Deshabhimani

കെ സുരേന്ദ്രൻ ഒറ്റപ്പെട്ടു 
, ഫെബ്രുവരിവരെ തുടർന്നേക്കും , വി മുരളീധരനെ അധ്യക്ഷനാക്കാൻ ധാരണ

വെബ് ഡെസ്ക്

Published on Nov 27, 2024, 12:23 AM | 0 min read


കൊച്ചി
ഉപതെരഞ്ഞെടുപ്പുകളിലെ കനത്തതോൽവിക്ക്‌ പിന്നാലെ കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ഉയർന്ന വിമർശങ്ങൾക്ക്‌ നടുവിൽ ഒറ്റപ്പെട്ട്‌ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും നാൾ സുരേന്ദ്രനെ തുണച്ചിരുന്ന മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അദ്ദേഹത്തെ കൈവിട്ടതിന്റെ സൂചനകളും നേതൃയോഗത്തിൽ പ്രതിഫലിച്ചു. അടുത്ത ഫെബ്രുവരിവരെ സുരേന്ദ്രൻ അധ്യക്ഷസ്ഥാനത്ത്‌ തുടരട്ടെയെന്ന ധാരണ യോഗത്തിനുശേഷം ദേശീയനേതാക്കൾക്കിടയിൽ ഉണ്ടായതായാണ്‌ സൂചന. തുടർന്ന്‌ സംസ്ഥാന നേതൃത്വത്തിൽ സമൂല ഉടച്ചുവാർക്കലോടെ വി മുരളീധരനെ അധ്യക്ഷനാക്കാനാണ്‌ ധാരണ. സുരേന്ദ്രനെ അടിയന്തരമായി അധ്യക്ഷസ്ഥാനത്തുനിന്ന്‌ നീക്കുന്നത്‌ ആക്ഷേപമാകുമെന്ന വിലയിരുത്തലിലാണ്‌ ഫെബ്രുവരിവരെ സമയം നൽകിയത്‌. ഫെബ്രുവരിയോടെ ജില്ലാതല തെരഞ്ഞെടുപ്പുകൾ പൂർത്തിയാകും. തുടർന്നുള്ള സംസ്ഥാന നേതൃമാറ്റം സ്വാഭാവികമാണെന്ന്‌ വരുത്താനുമാകും.

എതിർവിഭാഗം നേതാക്കളായ എ എൻ രാധാകൃഷ്‌ണൻ, എം ടി രമേശ്‌ എന്നിവർ യോഗത്തിൽനിന്ന്‌ വിട്ടുനിന്നത്‌ ശ്രദ്ധേയമായി. എന്നാൽ, അവരോടൊപ്പമുള്ള ജില്ലാ ഭാരവാഹികൾ യോഗത്തിനെത്തി. ഉപതെരഞ്ഞെടുപ്പ്‌ പരാജയങ്ങളുടെ പേരിൽ അവർ  സുരേന്ദ്രനെതിരെ ആക്ഷേപമുയർത്തി. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്‌ വി മുരളീധരന്‌ വഴിയൊരുക്കുന്ന ചർച്ചകളും ഉയർന്നു. സംഘടനാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പി കെ കൃഷ്‌ണദാസ്‌ നേതൃത്വം നൽകുന്ന പ്രബല ഗ്രൂപ്പ്‌ വി മുരളീധരന്‌ ഒപ്പം ചേർന്നതായി വാർത്തകളുണ്ടായിരുന്നു. 

യോഗത്തിനുശേഷം മുരളീധരനും സുരേന്ദ്രനും മാധ്യമങ്ങൾക്ക്‌ മുന്നിലെത്തിയപ്പോൾ ഇരുവർക്കുമിടയിലുണ്ടായ അകൽച്ച വ്യക്തമായി. പാലക്കാട്‌ തോൽവി സംബന്ധിച്ച ചോദ്യങ്ങളുയർന്നപ്പോൾ അതെല്ലാം സംസ്ഥാന പ്രസിഡന്റിനോട്‌ ചോദിക്കാനാണ്‌ മുരളീധരൻ പറഞ്ഞത്‌. വോട്ട്‌ കുറഞ്ഞ കാര്യങ്ങൾക്ക്‌ മറുപടി പറഞ്ഞ സുരേന്ദ്രൻ പിറവം ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ടുകുറഞ്ഞ കാര്യം സൂചിപ്പിച്ചത്‌ മുരളീധരനുള്ള പരോക്ഷ അടിയായി. മുരളീധരനായിരുന്നു പിറവം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല.

മാധ്യമങ്ങളോട്‌ കയർത്ത്‌ സുരേന്ദ്രൻ
കുറെ ദിവസങ്ങളിലായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ പിതൃശൂന്യവാർത്തകളെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. മറുപടി പറയാൻ മനസ്സില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ സംസ്ഥാന നേതൃയോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രോഷപ്രകടനം. കൊച്ചിയിലെ നേതൃയോഗത്തിൽ 14 പേർ വന്നില്ല. കൃഷ്‌ണദാസ്‌, എം ടി രമേശ്‌, എ എൻ രാധാകൃഷ്‌ണൻ എന്നിവർ ഇതിൽ മൂന്നുപേർമാത്രമാണ്‌. ഒരു സംഘടനയുടെ യോഗത്തിലും നൂറുശതമാനം ഹാജർ ഉണ്ടാകാറില്ല. വി മുരളീധരനും കൃഷ്‌ണദാസുമായി തനിക്ക്‌ അടുത്തബന്ധമാണുള്ളത്‌. മറിച്ചുള്ള വാർത്ത കളവാണ്‌. ഉപതെരഞ്ഞെടുപ്പുവിഷയങ്ങൾ നേതൃയോഗം ചർച്ച ചെയ്‌തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home