‘മാധ്യമപ്രവർത്തകരെ ഓഫീസിൽ കേറി കൈകാര്യം ചെയ്യും’: വീണ്ടും കെ സുരേന്ദ്രന്റെ കൊലവിളി
കൊച്ചി > മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും കൊലവിളിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമസ്ഥാപനങ്ങളിൽ നേരിട്ടെത്തി കൈകാര്യം ചെയ്യുമെന്നാണ് പുതിയ ഭീഷണി.
‘നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത്, ഇനിയുള്ള ദിവസങ്ങളിൽ മാധ്യമപ്രവർത്തകരുടെ ഓഫീസിലേക്ക് ഞങ്ങൾ നേരെ വരും. കള്ളവാർത്തകൾ കൊടുത്താൽ ഓഫീസിലെത്തി ചോദിക്കും. അതിനുള്ള അവകാശമുണ്ട്. മാധ്യമപ്രവർത്തകർ മര്യാദയ്‌ക്ക് നടക്കാൻ ശ്രമിച്ചില്ലെങ്കിൽ വലിയ വിനാശമുണ്ടാകും’–- സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്വം ശോഭ സുരേന്ദ്രനിൽ ചുമത്തിയ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം.
കൊച്ചിയിൽ സംസ്ഥാന നേതൃയോഗം നടന്നപ്പോൾ മാധ്യമപ്രവർത്തകരുടെ ഫോണുകളിലേക്ക് സന്ദേശമെത്തിയെന്നും അതാരാണ് അയച്ചതെന്ന് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. ആരെങ്കിലും എഴുതി അയക്കുന്ന സന്ദേശം വാർത്തയാക്കാൻ മാധ്യമപ്രവർത്തകർക്ക് നാണമില്ലേ. മാധ്യമപ്രവർത്തകർക്ക് ധാർമികതയുടെ ഒരംശംപോലുമില്ല. അവരെ കാണുന്നതുതന്നെ കേരളസമൂഹത്തിന് അലർജിയാണ്. അത്ര അരോചകമാണ് പ്രവർത്തനം. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തേ പത്തനംതിട്ട മലയാലപ്പുഴയിലും തിരുവനന്തപുരത്തും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു.
0 comments