17 August Wednesday

സഖ്യമുണ്ടാക്കുമ്പോൾ കമ്യൂണിസ്റ്റുകാർ ഹലാലും ഇല്ലെങ്കിൽ ഹറാമുമാണെന്ന് ‘എവൻ’ പുലമ്പിയാലും സമുദായം വില കൽപ്പിക്കില്ല: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കാസർകോഡ്‌ > ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്യൂണിസ്റ്റുകാർ ഹലാലും അല്ലെങ്കിൽ ഹറാമുമാണെന്ന് ‘എവൻ’ പുലമ്പിയാലും മുസ്ലിം സമുദായം അതിന് പുല്ല് വില പോലും കൽപ്പിക്കില്ലെന്ന്‌ ഡോ. കെ ടി ജലീൽ എംഎൽഎ. സിപിഐ എം കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ബസ്റ്റാന്റിറിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകളെ പിന്തുണച്ചാൽ മതത്തിൽ നിന്ന് പുറത്താണെന്ന് നിസ്സംശയം വിധി പറഞ്ഞ ലീഗ്‌ താൽക്കാലിക ജനറൽ സെക്രട്ടറി പി എം എ സലാം നാഷണൽ ലീഗിന്റെ നേതാവായി മുസ്ലിംലീഗിനെ തോൽപ്പിച്ച് കോഴിക്കോട് രണ്ടിൽ നിന്ന് നിയമസഭയിൽ എത്തിയതും നിരീശ്വരൻമാരെന്ന് ഇന്നദ്ദേഹം ആക്ഷേപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ പിന്തുണയിലാണ്‌. ഈ സത്യം മനസ്സിലാക്കിയതിനാലാണ്‌ സമസ്തയുടെ സമാദരണീയരായ പണ്ഡിതൻമാരെ കമ്യൂണിസ്റ്റ് വിരുദ്ധ മതവിധി നടത്താൻ കിട്ടാതിരുന്നത്‌.

ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്ന് ‘എവൻ’ പുലമ്പിയാലും മുസ്ലിം സമുദായം അതിന് പുല്ല് വില പോലും കൽപ്പിക്കില്ല. അങ്ങിനെ മനപ്പായസമുണ്ട് അരക്കോടി കട്ടിലിനടിയിൽ മെത്തയാക്കി നിരത്തി വെച്ച് കിടന്നുറങ്ങി കയ്യോടെ തൊണ്ടിമുതൽ സഹിതം പിടികൂടപ്പെട്ട് ജയിലിലേക്കുള്ള വഴിയിൽ അകപ്പെട്ടവരുടെ ജൽപ്പനങ്ങൾക്ക് ആര് ചെവികൊടുക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിയുമായും ഭൗതികവാദികളുമായും സഹകരിക്കാമെന്നും അവർക്ക് വോട്ട് ചെയ്യാമെന്നും 1967 ൽ പരസ്യമായി പ്രഖ്യാപിച്ചത് ഖാഇദുൽ ഖൗം സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും പാണക്കാട് പൂക്കോയ തങ്ങളുമാണ്. സാക്ഷാൽ നിരീശ്വരവാദിയായിരുന്ന ഇഎംഎസിന്റെ മന്ത്രിസഭയിൽ ലീഗിന്റെ നാവായ സി എച്ചും ഏറനാടൻ പ്രമാണി അഹമ്മദ് കുരിക്കളും അന്ന് മന്ത്രിമാരായി.

ശുദ്ധ ഭൗതികനായിരുന്ന സി അച്ചുതമേനോൻ എന്ന തനി കമ്യൂണിസ്റ്റിനെ ഡൽഹിയിൽ നിന്ന് പിടിച്ച് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി ആ മന്ത്രിസഭയിലും മുസ്ലിംലീഗ് പ്രതിനിധികൾ പങ്കാളികളായി. അധികം വൈകാതെ സാത്വികനായ എം കെ ഹാജിയും സയ്യിദ് ഉമർ ബാഫഖി തങ്ങളും ഉഗ്രപ്രതാപിയായ ചെറിയ മമ്മുക്കേയിയും അഖിലേന്ത്യാ ലീഗിനെ കൊണ്ടു പോയി കെട്ടിയത് കറകളഞ്ഞ കമ്യൂണിസ്റ്റായ സഖാവ് നായനാരുടെ ആലയിലാണെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top