03 April Friday

സുരേന്ദ്രനെ നിയമിച്ചത്‌ കടുത്ത എതിർപ്പിനിടെ

ഇ എസ്‌ സുഭാഷ്‌Updated: Sunday Feb 16, 2020

കൊച്ചി> സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ നിയമിച്ചത്‌ ബിജെപിയിൽ അഭിപ്രായഭിന്നത രൂക്ഷമാക്കും. പി കെ കൃഷ്‌ണദാസ്‌ പക്ഷത്തിന്റെയും  ആർഎസ്‌എസിലെ ഒരു വിഭാഗത്തിന്റെയും  എതിർപ്പിനെ അവഗണിച്ചാണ്‌ നിയമനം. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പിഎസ്‌ ശ്രീധരൻപിള്ള, ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം എം ടി രമേശിനുവേണ്ടിയാണ്‌ വാദിച്ചിരുന്നത്‌.

എന്നാൽ, കേന്ദ്രമന്ത്രി വി മുരളീധരന്‌ കേന്ദ്രത്തിലുള്ള സ്വാധീനമാണ്‌ സുരേന്ദ്രന്റെ നിയമനത്തിൽ നിർണായകമായത്‌. മുരളീധരന്റെ അടുത്ത ആളായ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ റിപ്പോർട്ടും അനുകൂലമായി.വി മുരളീധരൻ ഗ്രൂപ്പിന്റെ ശക്തനായ വക്താവാണ്‌ സുരേന്ദ്രൻ. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ പാലക്കാട്,  തിരുവനന്തപുരം ജില്ലാ കമ്മിറ്റികൾമാത്രമാണ്‌ മുരളീധരപക്ഷത്തിന്‌ ലഭിച്ചത്‌. 

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അഭിപ്രായവോട്ടെടുപ്പിൽ കൂടുതൽപേർ അനുകൂലിച്ചത്‌ എം ടി രമേശിനെയായിരുന്നു. സുരേന്ദ്രനെ അനുകൂലിക്കില്ലെന്ന നിലപാടാണ്‌ ആർഎസ്‌എസ്‌ എടുത്തിരുന്നത്‌. ഇക്കാര്യം ബി എൽ സന്തോഷുമായി പാലക്കാട്ടെ കൂടിക്കാഴ്‌ചയിൽ ആർഎസ്‌എസ്‌ വ്യക്തമാക്കിയിരുന്നു.  പ്രസിഡന്റായി സുരേന്ദ്രനെ നിയമിക്കുമെന്ന്‌ കേന്ദ്രനേതൃത്വം അറിയിച്ചപ്പോൾ എങ്ങനെ വേണമെങ്കിലും തീരുമാനിച്ചുകൊള്ളൂ എന്ന്‌ പറഞ്ഞ്‌ ആർഎസ്‌എസ്‌ കൈയൊഴിഞ്ഞു. വി മുരളീധരനെ എംപിയും മന്ത്രിയുമാക്കിയതും ആർഎസ്‌എസിനോട്‌ ആലോചിച്ചായിരുന്നില്ല.

മുരളീധരപക്ഷവും കൃഷ്‌ണദാസ്‌പക്ഷവും ഭിന്നത രൂക്ഷമായപ്പോൾ സമവായമായി കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കണമെന്ന നിർദേശം ആർഎസ്‌എസ്‌ മുന്നോട്ടുവച്ചെങ്കിലും കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. സംസ്ഥാന പ്രസിഡന്റാകാൻ കരുക്കൾ നീക്കിയിരുന്ന എ എൻ രാധാകൃഷ്‌ണൻ, എം ടി രമേശ്‌, ശോഭ സുരേന്ദ്രൻ തുടങ്ങിയവർക്ക്‌ ഏത്‌ സ്ഥാനങ്ങൾ നൽകുമെന്നതും സംഘപരിവാറിനെ അലട്ടുന്നു. സുരേന്ദ്രനുകീഴിൽ ഭാരവാഹികളായിരിക്കാൻ എ എൻ രാധാകൃഷ്‌ണനും എം ടി രമേശും തയ്യാറാകാൻ ഇടയില്ല.  ഭൂരിപക്ഷാഭിപ്രായത്തെ കേന്ദ്രനേതൃത്വം വളഞ്ഞ വഴിയിലൂടെ അട്ടിമറിച്ചുവെന്നാണ്‌ സുരേന്ദ്രനെ പ്രസിഡന്റാക്കിയതിനോട്‌ ഒരു നേതാവ്‌ പ്രതികരിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top