12 August Wednesday

കോൺഗ്രസ്‌ നേതാവ്‌ കെ സുരേന്ദ്രന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: എം വി ജയരാജൻ

പ്രത്യേക ലേഖകൻUpdated: Wednesday Jun 24, 2020

കണ്ണൂർ > കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്ന കെപിസിസി അംഗം കെ പ്രമോദിന്റെ പരാതിയിൽ പാർടി അന്വേഷണം നടത്തുമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമായാണ്‌ കെ സുരേന്ദ്രത്തിന്റെ മരണം. സമഗ്ര അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികളെയും  പിന്നിൽ പ്രവർത്തിച്ചവരെയും  കണ്ടെത്താനാകൂ.  ഡിസിസിക്കും കെപിസിസിക്കും പ്രമോദ്‌ നൽകിയ പരാതിയിൽ മരണത്തിലേക്ക്‌ നയിച്ച കാരണങ്ങളും രേഖകളും നൽകിയിട്ടുണ്ടെന്നാണ്‌  അറിയുന്നത്‌. മരണത്തിലേക്ക്‌ നയിച്ച കാരണങ്ങൾ വിശദമായി അന്വേഷിച്ച്‌ വസ്‌തുതകൾ പുറത്തു കൊണ്ടുവരണം.

ഇതൊരു രാഷ്‌ട്രീയ പ്രശ്‌നമായി കാണുന്നില്ല. കെ സുരേന്ദ്രനെ മാനസികമായി തളർത്തിയതും മരണത്തിലേക്കും നയിച്ചതും  മുൻ പുഴാതി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റും പ്രവാസിയുമായ ദീവേഷ്‌ ചോനോളിയുടെ  ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റാണെന്ന്‌ പ്രമോദ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ‘സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്‌. കൊന്നതാണ്‌. ഒരു സൈബർ ഗുണ്ടയുടെ പ്രതികരണത്തിനപ്പുറം അതിനു  പിന്നിൽ  പാർടിയിലെ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ട്‌’ എന്നാണ്‌   പ്രമോദ്‌  ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നത്‌. കാര്യമായി അസുഖമില്ലാത്ത സുരേന്ദ്രന്റെ മരണം സൈബർ അക്രമത്തിന്റെ ഫലമാണെന്നും പ്രമോദ്‌ വ്യക്തമാക്കുന്നു.

കണ്ണൂർ മേയർ ആരായിരിക്കണമെന്ന കോൺഗ്രസിലെ തർക്കവും മരണത്തിന്‌ കാരണമായിട്ടുണ്ട്‌.  ദീവേഷിന്റെ വിവാദ പോസ്‌റ്റുകൾ‌ ഇപ്പോൾ ഡിലീറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിലും  അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക്‌ പേജിലെ ഡിസ്‌ക്രിപ്‌ഷനിൽ ‘ പി കെ രാഗേഷാണ്‌ നേതാവ്‌’ എന്ന്‌ ഇപ്പോഴുമുണ്ട്‌. സൈബർ ആക്രമണത്തിന്‌ നേതൃത്വം കൊടുത്തയാളുടെ പിന്നിലെ നീചമനസ്‌ ആരുടേതാണെന്ന്‌ അരിയാഹാരം കഴിക്കുന്നവർക്കെല്ലാം  മനസ്സിലാകുമെന്ന പ്രമോദിന്റെ പരാമർശം ശ്രദ്ധേയമാണ്‌.

സത്യം ജനങ്ങൾ അറിയണം. കോൺഗ്രസിന്റെ ആഭ്യന്ത പ്രശ്‌നങ്ങൾ ഗ്രൂപ്പ്‌ തർക്കങ്ങളുടെ തലംവിട്ട്‌  ജീവൻ അപഹരിക്കുന്ന നിലയിലേക്ക്‌ എത്തിയിരിക്കയാണ്‌. ഡിസിസി ഓഫീസ്‌ സെക്രട്ടറിയും മുൻ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായിരുന്ന കെ കെ  മോഹനന്റെ ആത്മഹത്യയ്‌ക്ക്‌ പിന്നിൽ മറ്റൊരു കോൺഗ്രസ്‌ നേതാവും ബ്ലേഡ്‌ പണമിടപാടുകാരനുമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്‌.  ഇതുസംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണവുമ നടക്കുന്നു. ദീർഘകാലം കോൺഗ്രസ്‌ ഓഫീസിൽ സേവനമനുഷ്‌ഠിച്ചിരുന്ന മോഹനന്റെ മരണത്തിന്‌ ഉത്തവാദിയായ ആളെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാൻ കോൺഗ്രസ്‌ തയ്യാറാവുന്നില്ലെന്നും ജയരാജൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top