22 October Tuesday

ബിജെപിയിൽ ഫണ്ട‌് വിവാദം, വെട്ടിപ്പിനൊപ്പം വോട്ടുകച്ചവടവും ; സുരേന്ദ്രനെതിരെ ലഘുലേഖ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


സ്വന്തം ലേഖകൻ
ലോക‌്സഭാ തെരഞ്ഞെടുപ്പിലെ ഫണ്ട‌് തട്ടിപ്പ‌് ആരോപണം ബിജെപിയിൽ പുതിയ തർക്കത്തിന‌് വഴിതുറന്നു. ഫണ്ട‌് വെട്ടിപ്പിനൊപ്പം വോട്ടുകച്ചവടവും നടന്നതായി ആരോപിച്ച‌് ലഘുലേഖ പുറത്തിറങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരെടുത്തു പറഞ്ഞാണ‌് ലഘുലേഖയിൽ ആരോപണമുന്നയിച്ചിരിക്കുന്നത‌്. സുരേന്ദ്രൻ വോട്ട‌് കച്ചവടം നടത്തി, ഫണ്ട‌് ചെലവാക്കാതെ മുക്കി എന്നിവയാണ‌് പ്രധാന ആരോപണങ്ങൾ. സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ടയിൽനിന്നാണ‌് ലഘുലേഖ പ്രചരണം തുടങ്ങിയത‌്. സംസ്ഥാന ഭാരവാഹികൾക്കും ദേശീയ നേതൃത്വത്തിനുമെല്ലാം ഇതിന്റെ കോപ്പി ലഭിച്ചു.

പത്തനംതിട്ടയിൽ സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിച്ച യുഡിഎഫിലെ അടൂർ പ്രകാശുമായി ചേർന്ന‌് വോട്ടുകച്ചവടം നടത്തിയെന്നാണ‌്  പ്രധാന ആക്ഷേപം. അടൂർ പ്രകാശിന്റെ ബന്ധുവിന്റെ തിരുവനന്തപുരത്തെ ഹോട്ടലിൽ ചർച്ച നടത്തി. ഈയടുത്ത‌് ബിജെപിയിൽ തിരിച്ചെടുത്ത വി വി  രാജേഷും ചർച്ചയിൽ പങ്കാളിയായെന്ന‌് ലഘുലേഖ പറയുന്നു.

ആറ്റിങ്ങലിൽ പ്രകാശിന‌് ബിജെപി വോട്ട‌് മറിച്ചുനൽകും. അടൂർ പ്രകാശ‌് വിജയിച്ചാൽ കോന്നിയിലെ ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായെത്തും. അപ്പോൾ പ്രത്യുപകാരമായി  പ്രകാശ‌് കോൺഗ്രസ‌്  വോട്ട‌ുകൾ നൽകി സഹായിക്കുമെന്നും ധാരണയുണ്ടാക്കി. വോട്ടുകച്ചവടത്തിൽ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നും  ‘രസിക്കാത്ത സത്യങ്ങൾ’ എന്ന പേരിട്ട ലഘുലേഖയിലുണ്ട‌്.

ഇതോടൊപ്പം തെരഞ്ഞെടുപ്പ‌് ഫണ്ട‌് വെട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും ലഘുലേഖയിലുണ്ട‌്. ബിജെപി സംസ്ഥാന നേതൃത്വം പത്തനംതിട്ടയിൽ പ്രചാരണത്തിനായി അഞ്ചുകോടി രൂപ നൽകി. കൂടാതെ പല പ്രമുഖരിൽനിന്നായി 2.85 കോടിയും  സമാഹരിച്ചു. ഒരു മഠത്തിൽനിന്ന‌് 15 ലക്ഷം, ജ്വല്ലറി ഉടമയടക്കമുള്ളവർ പത്തുലക്ഷം, എൻആർഐ സെൽ പത്തുലക്ഷം തുടങ്ങിയ തുകകൾ മാത്രമാണ‌് കണക്കിൽപ്പെടുത്തിയതെന്നും ലഘുലേഖ വ്യക്തമാക്കുന്നു. ലോക‌്സഭാ–-നിയമസഭാ തെരഞ്ഞെടുപ്പുകളിലായി കാസർകോട്ടും മഞ്ചേശ്വരത്തും മത്സരിച്ചപ്പോഴും ഫണ്ട‌് വെട്ടിച്ച ആരോപണമുയർന്നതും ലഘുലേഖയിൽ സൂചിപ്പിച്ചിട്ടുണ്ട‌്.

അതേസമയം ആരോപണവും ലഘുലേഖയും സുരേന്ദ്രൻ വിഭാഗം തള്ളി. സംസ്ഥാന പ്രസിഡന്റ‌് പദം നഷ‌്ടമാകുമെന്ന ഭീതിയിൽ പി എസ‌് ശ്രീധരൻ പിള്ള പക്ഷമാണ‌് ഇതിനു പിന്നിലെന്ന‌് ഇവർ കുറ്റപ്പെടുത്തുന്നു.


പ്രധാന വാർത്തകൾ
 Top