Deshabhimani

"ഒരുത്തനേയും വെറുതെ വിടില്ല, കൈകാര്യം ചെയ്യും'; മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

വെബ് ഡെസ്ക്

Published on Nov 27, 2024, 02:17 PM | 0 min read

തിരുവനന്തപുരം> ബിജെപിയിലെ പരസ്യപ്രതിഷേധങ്ങൾ വാർത്തയാക്കിയ മാധ്യമപ്രവർത്തകർക്കു നേരെ ഭീഷണിയുമായി കെ സുരേന്ദ്രൻ. നെറികേടുകൾ കാണിച്ച ഒരുത്തനേയും വെറുതെ വിടില്ലെന്നും  ഏത് കൊമ്പത്തിരിക്കുന്നവരായാലും ശരിയായ രീതിയിൽ കൈകാര്യമെന്നായിരുന്നു സുരേന്ദ്രന്റെ ഭീഷണി.

'പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവിൽ പ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ കഴിഞ്ഞ മൂന്നാല് ദിവസങ്ങളായി മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനേയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവർത്തകരോടാണ്.  ഒരു മഹാപ്രസ്ഥാനത്തെ അപമാനിക്കാനും പൊതു സമൂഹത്തിൽ അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല. അതിൽ ഒരു സംശയവില്ല. ഏത് കൊമ്പത്തിരിക്കുന്നരായാലും ശരിയായ രീതിയിൽ കൈകാര്യം'- സുരേന്ദ്രൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകളിലെ കനത്തതോൽവിക്ക്‌ പിന്നാലെ ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തുവന്നൾപ്പടെയുള്ള വിഷയങ്ങൾ വാർത്തയായതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.  കുറെ ദിവസങ്ങളിലായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ പിതൃശൂന്യവാർത്തകളെന്നായിരുന്നു സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കൊച്ചിയിൽ സംസ്ഥാന നേതൃയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രോഷപ്രകടനം.

കൊച്ചിയിലെ നേതൃയോഗത്തിൽ 14 പേർ വന്നില്ല. കൃഷ്‌ണദാസ്‌, എം ടി രമേശ്‌, എ എൻ രാധാകൃഷ്‌ണൻ എന്നിവർ ഇതിൽ മൂന്നുപേർമാത്രമാണ്‌. ഒരു സംഘടനയുടെ യോഗത്തിലും നൂറുശതമാനം ഹാജർ ഉണ്ടാകാറില്ല. വി മുരളീധരനും കൃഷ്‌ണദാസുമായി തനിക്ക്‌ അടുത്തബന്ധമാണുള്ളത്‌. മറിച്ചുള്ള വാർത്ത കളവാണ്‌. ഉപതെരഞ്ഞെടുപ്പുവിഷയങ്ങൾ നേതൃയോഗം ചർച്ച ചെയ്‌തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home