03 August Tuesday
ജാനുവിനെ സുരേന്ദ്രനുമായി ബന്ധപ്പെടുത്തിയ ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടു

അടച്ചിട്ട മുറിയിൽ 
പണം കൈമാറി ; സുരേന്ദ്രൻ ഹോട്ടലിൽ വന്നത്‌ സെക്രട്ടറിക്കൊപ്പം ; സുരേന്ദ്രനെതിരെ കൂടുതൽ തെളിവുമായി പ്രസീത

പ്രത്യേക ലേഖകൻUpdated: Wednesday Jun 9, 2021


കണ്ണൂർ
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആദിവാസി നേതാവ്‌ സി കെ ജാനുവിന്‌ പത്തു ലക്ഷം രൂപ നൽകിയതിന്റെ കൂടുതൽ തെളിവുമായി ജനാധിപത്യ രാഷ്‌ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. തങ്ങൾക്കു സംസാരിക്കാൻ ഇടനിലക്കാരെ ആവശ്യമില്ലെന്ന സുരേന്ദ്രന്റെ വാദം പൊളിച്ച്‌, ജാനുവിനെ സുരേന്ദ്രനുമായി ബന്ധപ്പെടുത്തിയ ഫോൺ സംഭാഷണങ്ങളടക്കം അവർ പുറത്തുവിട്ടു.

പണം നൽകിയത്‌ 
തലസ്ഥാനത്തെ ഹോട്ടലിൽ
മാർച്ച്‌ ഏഴിന്‌ തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503–ാം നമ്പർ മുറിയിലാണ്‌ സുരേന്ദ്രൻ ജാനുവിന്‌ പണം കൈമാറിയത്‌. സെക്രട്ടറി ദിപിനൊപ്പമാണ്‌ സുരേന്ദ്രൻ പണവുമായി എത്തിയത്‌. ഇവർ വരുന്ന കാര്യവും ഹോട്ടലിൽ എത്തിയെന്നും അറിയിക്കുന്ന ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്റെ നിർദേശപ്രകാരം ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഹോട്ടലിലേക്ക് ജാനു വരുന്നതുവരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നു. നാലഞ്ചു പ്രാവശ്യം വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയശേഷമാണ്‌ പിറ്റേന്ന് കാലത്ത് കാണാമെന്നു പറയുന്നത്‌. രാവിലെ വിളിച്ച് റൂം നമ്പർ തിരക്കി. ഏതു സമയത്ത് കാണാൻ സാധിക്കുമെന്നും ചോദിച്ചു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാമെന്ന്‌ മറുപടി നൽകി.  രാവിലെ 9.56നാണ്‌ തന്റെ ഫോണിലേക്ക് സുരേന്ദ്രന്റെ ഫോണിൽനിന്ന് കോൾ വന്നത്‌. ചാർജ് ചെയ്യാൻ വച്ച ഫോണിൽ സുരേന്ദ്രന്റെ നമ്പറിൽനിന്ന്‌ കോൾ വന്നതോടെ ജാനു ചാടിക്കയറി എടുത്തതായും പ്രസീത പറഞ്ഞു. സുരേന്ദ്രന്റെ  സെക്രട്ടറി ആയിരുന്നു വിളിച്ചത്‌. പിന്നാലെ സുരേന്ദ്രനും സെക്രട്ടറി ദിപിനും മുറിയിലെത്തി. അൽപ്പസമയം സംസാരിച്ചശേഷം രണ്ടു മിനിറ്റ്‌ ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ ഞങ്ങൾ പുറത്തിറങ്ങി. ആ മുറിയിലാണ് അവർ തമ്മിൽ സംസാരിച്ചതും പണം കൈമാറിയതും. കൈയിലുണ്ടായിരുന്ന ബാഗിൽനിന്നാണ്‌ പണം നൽകിയത്‌. പണം കിട്ടിയ കാര്യം ജാനു തന്നെ  അറിയിച്ചുവെന്നും പ്രസീത പറഞ്ഞു.

ബത്തേരിയിലെ കാര്യവും പറയാനുണ്ട്‌
ജാനുവിന്‌ പത്തുലക്ഷം  കൈമാറിയതിന്റെ കാര്യമാണ്‌ ഇതുവരെ പറഞ്ഞതെന്നും ബത്തേരിയിലെ കാര്യം പറയാനിരിക്കുന്നതേയുള്ളൂവെന്നും പ്രസീത മുന്നറിയിപ്പ്‌ നൽകി. നാളെ തനിക്കോ തന്റെ പാർടിയിലെ ആളുകൾക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങൾ മുന്നോട്ടുപോകുമെന്നും പ്രസീത പറഞ്ഞു.   സുരേന്ദ്രൻ നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ  കോൾ റെക്കോഡുകളും പ്രസീത പരസ്യപ്പെടുത്തി.

മഞ്ചേശ്വരം കേസ്‌ ക്രൈംബ്രാഞ്ചിന്‌
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുവേണ്ടി  മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ രണ്ടരലക്ഷം രൂപയും സ്‌മാർട്ട്‌ ഫോണും നൽകി പിൻവലിപ്പിച്ച കേസ്‌ കാസർകോട്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷിക്കുക.

കേസിൽ സുരേന്ദ്രനെതിരെ കേസെടുക്കാൻ കാസർകോട്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ (രണ്ട്‌) ഉത്തരവിട്ടത്‌.  സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ  മഞ്ചേശ്വരം ജോഡ്‌ക്കലിലെ ഓഫീസിലേക്ക്‌ കൊണ്ടുപോയി  തടഞ്ഞുവച്ച്‌ ഭീഷണിപ്പെടുത്തി 15 ലക്ഷം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന്‌  കെ സുന്ദര ബദിയടുക്ക പൊലീസിന്‌ മൊഴി നൽകിയിരുന്നു. കേസ്‌ ഫയൽ ലഭിച്ചുവെന്നും ബുധനാഴ്‌ച അന്വേഷണം തുടങ്ങുമെന്നും ഡിവൈഎസ്‌പി എ സതീഷ്‌കുമാർ പറഞ്ഞു.

ആറുവർഷംവരെ അയോഗ്യനാക്കാം
കെ സുരേന്ദ്രനെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ ആറ്‌ വർഷംവരെ അയോഗ്യത കൽപ്പിക്കാമെന്ന്‌ ചീഫ്‌ ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ്‌ അട്ടിമറി നടത്താൻ കൈക്കൂലി നൽകി, അഴിമതി നടത്തി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്‌ കേസുകൾ. ഡിജിപിയോടും ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസറോടും വിശദീകരണം തേടും. തുടർന്ന്‌ ആവശ്യമായ നടപടിയെടുക്കും. ഹൈക്കോടതിയിൽ കേസ്‌ വരുമ്പോൾ കമീഷൻ സത്യവാങ്‌മൂലം നൽകുമെന്നും മീണ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top