24 September Friday
ധർമരാജൻ സുരേന്ദ്രനെ 
വിളിച്ചത്‌ 22 തവണ

കുഴല്‍പ്പണക്കവര്‍ച്ചാക്കേസ്: ഉറവിടം വ്യക്തമായില്ലെങ്കില്‍ സുരേന്ദ്രനടക്കം പ്രതിയാകും

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

തിരുവനന്തപുരം > കൊടകര കുഴൽപ്പണക്കവർച്ച കേസിൽ സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ കേരളത്തിലെത്തിച്ച പണത്തിന്റെ സ്രോതസ്സ്‌ വെളിപ്പെടുത്തേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണവിവരം അതത്‌ ഘട്ടത്തിൽ  കേന്ദ്ര ഏജൻസികളെ അറിയിച്ചിട്ടുണ്ട്‌.  അന്വേഷിക്കാൻ സ്വമേധയാ അധികാരമുള്ള കേന്ദ്ര ഏജൻസികളെ സംസ്ഥാനത്തേക്ക്‌ ക്ഷണിക്കേണ്ട ആവശ്യമില്ല. നിയമസഭയിൽ റോജി എം ജോണിന്റെ അടിയന്തര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്‌ ആദ്യ കുറ്റപത്രമാണ്‌. പണം കൊണ്ടുവന്നത്‌ സുരേന്ദ്രൻ അടക്കമുള്ളവർക്ക്‌ അറിയാമെന്നതുകൊണ്ടാണ്‌ അവർ സാക്ഷികളായത്‌.   തുടരന്വേഷണത്തിൽ ബിജെപി നേതാക്കൾക്ക്‌ പണം എവിടെനിന്ന്‌ ലഭിച്ചുവെന്ന്‌ പറയേണ്ടിവരും. സ്രോതസ്സ്‌ വ്യക്തമാക്കാനായില്ലെങ്കിൽ അതിനനുസരിച്ചുള്ള നടപടികൾ നേരിടേണ്ടിയുംവരും. സ്വാഭാവികമായും അവർ പ്രതികളാവും. സംസ്ഥാന പൊലീസിന് അധികാരമുള്ള കാര്യങ്ങളെ സംബന്ധിച്ച് അവർ അന്വേഷിച്ചു. മറ്റു കാര്യങ്ങൾ കേന്ദ്ര ഏജൻസിയെയും തെരഞ്ഞെടുപ്പ് കമീഷനെയും അറിയിച്ചു. കേസ്‌ വിവരങ്ങൾ ജൂൺ ഒന്നിന്‌ ഇഡിക്ക്‌ നൽകി. കൊച്ചി സോണൽ ഡിഡിക്ക്‌ നൽകിയ കത്തിൽ ഇടപാടുകളിലെ നിയമവിരുദ്ധ പ്രവർത്തനവും  അറിയിച്ചിട്ടുണ്ട്‌. അനധികൃതമായി പണം കൊണ്ടുവരുന്നതുസംബന്ധിച്ച അന്വേഷണവും തുടർനടപടികളും  നടത്തേണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ (കൊച്ചി), ഇൻകം ടാക്‌സ് ഡയറക്ടർ (ഇൻവെസ്റ്റിഗേഷൻ, കൊച്ചി), ചീഫ് ഇലക്ടറൽ ഓഫീസർ (കേരള) എന്നിവർക്ക് കുറ്റപത്രത്തിന്റെ പകർപ്പ് സഹിതം റിപ്പോർട്ട് നൽകും.

കെ സുരേന്ദ്രനും 17 ബിജെപി ഭാരവാഹികളും ഉൾപ്പെടെ 250 സാക്ഷികളെ ചോദ്യംചെയ്തു. പ്രതിയായ ധർമരാജന്‌ സുരേന്ദ്രനെ കൂടാതെ,  എം ഗണേശ്‌,  ഗിരീശൻ നായർ എന്നിവരുമായി അടുത്ത ബന്ധമുണ്ട്‌. ധർമരാജൻ ഹവാല ഏജന്റാണെന്നും തെളിഞ്ഞിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി കൂടാതെ, കർണാടകത്തിൽ സ്വരൂപിച്ച 17 കോടിയുമുണ്ട്‌. പല ജില്ലയിലെ ബിജെപി ഭാരവാഹികൾക്ക് കൈമാറാൻ ധർമരാജന്റെ നേതൃത്വത്തിൽ 40 കോടിരൂപ  കൊണ്ടുവന്നു. അതിൽ  4.40 കോടി മാർച്ച്‌ ആറിന്‌  സേലത്തും  മൂന്നര കോടി രൂപ കൊടകരയിലും കവർച്ച ചെയ്‌തു–-മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെ തുടർന്ന്‌ പ്രതിപക്ഷം സഭവിട്ടു.

ധർമരാജൻ സുരേന്ദ്രനെ 
വിളിച്ചത്‌ 22 തവണ
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി കുഴൽപ്പണം കടത്തിയ ധർമരാജൻ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ 22 തവണ ഫോണിൽ ബന്ധപ്പെട്ടു. ബന്ധം പുറത്തുവരാതിരിക്കാൻ വിശ്വസ്‌തരുടെ ഫോൺ വഴിയാണ്‌ സംസാരിച്ചത്‌. കവർച്ച നടന്ന ഏപ്രിൽ മൂന്നിനും തലേന്നുമായി സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണന്റെ ഫോണിൽ 11 തവണ വിളിച്ചു. ഡ്രൈവറുടെയും പിഎയുടെയും ഫോണിലൂടെ പത്തുതവണയും സുരേന്ദ്രനുമായി സംസാരിച്ചു. ഈ സമയം സുരേന്ദ്രന്റെയും മറ്റുള്ളവരുടെയും ഫോണുകൾ കോന്നിയിലെ ഒരേ സ്ഥലത്താണ്‌ ഉണ്ടായിരുന്നത്‌. ഏപ്രിൽ അഞ്ചിന്‌ 62 സെക്കൻഡ്‌‌ സുരേന്ദ്രന്റെ ഫോണിലും സംസാരിച്ചതായി ധർമരാജന്റെ മൊഴിയിലുണ്ട്‌.

ധർമരാജന്റെ 9946400999 നമ്പറിൽനിന്നാണ്‌ സുരേന്ദ്രന്റെ മകന്റെ നമ്പറായ 9656292684ലേക്ക്‌ പത്തുതവണ വിളിച്ചത്‌. 512 സെക്കൻഡ്‌ സംസാരിച്ചു. സുരേന്ദ്രന്റെ ഡ്രൈവർ ലിബീഷിന്റെ 7012597746 നമ്പറിൽ ആറു‌ തവണയായി 361 സെക്കൻഡ്‌‌ സംസാരിച്ചു. സുരേന്ദ്രന്റെ പിഎ ഡിബിന്റെ 9947942804 എന്ന നമ്പറിൽ മൂന്നുതവണയായി 90 സെക്കൻഡും ‌സംസാരിച്ചു. 8086667401 എന്ന ധർമരാജന്റെ മറ്റൊരു നമ്പറിൽനിന്നും ഹരികൃഷ്‌ണനെയും ഡിബിനെയും വിളിച്ചിട്ടുണ്ട്‌.  ഈ ഫോണുകൾ വഴി സുരേന്ദ്രനുമായാണ്‌ സംസാരിച്ചത്‌.  

ഏപ്രിൽ രണ്ടിന്‌ ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻനായരെ രണ്ടു തവണ വിളിച്ചു. ആലപ്പുഴ ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്‌ണയുമായി ഏഴു തവണ 300 സെക്കൻഡ്‌ സംസാരിച്ചു.  പത്തനംതിട്ടയിലെ ബിജെപി ഓർഗനെസിങ് സെക്രട്ടറി അനിൽകുമാറിനെ നാലുതവണയും  ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജ്ജയ്‌സേനനെ 15 തവണയും വിളിച്ചു.  കോൾ ലിസ്‌റ്റിന്റെ വിശദവിവരം ഇരിങ്ങാലക്കുട ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ പ്രത്യേക അന്വേഷകസംഘം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്‌.

രേഖ ഹാജരാക്കാനായില്ല;  
ഹർജി വീണ്ടും മാറ്റി
കൊടകര കുഴൽപ്പണകവർച്ചാക്കേസിൽ പൊലീസ്‌  പിടിച്ചെടുത്ത  പണം   വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌  ഇടനിലക്കാരൻ ധർമരാജൻ സമർപ്പിച്ച ഹർജി വീണ്ടും കോടതി നീട്ടി. പണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ്‌ കേസ്‌  ആഗസ്‌ത്‌ നാലിലേക്ക്‌ മാറ്റിയത്‌. ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനെത്തിച്ച കുഴൽപ്പണമാണ്‌ കൊടകരയിൽ കവർന്നത്‌. പൊലീസ്‌ ഒന്നരക്കോടിയോളം രൂപ പ്രതികളിൽനിന്ന്‌ പിടിച്ചെടുത്തിരുന്നു. ഇത്‌ വിട്ടുകിട്ടാനാവശ്യപ്പെട്ടാണ് ധർമരാജൻ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ  സമീപിച്ചത്.

പണത്തിന്റെ  ഉറവിടം തെളിയിക്കുന്ന അസൽ രേഖകൾ ഹാജരാക്കാൻ അന്വേഷക സംഘം ആവശ്യപ്പെട്ടെങ്കിലും  ധർമരാജന്‌ കഴിഞ്ഞിരുന്നില്ല. കോടതിയിലും രേഖ ഹാജരാക്കാനായില്ല. പകരം കുറ്റപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ട്‌ കോടതിയിൽ അപേക്ഷ നൽകി.  ബിജെപിക്കുവേണ്ടി എത്തിച്ച കുഴൽപ്പണമാണ്‌ കവർച്ച ചെയ്‌തതെന്ന്‌   ധർമരാജൻ അന്വേഷകസംഘത്തിന്‌ മൊഴി നൽകിയിരുന്നു. ഇത്‌ കുറ്റപത്രത്തിലുമുണ്ട്‌. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ ഹാജരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top