിക്ക്‌ ന്യായമായും അവകാശപ്പെട്ടത്‌ മാത്രമാണ്‌ നൽകിയത്‌. വസ്‌തുതകൾ പരിശോധിച്ച്‌ വൈസ്‌ ചാൻസലറാണ്‌ മാർക്ക്‌ നൽകിയത്‌. 

 ബിടെക്കിന് സംസ്ഥാനത്ത് അഞ്ചാം റാങ്കുനേടിയ എസ്‌ ശ്രീഹരി എന്ന വിദ്യാർഥി  ഫെബ്രുവരി 27ന്‌ നടന്ന അദാലത്തിൽ മൂല്യനിർണയത്തിലെ അപാകത സംബന്ധിച്ച്  രേഖകൾ സഹിതം  പരാതി ഉന്നയിച്ചു. എല്ലാ വിഷയങ്ങളിലും ശരാശരി 90 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള തനിക്ക് ആറാം സെമെസ്റ്ററിൽ ഒരു വിഷയത്തിനുമാത്രം കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്നും മൂല്യനിർണയത്തിലെ അപാകതയാണ് കാരണമെന്നും  തെളിവുസഹിതം ചൂണ്ടിക്കാണിച്ചു. അദാലത്തിൽ പരീക്ഷാപേപ്പറിന്റെ കോപ്പി ഹാജരാക്കിയത് പ്രാഥമികമായി നോക്കിയപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന്  അഭിപ്രായമുയരുകയായിരുന്നു.


 എല്ലാ മേഖലയിലും അർഹതപ്പെട്ടവർക്ക്‌ അർഹതപ്പെട്ടത്‌ നൽകാൻ ഉത്തരവാദിത്തപ്പെട്ടവരാണ്‌ ഈ സർക്കാർ.  അതിന്റെ പേരിൽ എത്രവലിയ ആക്ഷേപങ്ങൾ ഉന്നയിച്ചാലും പ്രശ്‌നമല്ലെന്നും കെ ടി ജലീൽ പറഞ്ഞു.

ഓരോ സിൻഡിക്കേറ്റിലും എന്താണ്‌ അജണ്ട എന്ന്‌ മന്ത്രി പരിശോധിക്കില്ല. സ്വയംഭരണാധികാരത്തോടെയാണ്‌ സർവകലാശാലകൾ പ്രവർത്തിക്കുന്നത്‌. മുൻകാലങ്ങളിൽ നടന്നത്‌ പോലെ ഇപ്പോഴും സർവകലാശാലകളിൽ നടക്കുന്നുവെന്ന്‌ പ്രതിപക്ഷനേതാവിന്‌ തോന്നിപ്പോയതുകൊണ്ടാവും ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 പൊയ്‌വെടികൾ കൊണ്ട്‌ സർക്കാരിന്റെ പ്രവർത്തനങ്ങളെ തളർത്താനാവില്ല. ഉപതെരഞ്ഞെടുപ്പുകളിൽ തോൽവി ഭയന്ന്‌ ആരോപണമുന്നയിക്കുകയാണ്‌ ചെന്നിത്തലയെന്നും കെ ടി ജലീൽ പറഞ്ഞു. 

 മാർക്ക്‌ ദാന ആരോപണം എംജി സർവകലാശാല വൈസ്‌ചാൻസലർ പ്രഫ. സാബു തോമസ്  തള്ളി. മാർക്ക്‌ ദാന ആരോപണത്തിൽ മന്ത്രിക്കും പ്രൈവറ്റ്‌ സെക്രട്ടറിക്കും പങ്കില്ല. സർവകലാശാല സിൻഡിക്കറ്റാണ്‌ മോഡറേഷൻ തീരുമാനിച്ചത്‌. ഒരുവിഷയത്തിൽ അഞ്ചിൽ താഴെ മാർക്കിന്റെ കുറവിൽ തോറ്റവരെയാണ്‌ പരിഗണിച്ചത്‌. കാലിക്കറ്റ്‌ സർവകലാശാലയും സമാന രീതിയിൽ  മോഡറേഷൻ നൽകിയിട്ടുണ്ട്‌. നടപടികൾ മുഴുവൻ ചട്ടപ്രകാരമാണെന്നും വൈസ്‌ചാൻസലർ പ്രഫ. സാബു തോമസ്‌ പറഞ്ഞു.



 



 


പ്രധാന വാർത്തകൾ
 Top